ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനത്തില്‍ കൂറ്റന്‍ പൈപ്പുകളെത്തിച്ച് കഹ്‌റമ

Posted on: August 11, 2017 3:11 pm | Last updated: August 11, 2017 at 3:11 pm

ദോഹ: ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്‌റമ) ഏറ്റവും വലിയ ജലസംഭരണിയിലേക്കുള്ള പൈപ്പുകള്‍ എത്തിച്ചത് ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനത്തില്‍. ഫ്രാന്‍സില്‍ നിന്നാണ് പൈപ്പുകള്‍ ഏറ്റവും വലിയ ചരക്കുവിമാനത്തിലെത്തിച്ചത്. രാജ്യത്തെ പ്രധാന പദ്ധതികളിലൊന്നായ ജലസംഭരണി നിര്‍മാണത്തിന്റെ പ്രാധാന്യവും മൂല്യവുമാണ് ഇത് കാണിക്കുന്നതെന്ന് കഹ്‌റമ ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ ജല ശൃംഖലയിലെ നഷ്ടം 4.4 ശതമാനം കുറക്കാന്‍ കഹ്‌റമക്ക് സാധിച്ചിട്ടുണ്ട്. ലോകത്തെ തന്നെ മികച്ച നിരക്കാണിത്. ഇനിയും മെച്ചപ്പെടുത്തുമെന്ന് കഹ്‌റമ അറിയിച്ചു. ഉത്പാദിപ്പിക്കുന്ന കുടിവെള്ളത്തില്‍ 25 ശതമാനമാണ് മിച്ചം വരുന്നത്. രാജ്യത്തെ ഉയര്‍ന്ന ജല ഉപയോഗത്തെ തുലനം ചെയ്താണ് ഈ കണക്ക്. നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതില്‍ ചിലത് പൂര്‍ത്തിയായെന്നും മറ്റു ചിലത് നിര്‍മാണത്തിലാണെന്നും കഹ്‌റമ അറിയിച്ചു. ഫിഫ ലോകകപ്പ് അടക്കമുള്ള പദ്ധതികള്‍ക്ക് വൈദ്യുതി നല്‍കുന്ന പ്രാഥമിക സബ്‌സ്റ്റേഷനുകള്‍ കഹ്‌റമ കമ്മീഷന്‍ ചെയ്തിരുന്നു.
സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ കമ്പനി (മനാതിഖ്), ഖത്വര്‍ റെയില്‍ പദ്ധതികള്‍, വലിയ വാണിജ്യ മാളുകള്‍ എന്നിവക്ക് വേണ്ടിയുള്ള വൈദ്യുതി ശൃംഖലകളുടെ വിപുലീകരണം അടക്കമുള്ള പന്ത്രണ്ടാം നമ്പര്‍ പദ്ധതി നടപ്പാക്കുന്നതിന് കഹ്‌റമ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്ന് എന്‍ജിനീയറിംഗ് വര്‍ക്‌സ് സെക്ഷന്‍ ചെയര്‍മാന്‍ റാശിദ് റഹിമി പറഞ്ഞു. അഞ്ച് പ്രധാന വൈദ്യുതി നിലയങ്ങളുടെ നിര്‍മാണം അടക്കമുള്ളതാണ് ഖത്വര്‍ റെയില്‍ പദ്ധതികള്‍. ഇവയില്‍ ആദ്യ നിലയം കഴിഞ്ഞ മാസം റാസ് അബു ഫുന്തസ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ദോഹ മെട്രോ പദ്ധതിക്ക് വൈദ്യുതി നല്‍കുന്നതാണ് ഈ നിലയം. ടെന്‍ഡര്‍ നല്‍കി 16 മാസത്തിനുള്ളിലാണ് റാസ് അബു ഫുന്തസിലെ നിലയം പൂര്‍ത്തിയാക്കിയത്.

2000- 2016 കാലയളവില്‍ വൈദ്യുതി പശ്ചാത്തല സൗകര്യ മേഖലയില്‍ കഹ്‌റമ ചെലവഴിച്ചത് 13 ബില്യന്‍ ഡോളര്‍ ആണ്. അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിന് അല്‍ ഹൈദാന്‍ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികളിലാണ് കഹ്‌റമ. 139 മില്യന്‍ ഖത്വര്‍ റിയാലാണ് ഇതിന് ചെലവ്. അല്‍ വക്‌റ സ്റ്റേഡിയത്തിന് വൈദ്യുതി നല്‍കാന്‍ 94 മില്യന്‍ ഖത്വര്‍ റിയാല്‍ ചെലവില്‍ അല്‍ വുകൈര്‍ സബസ്റ്റേഷനും നിര്‍മിക്കുന്നുണ്ട്. 217 മില്യന്‍ ഖത്വര്‍ റിയാല്‍ ചെലവില്‍ നിര്‍മിച്ച മിഹൈര്‍ജ സബ്‌സ്റ്റേഷന്‍ കഴിഞ്ഞ മെയില്‍ കഹ്‌റമ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതിയാണ് ഇവിടെ നിന്ന് വിതരണം ചെയ്യുക.