Connect with us

Articles

കണ്ണൂരല്ല, മുസാഫര്‍നഗറാണ് ഭീകരം

Published

|

Last Updated

തിരുവനന്തപുരത്തെ കണ്ണൂരാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഉയരുന്ന വിലാപങ്ങളില്‍ ഒന്ന്. കേരളത്തെയാകെ കണ്ണൂരാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന വിലാപവും ഉയരുന്നുണ്ട്. ഭരണ മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മും കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന ബി ജെ പിയും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘുമാണ് (ആര്‍ എസ് എസ്) ഈ ശ്രമം നടത്തുന്നത് എന്നതില്‍ രണ്ടുതരം വിലാപക്കാര്‍ക്കും ശങ്കയേതുമില്ല. ഏതാനും ദിവസങ്ങളായി തിരുവനന്തപുരത്ത് അരങ്ങേറുന്ന സംഭവങ്ങള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും തോന്നുന്ന കാര്യം.
സി പി എം പ്രവര്‍ത്തകനും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറുമായ വ്യക്തിയുടെ വീട് ആക്രമിക്കപ്പെടുന്നു, അതിന് പിന്നില്‍ ബി ജെ പി – ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന ആരോപണം ഉയരുന്നു. ഇതിന് പിറകെ ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ആക്രമണമുണ്ടാകുന്നു. അതും ബി ജെ പിയുടെ “സമാദരണീയ”നായ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരിക്കെ. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ (രാജ്യസ്‌നേഹത്തിന്റെ ഭാഷയില്‍ വഞ്ചന മാത്രം) ഉയരുകയും കുമ്മനം രാജശേഖരന്‍ “അസുഖ” ബാധിതനായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുകയും ചെയ്തതായിരുന്നു എന്ന് വേണമെങ്കില്‍ എതിരാളികള്‍ക്ക് പറയാം. എന്തായാലും “നയചാതുരി”യോടെ ബി ജെ പിയെ നയിക്കുകയും മുമ്പില്ലാത്ത “കരുത്ത്” നേടിക്കൊടുക്കുകയും ചെയ്ത സംസ്ഥാന പ്രസിഡന്റിനെ വധിക്കാനായിരുന്നു അക്രമിയുടെ ശ്രമമെന്ന പാര്‍ട്ടി നേതാക്കളുടെ അതിശയോക്തിക്ക് അവസരമുണ്ടായി. പഴയതും പുതിയതുമായ അഴിമതി (വഞ്ചന) ആരോപണങ്ങളാല്‍ തളര്‍ന്നിരുന്ന, പ്രതിരോധിക്കാന്‍ വഴികാണാതിരുന്ന ബി ജെ പിയുടെ സംസ്ഥാന ഘടകത്തിന് ഇത് കച്ചിത്തുരുമ്പായി. ആ കച്ചിത്തുരുമ്പ് ഒരുക്കിക്കൊടുക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ സി പി എം വഴിയാകുകയും ചെയ്തു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേര്‍ക്കുമുണ്ടായി ആക്രമണം.

ഇതിന് പിറകെയാണ് ആര്‍ എസ് എസ്സിന്റെ ശ്രീകാര്യം ശാഖാ കാര്യവാഹകായിരുന്ന രാജേഷ് കൊലചെയ്യപ്പെടുന്നത്. അസഹ്യമായ ക്രൂരതയോടെ നടപ്പാക്കപ്പെട്ട കൊല. കേരളം പലകുറി കാണുകയും ആവര്‍ത്തിക്കപ്പെടരുത് എന്ന് പൊതുവില്‍ ആഗ്രഹിക്കുകയും ചെയ്ത ഒന്ന്. കാരണം രാഷ്ട്രീയമാണോ അല്ലയോ എന്നത് രണ്ടാമതേ വരുന്നുള്ളൂ, ഒരു ജീവന്‍ തെരുവില്‍ വെട്ടിനുറുക്കപ്പെട്ടുവെന്നതാണ് ആദ്യം. അതിന് പിന്നില്‍ പ്രവര്‍ത്തച്ചവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയുമാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിറവേറ്റപ്പെടുമ്പോള്‍ മാത്രമേ ഭരണാധികാരികളില്‍ ജനത്തിന് വിശ്വാസമുണ്ടാകൂ, ആ വിശ്വാസം ജനിപ്പിക്കുന്നതില്‍, കക്ഷിഭേദമില്ലാതെ, ഭരണാധികാരികള്‍ പരാജയപ്പെട്ട കാഴ്ച മാത്രമേ തത്കാലമുള്ളൂ.

തലസ്ഥാനനഗരിയില്‍ തുടര്‍ന്ന അക്രമങ്ങള്‍, അതിന് പിറകെയുണ്ടായ കൊലപാതകം, അതിന്റെ അനുരണനങ്ങളെന്നോണം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അതിക്രമങ്ങള്‍ ഒക്കെയാണ് തിരുവനന്തപുരത്തെ കണ്ണൂരാക്കി മാറ്റാന്‍, കേരളത്തെയാകെ കണ്ണൂരാക്കി മാറ്റാന്‍ ശ്രമം എന്ന വിലാപത്തിന് അവസരമുണ്ടാക്കിയത്. ക്രമസമാധാന നില ആകെ വഷളായെന്ന പ്രതീതി ജനിപ്പിക്കും വിധത്തില്‍ മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും വിളിച്ചുവരുത്തി വിശദീകരണം തേടാനും വിളിച്ചുവരുത്തിയെന്ന് ജനത്തെ അറിയിക്കും വിധത്തില്‍ വാര്‍ത്താക്കുറിപ്പിറക്കാനും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തയ്യാറാകുക കൂടി ചെയ്തത് ഈ വിലാപത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

കേരളത്തെ കണ്ണൂരാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വിലപിക്കുന്നവര്‍ കാണാതെ പോകുന്ന മറ്റു ചിലതുണ്ട്. കേരളത്തെ മീററ്റോ ഭഗല്‍പൂരോ അഹമ്മദാബാദോ മുസഫര്‍നഗറോ ആക്കി മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ. കണ്ടവര്‍ പോലും കണ്ടില്ലെന്ന് നടിക്കുന്നുണ്ടോ എന്നും സംശയിക്കണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് ജില്ലയിലെ പഴയചൂരിയില്‍ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ ഏതാനും പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. നിഷ്‌കളങ്കനും നിസ്സഹായനുമായ മദ്രസാധ്യാപകനെ അദ്ദേഹം ഉറങ്ങിക്കിടന്ന, പള്ളിയോടുചേര്‍ന്നുള്ള മുറിയില്‍ കയറി വെട്ടിക്കൊന്നത്, പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു. കേസില്‍ അറസ്റ്റിലായത് മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഏക ലക്ഷ്യത്തോടെയായിരുന്നു ഈ ആക്രമണമെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉയര്‍ന്ന തലങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ ഫലമാണോ ഇതെന്നത് വ്യക്തമല്ല. അതിലേക്ക് പൊലീസ് അന്വേഷണം നീണ്ടിരുന്നോ എന്നതിലും സംശയമുണ്ട്. എന്തായാലും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു നിസ്സഹായനെ കൊലക്കത്തിക്ക് ഇരയാക്കാന്‍ പാകത്തില്‍ മൂന്ന് പേര്‍ പദ്ധതി തയ്യാറാക്കി എന്ന് വിശ്വസിക്കുക പ്രയാസം. ആ കൊല നടന്നപ്പോള്‍ വലിയ വിലാപങ്ങള്‍ എവിടെ നിന്നും ഉയര്‍ന്നു കണ്ടില്ല. നീതിന്യായത്തിന്റെ പരമോന്നത ആസനത്തിലിരുന്നതിന്റെ തഴമ്പുള്ള ഗവര്‍ണര്‍ക്ക്, മുഖ്യമന്ത്രിയെയോ ഡി ജി പിയെയോ വിളിച്ചുവരുത്തി സ്ഥിതി വിലയിരുത്തണമെന്ന് തോന്നിയില്ല. ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ കുമ്മനം രാജശേഖരനെയോ വീട് ആക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോടിയേരി ബാലകൃഷ്ണനെയോ വിളിച്ച ജാഗ്രത സമുദായ സംഘര്‍ഷമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തില്‍ നടന്ന കൊലയുടെ കാര്യത്തില്‍ ഉണ്ടായില്ല.

കൊലയുടെ കാരണമെന്തെന്നതൊക്കെ പൊലീസ് അന്വേഷണത്തിന് ശേഷം അറിവായ കാര്യമാണല്ലോ, അതിനാല്‍ അതിന്റെ ഗൗരവം ഗവര്‍ണര്‍ക്ക് പിന്നീടേ മനസ്സിലായിട്ടുണ്ടാകൂ എന്ന് ന്യായമായും ധരിക്കാം. എന്നാല്‍ ഇതേ ന്യായം തിരുവനന്തപുരത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലയുടെ കാര്യത്തില്‍ ഗവര്‍ണര്‍ക്ക് ബാധകമായില്ല. സംഗതി രാഷ്ട്രീയ കൊലപാതകമാണെന്നും ക്രമസമാധാനം ഇല്ലാതായതിന്റെ തെളിവാണെന്നും സംഭവമുണ്ടായി 24 മണിക്കൂറാകും മുമ്പ് അദ്ദേഹം തിരിച്ചറിഞ്ഞു. മുഖ്യമന്ത്രിയെയും ഡി ജി പിയെയും വിളിച്ചുവരുത്തിയെന്ന് ജനത്തെ അറിയിക്കാനായി ഗവര്‍ണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തിരുവനന്തപുരത്തെ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ച് കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോടുണ്ടായത് കൊലപാതകമാണ്. ആ നിലക്കുള്ള കാഠിന്യമില്ലെങ്കിലും മലപ്പുറം ജില്ലയിലെ ഒന്നോ രണ്ടോ ക്ഷേത്രങ്ങളില്‍ മോഷണമുണ്ടായപ്പോള്‍ നടന്ന പ്രചാരണം ഒരുപക്ഷേ, വലിയ തീ പടര്‍ത്താന്‍ പ്രാപ്തിയുള്ളതായിരുന്നു. ക്ഷേത്രത്തിലെ മോഷണവിവരം പുറത്തുവന്നതിന് തൊട്ടുപിറകെ സംഘ് പരിവാര്‍ നേതാക്കളുടേതായി സാമൂഹ്യ മാധ്യമങ്ങളില്‍ നടന്ന പ്രചാരണത്തിന്റെ ഉള്ളടക്കം ഏറെക്കുറെ സമാനമായിരുന്നു. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലയില്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ സുരക്ഷിതമല്ല, ആസൂത്രിതമായ ആക്രമണമാണ് ക്ഷേത്രങ്ങള്‍ക്കു നേര്‍ക്ക് നടക്കുന്നത് എന്നൊക്കെ. പ്രചാരണത്തിന്റെ ഉള്ളടക്കം സഭ്യമായ ഭാഷയിലേക്ക് തര്‍ജമ ചെയ്തുവെന്നേയുള്ളൂ. അന്ന് ഈ പ്രചാരണം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല എന്നത് സ്വാഗതാര്‍ഹമാണ്. മോഷണക്കേസില്‍ ഹിന്ദു നാമധാരിയായ ഒരാള്‍ (വിഗ്രഹ വിശ്വാസമില്ലെന്ന് അയാള്‍ തന്നെ പറഞ്ഞുവെന്നാണ് പോലീസ് വിശദീകരിച്ചത്) അറസ്റ്റിലാകുക കൂടി ചെയ്തതോടെ ആ അധ്യായം അവസാനിക്കുകയും ചെയ്തു. പക്ഷേ, ഹിന്ദു ക്ഷേത്രങ്ങളുടെ നേര്‍ക്ക് ആസൂത്രിതമായ ആക്രമണം നടക്കുന്നുവെന്ന് മോഷണം നടന്ന വിവരം പുറത്തുവന്നതിന് തൊട്ടുപിറകെ പ്രചാരണം ആരംഭിച്ചത് നിര്‍ദോഷമാണെന്ന് കരുതുക വയ്യ. വര്‍ഗീയ ധ്രുവീകരണത്തിനുള്ള സാധ്യത തേടലായിരുന്നു ഉദ്ദേശ്യം. അതുവഴിയൊരു സംഘര്‍ഷമുണ്ടായാല്‍ അതും മുതലെടുക്കാമെന്നതായിരുന്നു ലക്ഷ്യം. ഇതുപോലുള്ള അഭ്യൂഹങ്ങള്‍ പടര്‍ത്തിയാണ് മുസഫര്‍ നഗറും അഹമ്മദാബാദും മീററ്റുമൊക്കെ സൃഷ്ടിച്ചെടുത്തത് എന്നത്, തിരുവനന്തപുരത്തെ കണ്ണൂരാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വിലപിക്കുന്നവര്‍ കാണാതിരുന്നു കൂടാ.

മറ്റൊരിടത്ത് ക്ഷേത്രം അശുദ്ധമാക്കിയെന്നായിരുന്നു പ്രചാരണം. ക്ഷേത്രത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച് ചുവരെഴുതിയെന്നും പ്രചാരണമുണ്ടായി. അതില്‍ കാറ്റുപിടിപ്പിക്കാനും ശ്രമമുണ്ടായിരുന്നു. മാധ്യമങ്ങളൊന്നും അത് ഏറ്റുപിടിച്ചില്ല എന്നത് സ്വാഗതാര്‍ഹമാണ്. അശുദ്ധിയുണ്ടാക്കിയതും ചുവരെഴുതിയതും സംഘ ക്രിയയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ചെടുക്കാനല്ലെങ്കില്‍ പിന്നെന്തിനായിരുന്നു ഈ സംഘ ക്രിയ? പശ്ചിമ ബംഗാളില്‍ അടുത്തിടെ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷത്തിന് വിത്തിട്ടത് ഇതുപോലൊരു വ്യാജ പ്രചാരണമായിരുന്നു. മുസഫര്‍നഗറിനെ സംഘര്‍ഷ ഭരിതമാക്കുന്നതില്‍ വ്യാജ പ്രചാരണം വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അവ്വിധമുള്ള ശ്രമങ്ങള്‍ ഇവിടെയും നടക്കുന്നുവെന്നത് തിരുവനന്തപുരത്തെ കണ്ണൂരാക്കാന്‍, കേരളത്തെയാകെ കണ്ണൂരാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വിലപിക്കുമ്പോള്‍ മറന്നുപോകരുതെന്ന് മാത്രം.

കണ്ണൂരാക്കാന്‍ ശ്രമമെന്ന ആരോപണത്തില്‍ കക്ഷികള്‍ രണ്ടാണ് നിലവില്‍. അതങ്ങനെയാണെന്ന് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നുമുണ്ട്. അതില്‍ ശരിയുണ്ട് താനും. കണ്ണൂരിലെന്നല്ല, കേരളത്തിലൊരിടത്തും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക എന്നത് ഉത്തരവാദിത്തമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കടമയാണ്. നിലവില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന, കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ സി പി എമ്മിന് ഇക്കാര്യത്തില്‍ സവിശേഷ ഉത്തരവാദിത്തമുണ്ട്. അതവര്‍ നിറവേറ്റുന്നില്ല എന്ന ആരോപണത്തില്‍ വസ്തുതയുമുണ്ട്. പ്രതിരോധത്തില്‍ നില്‍ക്കുന്ന സംഘ്പരിവാരത്തിന് ഊര്‍ജമേകും വിധത്തില്‍ പ്രവര്‍ത്തിക്കരുതെന്ന പ്രാഥമിക പാഠം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതില്‍ വലിയ വീഴ്ച ആ പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുമുണ്ട്. എങ്കിലും സംഘ്പരിവാരത്തിന്റെ അജന്‍ഡകളെ ശക്തമായി എതിര്‍ക്കാന്‍ ആ പാര്‍ട്ടി സന്നദ്ധമാകുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ. അത് കോണ്‍ഗ്രസ് ആരോപിക്കുന്നത് പോലെ ന്യൂനപക്ഷങ്ങളുടെ വോട്ട് നേടിയെടുക്കുക എന്ന കേവല അജന്‍ഡയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്ന് പൂര്‍ണമായും സമ്മതിക്കുക വയ്യ. വോട്ടുറപ്പിക്കുക, എന്നത് അവരുടെ ലക്ഷ്യങ്ങളില്‍ ഒന്നായിട്ടുണ്ടാകാമെങ്കിലും.

രണ്ട് പക്ഷത്തെയും ഒരേ തുലാസില്‍ അളന്ന്, കണ്ണൂരാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വിലപിക്കുമ്പോള്‍, ജനാധിപത്യത്തെ, മതനിരപേക്ഷ സ്വഭാവത്തെ, സൈ്വരജീവിതത്തെയൊക്കെ ഇല്ലാതാക്കാന്‍ പാകത്തില്‍ അരങ്ങേറുന്ന വര്‍ഗീയവത്കരണ ശ്രമങ്ങളെ കാണാതെ പോകരുതെന്ന് മാത്രം. കണ്ണൂരാക്കാന്‍ നടക്കുന്ന ശ്രമത്തേക്കാള്‍ വലുതും ഗുരുതരവുമാണ് മുസഫര്‍ നഗറാക്കാനുള്ള ശ്രമങ്ങള്‍. ആ ശ്രമങ്ങളെ ഏറ്റവും കരുതലോടെ കാണേണ്ട ഉത്തരവാദിത്തമുണ്ട്, മതനിരപേക്ഷ ജനാധിപത്യ സംവിധാനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്, പ്രത്യേകിച്ച് സി പി എമ്മിന്. കരുതലിലുണ്ടാകുന്ന വ്യതിചലനങ്ങളാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് കണ്ടത്, നേരത്തെ കണ്ണൂരില്‍ കണ്ടത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest