ഡോ. രാജീവ് കുമാര്‍ നീതി ആയോഗ് വൈസ് ചെയര്‍മാന്‍

Posted on: August 5, 2017 10:28 pm | Last updated: August 5, 2017 at 10:28 pm

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാനായി സാമ്പത്തിക വിദഗ്ധന്‍ ഡോ. രാജീവ് കുമാറിനെ നിയമിച്ചു. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ (സിപിആര്‍) മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. ഡോ. വിനോദ് പോളിനെ നീതി ആയോഗ് അംഗമായും നിയിമിച്ചിട്ടുണ്ട്.

അരവിന്ദ് പനഗാരിയ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് രാജീവ് കുമാറിന്റെ നിയമനം. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രൊഫസറായിരുന്നു 62 കാരനായ അരവിന്ദ് പനഗാരിയ. ഇന്‍ഡോഅമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പനഗാരിയയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താത്പര്യമെടുത്താണ് ഇന്ത്യയിലെത്തിച്ചത്.

കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ എന്ന നീതി ആയോഗ് രൂപവത്കരിച്ചത്. 2015 ജനുവരിയിലാണ് അരവിന്ദ് പനഗാരിയയെ നീതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷനായി നിയമിക്കുന്നത്. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയര്‍മാന്‍.