അടുത്ത തവണ സീറ്റുണ്ടാകില്ല; സഭയില്‍ നിന്ന് ‘മുങ്ങുന്ന’ ബിജെപി എംപിമാര്‍ക്ക് മോദിയുടെ മുന്നറിയിപ്പ്

Posted on: August 11, 2017 3:14 pm | Last updated: August 12, 2017 at 9:22 am

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് നടപടികളില്‍ പതിവായി ഹാജരാകാതിരിക്കുന്ന ബിജെപി എംപിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം എംപിമാര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പല്‍ സീറ്റുണ്ടാകില്ലെന്നും മോദി സൂചിപ്പിച്ചു. ബിജെപിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് മോദി എംപിമാര്‍ക്കെതിരെ രോഷംകൊണ്ടത്.

പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയുള്ളത് കൊണ്ടാണ് നമ്മളുണ്ടായത്. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും. പിന്നീട് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല- മോദി ഇങ്ങനെ പറഞ്ഞതായി ബിജെപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പിന്നാക്കവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്ല് പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ ബിജെപി എംപിമാര്‍ കൂട്ടത്തോടെ മുങ്ങിയതിനെ തുടര്‍ന്ന്് കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി പാസായത് സര്‍ക്കാറിന് നാണക്കേടായിരുന്നു. സംഭവത്തെ തുടര്‍ന്ന് സഭയില്‍ ഹാജരാകാതെ ‘മുങ്ങിയ’ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി ജെ പി എം പിമാരോട് അമിത് ഷാ വിശദീകരണം ആവശ്യപ്പെടുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു.