Connect with us

Gulf

ഡ്രൈവിംഗ് ലൈസന്‍സ്; തൊഴിലുടമയുടെ അനുമതി പത്രം ഇനി ഓണ്‍ലൈനില്‍

Published

|

Last Updated

ദുബൈ: ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിന് ജീവനക്കാര്‍ക്കുള്ള തൊഴിലുടമയുടെ അനുമതിപത്രം നേടിയെടുക്കുന്ന നടപടി അധികൃതര്‍ സ്മാര്‍ടാക്കുന്നു. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം തൊഴിലുടമകള്‍ക്കായി ഏര്‍പെടുത്തി.

പുതിയ സംവിധാനം അനുസരിച്ച് മൂന്ന് നിമിഷങ്ങള്‍ക്കകം അനുമതിപത്രം നല്‍കാന്‍ കഴിയും. നിലവിലുള്ള പേപ്പര്‍ അനുമതിപത്രം നിര്‍ത്തലാക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. പുതിയ സംവിധാനം അപേക്ഷകരുടെ സമയം ലാഭിക്കും. പേപ്പര്‍ അപേക്ഷകള്‍ക്ക് മാറ്റംവരുത്തുന്നതോടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ നടപടികള്‍ക്ക് വേഗതയേകുമെന്ന് ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സിക്ക് കീഴിലെ ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ ജമാല്‍ അസ്സആദ പറഞ്ഞു. ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ അനുമതി പത്രങ്ങള്‍ നല്‍കുന്നതിന് തൊഴിലുടമകള്‍ ആര്‍ ടി എ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

പുതുക്കിയ ഗതാഗത നിയമങ്ങളനുസരിച്ചു 21 വയസിന് മുകളിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും രണ്ട് വര്‍ഷത്തേക്കാണ് ലൈസന്‍സ് അനുവദിക്കുക.
സ്വദേശികളും ഗള്‍ഫ് രാഷ്ട്രങ്ങളിലെ പൗരന്മാരും കാലാവധി പൂര്‍ത്തീകരിച്ചു പുതുക്കുമ്പോള്‍ വീണ്ടും 10 വര്‍ഷത്തേക്കും മറ്റ് രാജ്യക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്കുമാണ് ലൈസന്‍സ് പുതുക്കി നല്‍കുക. 18 വയസ് പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ ലൈസന്‍സ് കരസ്ഥമാക്കിയവര്‍ 21 വയസാകുന്നത് വരെ ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണം.

 

Latest