ഡോക്‌ലാമില്‍ നിന്ന് ഗ്രാമീണരോട് ഒഴിഞ്ഞുപോകാന്‍ സൈന്യത്തിന്റെ നിര്‍ദേശം

Posted on: August 10, 2017 5:03 pm | Last updated: August 10, 2017 at 7:58 pm

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമീണരോട് ഒഴിഞ്ഞുപോകാന്‍ സൈന്യത്തിന്റെ നിര്‍ദേശം. ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്‌ലാമിനോട് ചേര്‍ന്ന സ്ഥലങ്ങളാണിത്. നൂറോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ചൈനയുമായി യുദ്ധസാധ്യത നിലനില്‍ക്കുന്ന ഇവിടെ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് സൈന്യത്തിന്റെ നീക്കം. അതേസമയം അടിയന്തര സൈനിക നടപടിക്കുള്ള മുന്നൊരുക്കമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൈനീസ് മാധ്യമങ്ങള്‍ പ്രകോപനപരമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്തും നേരിടാന്‍ സജ്ജമായിരിക്കുവാനാണ് സൈന്യത്തിന്റെ തീരുമാനം. ഇവിടേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കാനും തുടങ്ങിയിട്ടുണ്ട്. വാര്‍ഷിക പരിശീലനത്തിന്റെ ഭാഗമായാണ് കൂടുതല്‍ സൈനികരെ ഇങ്ങോട്ട് അയക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.