കാഴ്ച വൈകല്യമുള്ളവര്‍ക്കും ഖത്വര്‍ ലോകകപ്പ് ‘കാണാനാകും’

Posted on: August 5, 2017 1:58 pm | Last updated: August 5, 2017 at 1:31 pm
ക്യു എസ് സി സി ബി ഓഫീസില്‍ നടന്ന കാഴ്ച വൈകല്യമുള്ളവര്‍ക്കായി
സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്തവര്‍

ദോഹ: ഖത്വര്‍ ആതിഥേയത്വം വഹിക്കുന്ന 2022ലെ ലോകകപ്പ് കാഴ്ചവൈകല്യമുള്ളവര്‍ക്കും മറ്റുള്ളവരെ പോലെ തന്നെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ സൗകര്യങ്ങളൊരുക്കാന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി). കാഴ്ചാവൈകല്യമുള്ളവര്‍ക്കായി സുപ്രീം കമ്മിറ്റി അടുത്തിടെ അക്‌സസബിലിറ്റി ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. 2022 ലോകകപ്പില്‍ കാഴ്ചാവൈകല്യം ഉള്‍പ്പടെ അംഗപരിമിതരായ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് മികച്ച രീതിയില്‍ മത്സരങ്ങള്‍ ആസ്വദിക്കാനായി ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ചും നൂതനക്രമീകരണങ്ങളെക്കുറിച്ചും 2022 ലോകകപ്പ് ഫുട്‌ബോളിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി അധികൃതര്‍ ഈ യോഗത്തില്‍ വിശദീകരിച്ചു.

ഖത്വര്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ഫോര്‍ ദ ബ്ലൈന്‍ഡ് (ക്യു എസ് സി സി ബി)യിലെ അംഗങ്ങള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. ക്യു എസ് സി സി ബി ഓഫീസില്‍ നടന്ന ശില്‍പ്പശാലക്ക് സുപ്രീം കമ്മറ്റിയുടെ കമ്യൂനിറ്റി എന്‍ഗേജ്‌മെന്റ് വിഷന്‍ ചുക്കാന്‍ പിടിച്ചു. സുപ്രീം കമ്മിറ്റിയുടെ അക്‌സസബിലിറ്റി ഫോറത്തിന്റെ ഭാഗമായി കൂടിയായിരുന്നു ശില്‍പ്പശാല സംഘടിപ്പിച്ചത്.
കാഴ്ചവൈകല്യമുള്ളവരേയും മറ്റ് അവശത അനുഭവിക്കുന്നവരേയും ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമാക്കിയെന്ന് ഉറപ്പാക്കുമെന്ന് സുപ്രീം കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. ഈ ലക്ഷ്യം നിറവേറ്റാന്‍ ഇത്തരം ശില്‍പ്പശാലകള്‍ സഹായിക്കുന്നുണ്ടെന്ന് കമ്യൂനിറ്റി എന്‍ഗേജ്‌മെന്റ് മാനേജര്‍ ഖാലിദ് അല്‍ ജുമൈലി പറഞ്ഞു.

സ്റ്റേഡിയം, ഹോട്ടലുകള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങി ടൂര്‍ണമെന്റിന്റെ എല്ലാ മേഖലകളിലും ഓരോ വ്യക്തികയുടെയും സാന്നിധ്യം ഉറപ്പാക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂര്‍വ മേഖലയിലെ ആദ്യ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് സമൂഹത്തിലെ എല്ലാ വിഭാഗത്തിനും മികച്ച അനുഭവം നല്‍കുന്ന ഒന്നാണെന്ന് ഉറപ്പാക്കും. കാഴ്ച വൈകല്യമുള്ളവര്‍, അംഗപരിമിതിയുള്ളവര്‍ തുടങ്ങി പ്രത്യേക പരിചരണം ആവശ്യള്ളവര്‍ക്കും ടൂര്‍ണമെന്റിന്റെ മുന്‍നിരയില്‍ തന്നെ മികച്ച പങ്ക് വഹിക്കാനാകുമെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പരിപാടികള്‍. രാജ്യത്തെ കാഴ്ചവൈകല്യമുള്ള സമൂഹത്തിന്റെയും സാധാരണ സമൂഹത്തിന്റെയും ഇടയിലുള്ള ബന്ധം ശക്തമാക്കുകയാണ് ക്യു എസ് സി സി ബി പോലുള്ള സംഘടനകളുടെ ലക്ഷ്യം. സുപ്രീം കമ്മിറ്റിയുടെ പങ്കാളികളിലൊന്നു കൂടിയാണ് ഈ എന്‍ ജി ഒ. ക്യു എസ് സി സി ബിയിലെ മുപ്പതോളം അംഗങ്ങളാണ് പങ്കെടുത്തത്. ലോകകപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ച് സുപ്രീം കമ്മിറ്റി ഉദ്യോഗസ്ഥരോട്് ചോദിച്ചറിഞ്ഞ അവര്‍ സംശയനിവാരണവും നടത്തി.

കാഴ്ച വൈകല്യമുള്ളവര്‍ക്ക് മികച്ച ആസ്വാദനാനുഭവം ലോകകപ്പില്‍ ഒരുക്കുന്നതിനായി വിവിധ തലത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കാഴ്ചക്കാര്‍ എന്നതിനു പുറമെ ആസൂത്രകരായും വൊളന്റിയര്‍മാരായും കാഴ്ചാവൈകല്യമുള്ളവര്‍ ഉള്‍പ്പടെയുള്ള അംഗപരിമിതരെ ഉള്‍പ്പെടുത്തും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ മനോഹരമായ ടൂര്‍ണമെന്റായിരിക്കും 2022 ലോകകപ്പിലേതെന്ന് ക്യു എസ് സി സി ബി ജനറല്‍ സെക്രട്ടറി മോന അല്‍ കുവാരി പറഞ്ഞു. ഫിഫ ലോകകപ്പിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ആഴത്തില്‍ മനസിലാക്കാന്‍ ശില്‍പ്പശാല സഹായകമായതായും അവര്‍ കൂട്ടിച്ചേര്‍ത്തു.