ഇബ്രാഹിമോവിചിനെ തിരികെയെത്തിക്കാന്‍ യുനൈറ്റഡ്

Posted on: August 12, 2017 9:12 am | Last updated: August 12, 2017 at 9:12 am

ലണ്ടന്‍: സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിചിനെ ടീമില്‍ തിരികെയെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ശ്രമം തുടങ്ങി. പരിശീലകന്‍ ഹൊസെ മൗറിഞ്ഞോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇബ്രാഹിമോവിചിനെ ടീമിലെടുക്കുന്നത് സംബന്ധിച്ച് സാധ്യതകള്‍ തേടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ചേര്‍ന്ന ഇബ്ര ക്ലബിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

28 ഗോളുകള്‍ നേടി ടോപ് സ്‌കോററായ താരത്തിന് യൂറോപ്പ ലീഗ് മത്സരത്തിനിടെ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് സീസണ്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്ലബുമായുണ്ടായിരുന്ന ഒരു വര്‍ഷത്തെ കരാര്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇബ്രയെ യുനൈറ്റഡ് വിടുതല്‍ ചെയ്തിരുന്നു. മറ്റുക്ലബുകളുമായി താരം ഇതുവരെ കരാറിലെത്തിയിട്ടുമില്ല. ഇബ്രാഹിമോവിചിന് പകരക്കാരനായി എവര്‍ട്ടണില്‍ നിന്ന് റൊമേലു ലുക്കാക്കുവിനെ യുനൈറ്റഡ് ടീമിലെത്തിച്ചിരുന്നു.
ഇറ്റാലിയന്‍ സിരിഎ ടീമായ എസി മിലാന്‍ ഇബ്രാഹിമോവിചിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദീര്‍ഘകാലമായി പി എസ ്ജിയിലായിരുന്ന താരം കഴിഞ്ഞ സീസണിലാണ് പ്രീമിയര്‍ ലീഗിലെത്തിയത്.