രാഹുല്‍ ഗാന്ധി എസ്.പി.ജി സുരക്ഷ വേണ്ടെന്ന് വെച്ചത് എന്തിനെന്ന് രാജ്‌നാഥ് സിങ്

Posted on: August 8, 2017 2:50 pm | Last updated: August 8, 2017 at 9:30 pm

ന്യൂഡല്‍ഹി: കണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രോട്ടോകോള്‍ അനുസരിക്കാറില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ ആറ് വിദേശയാത്രകള്‍ നടത്തിയ രാഹുല്‍ എസ്.പി.ജി സുരക്ഷ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എസ്പി.ജിയെ കൂട്ടാതെ പോകുന്നതില്‍ രാഹുലിന് എന്താണ് ഒളിക്കാനുള്ളതെന്നും സിംഗ് ചോദിച്ചു. ഗുജറാത്തില്‍ രാഹുലിന്റെ വാഹനവ്യൂഹത്തിന് നേരെ കലേറുണ്ടായതിനെ കുറിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു സിംഗ്. ബുള്ളറ്റ് പ്രൂഫ് വാഹനമായിരുന്നില്ല ഗുജറാത്തില്‍ പോയപ്പോള്‍ രാഹുല്‍ ഉപയോഗിച്ചത്.

മാത്രമല്ല, എസ്.പി.ജിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും കൂട്ടാക്കിയില്ല. ആറ് തവണയായി 72 ദിവസം രാഹുല്‍ ഇന്ത്യയ്ക്ക് പുറത്തായിരുന്നു. അന്ന് എസ്.പി.ജി സുരക്ഷ വേണ്ടെന്ന് വച്ച രാഹുലാണ് എസ്.പി.ജി നിയമം ലംഘിക്കപ്പെട്ടെന്ന് പരിതപിക്കുന്നത് രാജനാഥ് പറഞ്ഞു. രാഹുലിന്റെ ഈ നടപടി നിയമത്തിന്റെ ലംഘനം മാത്രമല്ല, സുരക്ഷാ മാനദണ്ഡങ്ങളോടുള്ള കടുത്ത അവഗണനയുമാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസ് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.