കലോത്സവങ്ങളുടെ സമയമാറ്റം

Posted on: August 8, 2017 12:05 am | Last updated: August 8, 2017 at 12:05 am

പരിഗണനാര്‍ഹമാണ് സ്‌കൂള്‍ കലോത്സവ ദിവസങ്ങള്‍ മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. നിലവില്‍ ജനുവരി രണ്ടാം വാരം മുതലാണ് കലോത്സവങ്ങള്‍ നടത്തുന്നത്. അധ്യയന ദിവസങ്ങളിലെ കലോത്സവങ്ങള്‍ പഠനത്തെ ബാധിക്കുന്നതിനാല്‍ അതൊഴിവാക്കാനാണ് ക്രിസ്മസ് അവധിക്കാലത്ത് ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റാനുള്ള ആലോചന. ഇതനുസരിച്ചു ജില്ലാമേളകള്‍ ക്രിസ്മസ് പരീക്ഷക്ക് മുമ്പ് നടത്തും. സ്‌കൂള്‍ കലോത്സവ വേളകള്‍ അധ്യയന ദിവസമായാണ് കണക്കാക്കുന്നതെങ്കിലും വാര്‍ഷിക പരീക്ഷകളടുത്ത ഘട്ടമായിട്ടും ആ ദിവസങ്ങളില്‍ സാധാരണ ക്ലാസ് നടക്കുന്നില്ല. ഇതേതുടര്‍ന്ന് പല സ്‌കൂളുകളിലും പരീക്ഷ അടുത്തിട്ടും പാഠങ്ങള്‍ പൂര്‍ത്തിയാകാത്ത സ്ഥിതിയുണ്ടാകുകയും അധ്യാപകരും വിദ്യാര്‍ഥികളും പ്രയാസത്തിലാകുകയും ചെയ്യുന്നു. കലോത്സവം ഡിസംബറോടെ അവസാനിച്ചാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ പൂര്‍ണമായി അധ്യയനത്തിനായി വിനിയോഗിക്കാനാകും.

ഒരാഴ്ചയാണ് കലോത്സവമെങ്കിലും കുട്ടികളെ അതിന് സജ്ജമാക്കുന്നതിനും മറ്റുമായി വേറെയും പഠനദിനങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. കായിക മത്സരങ്ങളും പ്രവൃത്തിപരിചയമേളകളും തുടങ്ങി മറ്റു മത്സരങ്ങളും അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നു. ഹര്‍ത്താലുകള്‍, പ്രാദേശിക അവധികള്‍, പ്രതികൂല കാലാവസ്ഥ, സംഘര്‍ഷങ്ങള്‍ തുടങ്ങിയവയും അധ്യാപകരെ വേറെ ജോലികള്‍ക്ക് നിയോഗിക്കുന്നതും അധ്യയന ദിവസങ്ങള്‍ അപഹരിക്കുന്നു. ചില വര്‍ഷങ്ങളില്‍ അറുപതോളം പഠന ദിവസങ്ങള്‍ ഈ വിധം നഷ്ടമാകാറുണ്ട്. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമപ്രകാരം പരീക്ഷാ ദിവസങ്ങള്‍ക്ക് പുറമെ ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ 200 അധ്യയന ദിനങ്ങളും ആറ് മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ 220 അധ്യയന ദിനങ്ങളും വേണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആദ്യത്തില്‍ ഹൈക്കോടതി നടത്തിയ വിധിപ്രസ്താവത്തില്‍ വിദ്യാഭ്യാസാവകാശ നിയമപ്രകാരമുള്ള പഠന ദിനങ്ങള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചതുമാണ്. അധ്യയന വര്‍ഷങ്ങളില്‍ എല്ലാ ക്ലാസ്സുകളിലും 1000 മണിക്കൂര്‍ പഠനം ഉറപ്പാക്കണമെന്നും പഠന ദിവസങ്ങള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് വര്‍ഷാരംഭത്തില്‍ സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും പ്രത്യേകം ഉണര്‍ത്താറുമുണ്ട്.

അധ്യയന ദിനങ്ങളുടെ എണ്ണത്തില്‍ വരുന്ന കുറവില്‍ രക്ഷിതാക്കളും പൊതുസമൂഹവും അസംതൃപ്തരാണ്. വിദ്യാര്‍ഥി സമരം അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനായി സമരങ്ങളെ നേരിടാന്‍ പോലീസ് സഹായം തേടി അടുത്തിടെ പല സ്‌കൂളുകളിലെയും പ്രധാനഅധ്യാപരും അധ്യാപക രക്ഷാകര്‍തൃ സംഘടനകളും ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ഈ വര്‍ഷം ജൂണില്‍ പുതിയ ക്ലാസുകള്‍ ആരംഭിച്ച ശേഷം വിദ്യാര്‍ഥി സംഘടനകളുടെ സമരം മൂലം 12 അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടതായി ഹരജികളില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥി സമരങ്ങളെ നേരിടാന്‍ നിര്‍ദേശിക്കുന്ന കോടതിവിധികള്‍ നിലവിലുണ്ടെങ്കിലും നടപടികളുണ്ടാകാത്ത തിനാല്‍ അവയൊന്നും ഫലം കാണാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പഠന ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്ന സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

വിദ്യാര്‍ഥി സമരത്തിന്റെ പേരിലായാലും കലോത്സവത്തിന്റെ പേരിലായാലും അധ്യയന ദിനങ്ങള്‍ മുടങ്ങുന്നത് വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും നഷ്ടമാണ്. അതൊഴിവാക്കാനുള്ള ലക്ഷ്യത്തോടെ അവധി ദിനങ്ങള്‍ മേളദിനങ്ങളാക്കി മാറ്റുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തോട് അധ്യാപക സംഘടനകള്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ ആഘോഷ വേളകളായ അവധി വേളകള്‍ മേളദിനങ്ങളാക്കരുതെന്നും വിദ്യാര്‍ഥികളുടെ എല്ലാവിധ കഴിവുകളുടെയും വികാസമാണ് വിദ്യാഭ്യാസമെന്നതിനാല്‍ കലാ,കായിക രംഗങ്ങളിലെ വിദ്യാഭ്യാസ നൈസര്‍ഗിക വാസനകള്‍ പരിപോഷിപ്പിക്കുന്നതും മറ്റു പാഠ്യവിഷയങ്ങളുടെ പ്രാധാന്യത്തോടെ കാണണമെന്നുമാണ് അവരുടെ ന്യായീകരണം. കുട്ടികളുടെ നാനോന്മുഖ മേഖലകളിലെ വികസനം പ്രോത്സാഹിപ്പിക്കേണ്ടതാവശ്യമാണെന്നതില്‍ സന്ദേഹമില്ല. ഇതിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും കലാകായിക സാംസ്‌കാരിക പാര്‍ക്ക്, നീന്തല്‍ കുളം തുടങ്ങിയവ നിര്‍മിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ വിനോദ, കലാ പരിശീലനങ്ങള്‍ സിലബസനുസരിച്ചുള്ള വിദ്യാര്‍ഥികളുടെ പഠന പുരോഗതിയെ ബാധിച്ചു കൂടാ. സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠനനിലവാരം പോരെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. പഠന ദിവസങ്ങളുടെ എണ്ണം നഷ്ടമാകുന്നത് പരമാവധി ഒഴിവാക്കുകയാണ്. ഇതിനൊരു പരിഹാരം. ഈ ലക്ഷ്യത്തില്‍ വിദ്യാലയങ്ങളിലെ പഠന ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താനും സഹായകമായ വിദ്യാഭ്യസ വകുപ്പിന്റെ പദ്ധതികളോട് അനുകൂലമായ നിലപാടാണ് അധ്യാപക സമൂഹത്തില്‍ നിന്നുണ്ടാകേണ്ടത്. മറിച്ചുള്ള നിലപാടുകള്‍ അവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നതാകും.