നരേന്ദ്രമോദിയെ നേരിടാനുള്ള ശേഷി ആര്‍ക്കുമില്ലെന്ന് നിതീഷ്‌കുമാര്‍

Posted on: July 31, 2017 7:56 pm | Last updated: August 1, 2017 at 12:28 pm

ന്യൂഡല്‍ഹി: 2019 ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനുള്ള ശേഷി ആര്‍ക്കുമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദിയോട് മത്സരിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും രാജ്യത്തെ അനിഷേധ്യനായ നേതാവാണ് മോദിയെന്നും മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിതീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.

ബീഹാറിലെ മഹാസഖ്യത്തെ നിലനിര്‍ത്താന്‍ താന്‍ വളരെയധികം പരിശ്രമിച്ചിരുന്നു. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെ താന്‍ അവഗണിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് തനിക്കുനേരെയും സംശയത്തിന്റെ മുന നീണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതി ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം ജനങ്ങളോട് നല്‍കണമെന്ന് തേജസ്വി യാദവിനോടും ലാലു പ്രസാദ് യാദവിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അക്കാര്യം നിഷേധിക്കുകയാണ് ചെയ്തതെന്നും നിതീഷ് കുമാര്‍ പറയുന്നു. അതിനാല്‍ തനിക്ക് രാജിവെക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നുവെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.