Connect with us

Editorial

മരണക്കളി നമ്മുടെ വീടുകളിലും?

Published

|

Last Updated

ആഗോള സമൂഹത്തിന്റെ പേടിസ്വപ്‌നമായി മാറിയ ബ്ലൂവെയില്‍ (നീലതിമിംഗലം) ഗെയിം എന്ന പേരിലറിയപ്പെടുന്ന ആത്മഹത്യാ ഗെയിം കേരളത്തില്‍ ഇതിനകം 20000ത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് വെളിപ്പെടുത്തല്‍. കളിയിലേര്‍പ്പെട്ടവരെ അവസാനം ആത്മഹത്യയിലേക്ക് നയിക്കുന്ന അത്യന്തം അപകടകരമായ ഈ കളിയുടെ ഉത്ഭവം 2014ല്‍ റഷ്യയിലാണ്. ഇതില്‍ ആകൃഷ്ടരാകുന്ന കുട്ടികള്‍ അവസാനം എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥയിലെത്തിച്ചേരുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാലക്കാട്ട് നാല് കുട്ടികള്‍ വീട്ടുകാരറിയാതെ ചാവക്കാട് കടപ്പുറത്ത് എത്തിയത് ഈ ഗെയിമിന് അടിപ്പെട്ട് ആത്മഹത്യ ചെയ്യാനാണെന്നാണ് പോലീസ് നിഗമനം. രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്ന കുട്ടികളെ സസൂക്ഷ്മം നിരീക്ഷിക്കാനും ജാഗരൂകരാകാനും സംസ്ഥാന പോലീസ് രക്ഷിതാക്കളോട് ആവശ്യപ്പെടുന്നു.

50 ഘട്ടങ്ങളുള്ള ഈ കളിയുടെ ആദ്യഭാഗങ്ങളില്‍ പേടിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണത്രെ ആവശ്യപ്പെടുന്നത്. ശരീരം മുറിച്ചു രക്തം വരുന്ന രംഗങ്ങള്‍ അപ്‌ലോഡ് ചെയ്തു വേണമത്രെ കളി ആരംഭിക്കാന്‍. എങ്കില്‍ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ഇത്തരത്തില്‍ മുറിവേല്‍പ്പിച്ച കുട്ടികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ കാണാം. ഗെയിം അവസാന ഘട്ടത്തിലെത്തുമ്പോള്‍ മത്സരാര്‍ഥിയെ ജീവത്യാഗത്തിന് വെല്ലുവിളിക്കുന്നു. വിവിധ രാജ്യങ്ങളിലായി ആത്മഹത്യ ചെയ്തവരുടെ എണ്ണം 500-ലേറെ വരും. നൂറ്റിമുപ്പതോളം കൗമാരക്കാരാണ് ബ്ലൂ വെയില്‍ ഗെയിമിന്റെ ഇരകളായി റഷ്യയില്‍ മാത്രം ജീവിതം അവസാനിപ്പിച്ചത്. ഒരു തവണ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ വ്യക്തിയുടെ എല്ലാ നീക്കങ്ങളും രഹസ്യമായി ഗെയിം നിര്‍മാതാക്കള്‍ ചോര്‍ത്തുന്നുണ്ടെന്നും പറയപ്പെടുന്നു. കൗമാരക്കാരെ അപായപ്പെടുത്തുന്ന ഈ ഗെയിമിനെതിരെ രാജ്യാന്തരതലത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പല രാജ്യങ്ങളും ഗെയിം നിരോധിച്ചിട്ടുണ്ട്.
ഇന്ത്യയിലുമുണ്ട് ഇതിന്റെ ഇരകള്‍. മുംബൈ അന്ധേരിയില്‍ 14 വയസുകാരന്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി മരിച്ച സംഭവത്തില്‍ ബ്ലൂവെയില്‍ ഗെയിമിന് ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. ഇന്ത്യന്‍ ശരാശരിയേക്കാള്‍ മുന്നിലാണ് കേരളത്തിലെ ഓണ്‍ലൈന്‍, സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ തോത്. ജനസംഖ്യയേക്കാള്‍ കൂടുതല്‍ വരും സംസ്ഥാനത്തെ സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം. കൗമാര പ്രായക്കാരില്‍ തന്നെ ബഹുഭൂരിപക്ഷത്തിനും ഗെയിം കളിക്കുന്നതിന് സ്വന്തമായി മൊബൈലോ ടാബോ ഉണ്ട്. അപകടകരമായ സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുന്നവരാവരില്‍ നല്ലൊരു വിഭാഗം കേരളീയ സമൂഹത്തിലുണ്ടെന്ന് സൈബര്‍ വിദഗ്ധരും സൈക്കോളജിസ്റ്റുകളും ഓര്‍മപ്പെടുത്തുന്നു. ആത്മഹത്യയെക്കുറിച്ചു മാത്രം സൈറ്റില്‍ പരതുന്നവരുണ്ട്. ടീനേജ് പ്രായക്കാരാണ് ഇവരിലേറെയും. വരുംവരായ്കകള്‍ ചിന്തിക്കാതെ സാഹസികതയില്‍ ആകൃഷ്ടരാകുന്നവരാണ് കൗമാരപ്രായക്കാര്‍ പൊതുവെ. സാഹസിക ഗെയിമുകളില്‍ ഇവര്‍ പെട്ടെന്ന് ആകൃഷ്ടരാകുന്നു. ഉറക്കക്കുറവ്, സ്മാര്‍ട്ട് ഫോണ്‍ എപ്പോഴും കൂടെ കൊണ്ടുനടക്കുക, രാത്രി വൈകി ഓണ്‍ലൈനില്‍ തുടരുക, രക്ഷിതാക്കളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മറച്ചു വെക്കുക തുടങ്ങിയ സ്വഭാവം കാണിക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ലോകത്ത് മാത്രം ഒതുങ്ങിക്കൂടുന്ന കുട്ടികളില്‍ അപകടകരമായ ഗെയിമുകള്‍ക്ക് വേഗത്തില്‍ സ്വാധീനം ചെലുത്താനാകും.

ആത്മഹത്യാ ഗെയിം മാത്രമല്ല, ഓണ്‍ലൈന്‍ ഗെയിമുകള്‍ പൊതുവെ തന്നെ കുട്ടികള്‍ക്ക് ഗുണകരമല്ല. ഇവയില്‍ കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്വഭാവ വൈകല്യത്തിന് കാരണമാകുമെന്നാണ് പഠനം. ഇത്തരം കുട്ടികളില്‍ ദേഷ്യവും ആക്രമണ സ്വഭാവവും കൂടുതലായികണ്ടുവരുന്നു. എതിരാളിയെ വെടിവെച്ചു കൊല്ലുക, കാര്‍റൈസിംഗിലൂടെ എതിരെ വരുന്ന കാറുകളെ കനാലിലേക്ക് ചാടിക്കുക തുടങ്ങി കളികളില്‍ ഏര്‍പ്പെടുന്നവരില്‍ ആക്രമണത്വര ജനിപ്പിക്കുന്നതാണ് ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഏറെയും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കൗമാരക്കാരില്‍ അക്രമോത്സുകത പ്രകടമാകുന്ന കുറ്റകൃത്യങ്ങള്‍ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നതിന്റ പ്രധാന കാരണങ്ങളിലൊന്ന് അക്രമ സ്വഭാവമു ണ്ടാക്കുന്ന ഗെയിമുകളാണ്. ലൈംഗിക വൈകൃതങ്ങള്‍ പ്രചരിപ്പിക്കുകയും നമ്മുടെ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത ചിന്തകളുടെ ഉടമയാക്കി കുട്ടികളെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഗെയിമുകളുമുണ്ട്. കുട്ടികള്‍ കളിക്കുന്ന ഗെയിമുകളുടെ പേരുകള്‍പോലും 90 ശതമാനം രക്ഷിതാക്കള്‍ക്കും അറിയില്ല. നെറ്റ്‌വര്‍ക്ക് ഗെയിമുകള്‍ക്ക് അഡിക്റ്റായ കുട്ടികളെ ഉപദേശത്തിലൂടെ പിന്തിരിപ്പിക്കുകയോ, ഫലപ്പെടുന്നില്ലെങ്കില്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയോ ചെയ്യണം. ഫോണുകള്‍ ഉപയോഗിച്ചു ശീലിച്ചുകഴിഞ്ഞ കുട്ടികള്‍ക്ക് പെട്ടെന്ന് ഫോണ്‍ നിരോധം ഏര്‍പ്പെടുത്തുന്നത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തുടര്‍ന്നും അവര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം കൂടുതല്‍ അടുപ്പവും സൗഹൃദവും പുലര്‍ത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് വേണ്ടത്. മാതാപിതാക്കളുടെ ശ്രദ്ധയും സ്‌നേഹവും ലഭിക്കാത്ത കുട്ടികളാണ് ഇത്തരം കാര്യങ്ങള്‍ക്ക് അടിപ്പെടുന്നതെന്ന കാര്യം രക്ഷിതാക്കള്‍ പ്രത്യേകം ഓര്‍ക്കുകയും തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുട്ടികളുമായി കൂടുതല്‍ സഹവസിക്കാനുള്ള സമയം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.

---- facebook comment plugin here -----

Latest