Connect with us

Editorial

റെയ്ഡ് രാഷ്ട്രീയ ആയുധമാക്കരുത്

Published

|

Last Updated

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ഊര്‍ജ മന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ബുധനാഴ്ച നടന്ന റെയ്ഡ് വിവാദമായിരിക്കുകയാണ്. രാജ്യസഭാ സീറ്റ് വിജയത്തിനായി ബി ജെ പി കുതിരക്കച്ചവടം നടത്തുന്ന ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍ എമാരെ കര്‍ണാടകയിലേക്ക് മാറ്റാന്‍ മുന്‍കൈയെടുത്തതിന് പ്രതികാരമായാണ് റെയ്‌ഡെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കര്‍ണാടകയില്‍ ശിവകുമാറാണ് ഇതിന് എല്ലാ സഹായവും നല്‍കിയത്. അദ്ദേഹത്തിന്റെ സഹോദരന്റെ ബംഗളൂരുവിലുള്ള റിസോര്‍ട്ടിലാണ് എം എല്‍ എമാര്‍ താമസിക്കുന്നതും. അതിനിടെയാണ് ശിവകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ കേന്ദ്രനിര്‍ദേശ പ്രകാരം ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അഞ്ചു കോടി പിടിച്ചെടുത്തതായി അറിയിക്കുകയും ചെയ്തത്. ആദായ നികുതി വകുപ്പിലെ 120 ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍, ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി ശിവകുമാറിനെതിരെ നടക്കുന്ന അന്വേഷണത്തിലെ തെളിവ് ശേഖരണത്തിനായാണ് റെയ്‌ഡെന്നുമാണ് ആദായ നികുതി വകുപ്പ് മന്ത്രിയുടെ വിശദീകരണം.

ഗുജറാത്തില്‍ ഈ മാസം എട്ടിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അമിത്ഷായും സ്മൃതി ഇറാനിയും അടുത്തിടെ കോണ്‍ഗ്രസ് വിട്ട എം എല്‍ എ ബല്‍വന്ത് സിംഗ് രാജ്പുത്തിനെയുമാണ് ബി ജെ പി സ്ഥാനാര്‍ഥികള്‍. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണ് ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഷായുടെയും സ്മൃതിയുടെയും വിജയം ഉറപ്പാണ്. ഏതാനും കോണ്‍ഗ്രസ് എം എല്‍ എമാരെ കൂടി സ്വാധീനിച്ചാല്‍ ബല്‍വന്ത് സിംഗ് രാജ്പുത്തിനെയും വിജയിപ്പിക്കാനാകുമെന്ന് മാത്രമല്ല, പട്ടേലിന്റെ തോല്‍വിയിലൂടെ കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിക്കാനുമാകുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍.

47 എം എല്‍ എമാരുടെ പിന്തുണയുണ്ടെങ്കിലേ അഹമ്മദ് പട്ടേലിന് വിജയിക്കാനാവുകയുള്ളൂ. 182അംഗ നിയമസഭയില്‍ നേരത്തെ 57 ആയിരുന്നു കോണ്‍ഗ്രസിന്റെ അംഗബലം. ബി ജെ പിയുടെ സ്വാധീനവലയത്തില്‍ പെട്ടു ശങ്കര്‍ സിംഗ് വഗേലയും അദ്ദേഹവുമായി അടുപ്പമുള്ള ആറ് പേരും പാര്‍ട്ടി വിട്ടതോടെ അത് 50 ആയി ചുരുങ്ങി. വാഗ്ദാനങ്ങള്‍ നല്‍കി അവശേഷിക്കുന്ന കോണ്‍ഗ്രസ് എം എല്‍ എ മാരില്‍ ചിലരെ കൂടി ബി ജെ പി ചാക്കിടാനായി രംഗത്തിറങ്ങിയതോടെ കൂറുമാറ്റം ഭയന്നാണ് അവശേഷിക്കുന്ന എം എല്‍ എമാരെ ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയിലേക്ക് പാര്‍ട്ടി കടത്തിയത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മറിക്കാനായി കോണ്‍ഗ്രസിന്റെ 22 എം എല്‍ എമാര്‍ക്കു ബി ജെ പി കോടികള്‍ വാഗ്ദാനം ചെയ്തുവെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
ഗുജറാത്തില്‍ രാഷ്ട്രീയമായി ബി ജെ പിക്ക് വേറെയും അത് നേട്ടങ്ങളുണ്ടാക്കും. സംസ്ഥാനത്ത് ആനന്ദി ബെന്‍ പട്ടേലിന്റെ ബി ജെ പി സര്‍ക്കാര്‍ പരാജയമാണ്. രണ്ട് വര്‍ഷം മുമ്പ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടത് ഇതിന്റെ പ്രതിഫലനമായിരുന്നു. ഉനയിലെ ദളിത് പ്രക്ഷോഭങ്ങളും പട്ടേല്‍ സമരത്തിലെ ജനപങ്കാളിത്തവും സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം പ്രകടമാക്കി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചു കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പാര്‍ട്ടി നടത്തിയ ഗൗരവ് വികാസ് യാത്രക്ക് നേരെ വനിതാ വോട്ടര്‍മാര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ ബി ജെ പിക്ക് വലിയ നാണക്കേടാകുകയും ചെയ്തു. യാത്രക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ക്ക് നേരെ ചീമുട്ടയെറിഞ്ഞും സ്റ്റീല്‍ പാത്രങ്ങളും ചപ്പാത്തി പരത്തുന്ന ദണ്ഡുമായി വന്നു ശബ്ദകോലാഹലങ്ങളുണ്ടാക്കിയുമായിരുന്നു വനിതകള്‍ പ്രതിഷേധിച്ചത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതാവിനെ തോല്‍പ്പിച്ചാല്‍ അത് രാഷ്ട്രീയ നേട്ടമാകുമെന്ന് അവര്‍ കരുതുന്നു.
അനധികൃതമായി സ്വത്തുസമ്പാദിച്ചവരും കള്ളപ്പണക്കാരും നിയമവിധേയമല്ലാത്ത ബിസിനസുകാരും രാജ്യത്ത് എമ്പാടുമുണ്ട്. അവര്‍ക്ക് നേരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഈയടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി ജെ പി നേതാക്കളുടെ സ്ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമായി നിരവധി കള്ളനോട്ടുകളും നോട്ടുകളടിക്കുന്ന മെഷീനുകള്‍ വേറെയും പിടിച്ചെടുക്കുകയുണ്ടായി. എന്നാല്‍, ഇവര്‍ക്ക് നേരെയൊന്നും കേന്ദ്ര ആദായ വകുപ്പോ, എന്‍ഫോഴ്‌സ്‌മെന്റോ വിരലനക്കുക പോലുമുണ്ടായിട്ടില്ല. ഗുജറാത്തില്‍ ബി ജെ പി ആസൂത്രണം ചെയ്ത രാഷ്ട്രീയ കുതിരക്കച്ചവടം പരാജയപ്പെടുന്നുവെന്ന് ബോധ്യമായപ്പോഴാണ് പൊടുന്നനെ ഡി കെ ശിവകുമാറിന് നേരെ കേന്ദ്ര ആദായ വകുപ്പ് പാഞ്ഞടുത്തത്. 2015 ഡിസംബറില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസിലും കഴിഞ്ഞ ഡിസംബറില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും അടുത്തിടെ എന്‍ ഡി ടി വി മേധാവികളായ പ്രണോയ് റോയിയുടെയും പത്‌നി രാധികാ റോയിയുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളെ അനുസ്മരിപ്പിക്കുന്ന പകപോക്കല്‍ റെയ്ഡാണ് ഇതെന്ന് സാഹചര്യങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാകുന്നുണ്ട്. സത്യസന്ധമായും നിഷ്പക്ഷമായും പ്രയോഗിക്കേണ്ട നിയമസംവിധാനങ്ങളെ സങ്കുചിതമായ പാര്‍ട്ടി താത്പര്യങ്ങള്‍ക്കും പകപോക്കലിനും ഉപയോഗപ്പെടുത്തുന്നത് നഗ്നമായ അധികാര ദുര്‍വിനിയോഗവും തരംതാണ രാഷ്ട്രീയക്കളിയുമാണ്.

Latest