Connect with us

Articles

ജനാധിപത്യത്തില്‍ നിന്ന് ഫാസിസത്തിലേക്ക്‌

Published

|

Last Updated

കുറച്ചു കാലമായി ഇന്ത്യയില്‍ കണ്ടുവരുന്ന ഒരു പ്രവണത ഫാസിസത്തിന്റേതാണെന്നു വേണം കരുതാന്‍. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ പോലും ഒരു രാത്രികൊണ്ട് ഇല്ലാതാവുന്നതാണ് പുതിയ ഇന്ത്യ നല്‍കുന്ന ആപല്‍സൂചന. ഇഷ്ടമെന്ന് തോന്നുന്നത് ഭക്ഷിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും വിശ്വാസ-ആചാരങ്ങളെ പിന്‍പറ്റാനും ഒരു ജനാധിപത്യ സമൂഹത്തില്‍ അവകാശമുണ്ടായിരിക്കെ, നാം കേള്‍ക്കുന്നതും കാണുന്നതും ജനാധിപത്യ വിരുദ്ധമായ സമീപനങ്ങളായി മാറുന്നു. ഭരണഘടനാ തത്വങ്ങള്‍ ഉറപ്പുനല്‍കേണ്ട ഭരണകൂടം തന്നെ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയോ അവരുടെ ചെയ്തികള്‍ക്കു നേരെ നിസ്സംഗത പുലര്‍ത്തുകയോ ചെയ്യുന്നു. അതുകൊണ്ടാണ്, ജനാധിപത്യത്തെ കൈയൊഴിഞ്ഞ് ഇന്ത്യ ഫാസിസ പ്രത്യയശാസ്ത്രത്തെ പിന്‍പറ്റുകയാണെന്ന് ലോകം നിരീക്ഷിക്കുന്നത്.

ഗോമാംസം ഒരു മതവിഭാഗത്തിന്റെ മാത്രം ഭക്ഷണമാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്, മുസ്‌ലിംകള്‍ക്കെതിരെ വേട്ട ആരംഭിച്ചത്. അതിന്റെ പേരില്‍ നിരപരാധികള്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. ഭക്ഷണ സ്വാതന്ത്ര്യം ഹനിക്കാന്‍ ഭരണഘടന ആര്‍ക്കും അധികാരം നല്‍കുന്നില്ലെന്നിരിക്കെ, സംഘ്പരിവാറിന്റെ അതിക്രമങ്ങളെ മൗനമായി കണ്ടാസ്വദിക്കുന്ന ഒരു പ്രധാനമന്ത്രിയെ എന്താണ് വിശേഷിപ്പിക്കുക? ഒരു ജനാധിപത്യ രാജ്യത്ത് മതാചാരത്തേക്കാള്‍ വലുത് മതേതരത്വമാണെന്ന സത്യം തിരിച്ചറിയാത്തവരാണ് മൃഗത്തിന്റെ പേരില്‍ മനുഷ്യനെതിരെ ആക്രോശം ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി സുപ്രീം കോടതിയുടെ മുമ്പാകെ വന്നപ്പോള്‍, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അതിനെതിരെ വിധി എഴുതിയതിന്റെ വാര്‍ത്താ പ്രാധാന്യം കെടും മുമ്പാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കശാപ്പും മാംസാഹാരവും നിരോധിച്ചുകൊണ്ട് നീക്കം നടത്തിയത്. ഭരണഘടന വെറും കടലാസ് മാത്രമാണെന്ന് ചിന്തിക്കാന്‍ “സംഘി”കള്‍ക്ക് പ്രേരണ നല്‍കിയത് ഭരണകൂടത്തിന്റെ നീക്കങ്ങളാണ്. കൊലചെയ്യപ്പെട്ടവര്‍ക്ക് വേണ്ടവിധം നഷ്ടപരിഹാരം നല്‍കാനോ കുറ്റവാളികളെ ശരിയാംവണ്ണം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ കഴിയാത്തത് വേട്ടക്കാര്‍ക്ക് ഓശാന പാടുന്ന ഭരണകൂടത്തിന്റെ ജീര്‍ണമുഖം കാണിച്ചുതരുന്നുണ്ട്. ഒറ്റ രാത്രികൊണ്ട് കറന്‍സി നിരോധിച്ച പോലെയാണ് ഇന്ത്യയില്‍ നിയമങ്ങള്‍ പടച്ചുവിടപ്പെടുന്നത്. ഇത് ജനാധിപത്യത്തിന്റെ മുഖമല്ല അനാവരണം ചെയ്യുന്നത്. മറിച്ച് ഫാസിസത്തിന്റേതാണെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധി വേണ്ട.

ഫാസിസത്തിന്റെ മറ്റൊരു വലിയ പ്രത്യേകത, അത് ശാസ്ത്രത്തെ അത്രകണ്ട് വിശ്വസിക്കുന്നില്ല എന്നതാണ്. ദിമിക്രോവ് ഫാസിസത്തിന് നല്‍കിയ നിര്‍വചനങ്ങളില്‍ ഒട്ടുമിക്കതും ഇന്ത്യന്‍ ഫാസിസത്തിന് യോജിക്കുന്നുണ്ട്. ഫാസിസം സാമ്രാജ്യത്വത്തിന്റെ കൂട്ടാളിയാണെന്നതും, അതിന് അതിതീവ്രമായ ദേശീയത കൈമുതലായിട്ടുണ്ടെന്നും, തൊഴിലാളി വിരുദ്ധമാണ് ഫാസിസമെന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം അതിന്റെ വിവിധ മാനങ്ങളില്‍ ഇന്ത്യയില്‍ നടപ്പായിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ദേശീയത എന്നത് നമുക്കെല്ലാം മതേതരത്വത്തില്‍ അധിഷ്ഠിതമായിരുന്നെങ്കില്‍, ഇന്നത് ഹിന്ദുത്വ രാഷ്ട്രവാദമായി പരിണമിച്ചിരിക്കുന്നു.

കണ്ണീരില്‍ നിന്ന് മയിലുകള്‍ സന്താനങ്ങളെ ഉത്പാദിപ്പിക്കുമെന്നും പശു മനുഷ്യനാവശ്യമായ ഓക്‌സിജന്‍ നല്‍കുമെന്നും പ്രസ്താവിക്കുന്ന ജഡ്ജിമാര്‍ വാഴുന്ന നാടായി ഇന്ത്യയെ മാറ്റാന്‍ മൂന്ന് വര്‍ഷം കൊണ്ടുതന്നെ മോഡിക്ക് കഴിഞ്ഞു. കേന്ദ്രത്തിനു കീഴിലുള്ള ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളെ ഹൈന്ദവവത്കരിക്കാനുള്ള നീക്കം മുമ്പേ തുടങ്ങിയതാണെങ്കിലും മോദിയുടെ അധികാര കൈമാറ്റത്തിനു ശേഷമാണ് അതിന് പുതുജീവന്‍ വെക്കുന്നത്. ഉത്തരേന്ത്യയിലെ പല സ്‌കൂള്‍ സിലബസുകളിലും അശാസ്ത്രീയമായ പാഠഭാഗങ്ങള്‍ ചേര്‍ത്തുകഴിഞ്ഞു. ചരിത്രത്തെയും ശാസ്ത്രത്തെയും എങ്ങനെയെല്ലാം വികലമാക്കാം അങ്ങനെയെല്ലാം തിരുത്തി എഴുതാന്‍ അവര്‍ ജാഗരൂകരാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെ ലംഘനം പല കാഴ്ചപ്പാടിലും നമുക്ക് കാണാന്‍ കഴിയും. എന്ത് ഭക്ഷിക്കണമെന്ന പൗരന്റെ അവകാശം പോലും ഹനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നിര്‍ബന്ധിത മാംസനിരോധം അതിലേക്കുള്ള ചവിട്ടുപടിയാണ്. ഒരേസമയം ഭക്ഷണ സ്വാതന്ത്ര്യം മാത്രമല്ല, ഇഷ്ട തൊഴില്‍ ചെയ്യാനുള്ള പൗരസ്വാതന്ത്ര്യം കൂടി ഈ നിയമത്തിന്റെ കീഴില്‍ ഹനിക്കപ്പെടുന്നുണ്ട്. മാംസക്കച്ചവടം വര്‍ഗീയവത്കരിക്കുന്നതിലൂടെ ഫാസിസത്തെ അരക്കിട്ടുറപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്.

മതഫാസിസത്തെക്കുറിച്ച് ഉബര്‍ട്ടോ എക്കോ വിശദമായി നിരീക്ഷിച്ചിട്ടുണ്ട്. കപട ദേശീയതയും കോര്‍പറേറ്റ് ചങ്ങാത്തവും, അപരനിര്‍മാണവും അതിന്റെ മുഖ്യമായ അജന്‍ഡയായി അദ്ദേഹം പറയുന്നു. ഇന്ന് അദാനിയുടെ ഇന്ത്യയാണിത്. കോര്‍പറേറ്റ് വത്കരണത്തെ ആദ്യമായി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത് വാജ്‌പേയിയുടെ ഭരണമാണെന്നോര്‍ക്കണം. അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്തുക എന്നത് ഫാസിസത്തിന്റെ ഒരു രീതിയാണെങ്കില്‍ ഇവ രണ്ടും ഇന്ത്യയല്‍ നടക്കുന്നുണ്ട്. കര്‍ഷകന്റെ ന്യായമായ അവകാശങ്ങളെ വകവെച്ചു കൊടുക്കുകയല്ല, മറിച്ച് അവരെ വെടിവെച്ച് കൊല്ലുകയാണ് ചെയ്തത്. ന്യൂനപക്ഷ സമുദായത്തെ ശത്രുക്കളായി മാറ്റുമ്പോള്‍ മാത്രമാണ് ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭ്യമാകൂ എന്ന ഫാസിസ്റ്റ് തന്ത്രം തന്നെയാണ് മോദി ഇന്ത്യയില്‍ പരീക്ഷിച്ചതും അധികാരമേറിയതും. അതിന് ഒരു കാലത്തും കൂടെ നിര്‍ത്താന്‍ യോഗ്യമല്ലെന്ന് തീര്‍പ്പു കല്‍പിച്ച ദളിതനെ പോലും അവര്‍ തന്ത്രപൂര്‍വം വരുതിയിലാക്കി. ഗുജറാത്തില്‍ 2000-ത്തിലേറെ മുസ്‌ലിംകളെ കശാപ്പു ചെയ്യാന്‍ ലോക ഫാസിസ്റ്റുകള്‍ ചെയ്ത അതേ തന്ത്രമാണ് മോദി പയറ്റിയത്. എഴുത്തുകാര്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍ എന്നിവരെല്ലാം ഫാസിസത്തിന്റെ ശത്രുഗണത്തിലാണ്. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ഗുലാംനബിക്ക് ഇന്ത്യയില്‍ പാടാന്‍ കഴിയാതിരുന്നതും എം എഫ് ഹുസൈന് ഇന്ത്യ വിട്ട് പോവേണ്ടിവന്നതും കല്‍ബുര്‍ഗിയെ പോലെയുള്ളവര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടിവന്നതും ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്.

ന്യൂനപക്ഷങ്ങളും ദളിതരും മറ്റിതര അവശ ജനവിഭാഗങ്ങളും സംഘ്പരിവാറിന് പശുക്കളേക്കാള്‍ താഴ്ന്ന ജീവിതങ്ങളാണ്. അഖ്‌ലാഖ് എന്ന മനുഷ്യന്‍ പശുഇറച്ചി തിന്നു എന്ന കാരണത്താലാണ് കൊല ചെയ്യപ്പെടുന്നത്. ജുനൈദെന്ന കൗമാര പ്രായം മാത്രമുള്ള കുട്ടിയെ ട്രെയിനില്‍വെച്ച് നിഷ്ഠൂരമായി കൊന്നത് അവന്റെ മതത്തിന്റെ പേരിലാണ്. ഇന്ത്യയിലങ്ങോളമിങ്ങോളം ദളിതുകള്‍ വേട്ടയാടപ്പെടുന്നതും ജാതിയുടെയും വര്‍ണവെറിയുടെയും പേരില്‍തന്നെ. ഗുജറാത്തില്‍ നിന്ന് ദളിതര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് മതംമാറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ദളിത് പീഡനങ്ങളുടെ പശ്ചാത്തലമാണ് അവരതിന് പറയുന്നത്. ഓരോ വര്‍ഷവും ഇന്ത്യയില്‍ അഞ്ഞൂറില്‍പരം പേര്‍ ബുദ്ധമതം സ്വീകരിക്കുന്നു എന്നാണ് കണക്ക്. പലപ്പോഴും ജാതീയമായ കേസുകളില്‍ പിടിക്കപ്പെടുന്ന ക്രിമിനലുകള്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ല. മാത്രമല്ല, അവര്‍ക്ക് വീരപരിവേഷം ലഭിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. ഇത് പുതിയ കുറ്റവാളികളെ സൃഷ്ടിക്കാന്‍ മാത്രമേ ഉതകുന്നുള്ളൂ. മാത്രവുമല്ല, സര്‍ക്കാര്‍ തന്നെ ഇവര്‍ക്ക് നിയമ പരിരക്ഷ നല്‍കുകയും ചെയ്യുന്നു. ഒരര്‍ഥത്തില്‍ ഇവയെല്ലാം തന്നെ പഴയ കൊളോനിയല്‍ വാഴ്ച തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്. യഥാര്‍ത്ഥ മനുഷ്യസംസ്‌കാരം സ്ഥാപിക്കുന്നതിനു പകരം “കപട സംസ്‌കാരം” അപനിര്‍മിക്കുന്ന പണിയാണ് ഇന്ത്യയില്‍ സംഘികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ പല സംസ്‌കൃതികളെയും അവര്‍ നിര്‍മാര്‍ജനം ചെയ്തുകൊണ്ടിരിക്കുന്നു.

സാമ്രാജ്യത്വത്തിനും കോര്‍പറേറ്റുകള്‍ക്കും അനുകൂലമല്ലാത്ത വാര്‍ത്തകളെയും ചിന്താ പദ്ധതികളെയും ഇല്ലാതാക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുക എന്നത് ഫാസിസ്റ്റുകാലത്തിന്റെ പ്രത്യേകതകളില്‍ ഒന്നത്രെ. പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് ചില വാര്‍ത്തകള്‍ (തന്ത്രപ്രധാനമായവ) സംപ്രേക്ഷണം ചെയ്തു എന്നാരോപിച്ചാണ് എന്‍ ഡി ടി വി എന്ന ചാനലിന്റെ വാര്‍ത്താ പരിപാടി ഒരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമായി അന്നേ വിലയിരുത്തപ്പെട്ടതാണ്. മാധ്യമ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക എന്നത് ജനാധിപത്യ മര്യാദ ആയിരിക്കെ, ഈ ചാനലിനു നേരെ ഉണ്ടായ തീര്‍ത്തും അപക്വമായ നടപടി ഇന്ത്യന്‍ ഫാസിസം എങ്ങനെയൊക്കെ മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നു എന്ന് തെളിയിക്കുന്നതാണ്. ഭരണകൂടത്തിന്റെ പ്രതികാര നടപടി അവിടംകൊണ്ടും അവസാനിച്ചില്ല എന്ന് തെളിയിക്കാനാണ് എന്‍ ഡി ടി വി സ്ഥാപകനായ പ്രണോയ് റോയിയുടെ വീട്ടിലും ഓഫീസിലും നടത്തിയ വൃത്തികെട്ട റെയ്ഡിന്റെ കഥകള്‍. ഒരു ബാങ്ക് ലോണിന്റെ പേര് പറഞ്ഞാണ് സി ബി ഐ ഇത്തരമൊരു നീക്കത്തിന് ചങ്ങല വലിച്ചത്. അതിന്റെ അണിയറയില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര നടപടിയായിരുന്നു എന്നറിയാത്തവരായി ആരുമില്ല. പക്ഷേ, ഈ സംഭവം ഒരു ദുഃസൂചന ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അത് മറ്റൊന്നുമല്ല, ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഏതൊരു മീഡിയയും നിരീക്ഷിക്കപ്പെടും എന്നതിന്റെ ആദ്യപടിയാണത്. ഭരണകൂടത്തിന്റെ ചൊല്‍പടിക്ക് നില്‍ക്കുന്ന സ്ഥാപനമാണ് സി ബി ഐ. എന്നത് ഒരിക്കല്‍കൂടി തെളിയിക്കാനേ ഇത് സഹായിച്ചുള്ളൂ. കൂടാതെ അപ്രഖ്യാപിതമായ ഒരടിയന്തിരാവസ്ഥയുടെ നിഴല്‍ തലയ്ക്കു മീതെ ഉണ്ടെന്ന ഓര്‍മപ്പെടുത്തലും. ദേശസ്‌നേഹമെന്നത്, ആ ദേശത്തെ ജനതയോടുള്ള സ്‌നേഹമായി കാണാതെ, മതാധിപത്യത്തിനു വേണ്ടിയുള്ള കപട ദേശീയതയായി മാറുന്നിടത്താണ് അപകടം ഒളിച്ചിരിക്കുന്നത്.

ഒരു മതത്തിന്റെ വിശ്വാസം രാജ്യത്തിന്റെ നിയമമാവുന്ന അപകടം നിറഞ്ഞ പ്രവണതയാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി. ഇന്ത്യയുടെ ബഹുസ്വരതക്ക് മീതെയുള്ള കടന്നുകയറ്റമായി വേണം ഇതിനെ നിരീക്ഷിക്കാന്‍. നമ്മുടെ ബഹുമത സംസ്‌കാരത്തില്‍, ഭൂരിപക്ഷ മതത്തിന്റെ വിശ്വാസത്തില്‍ അണിചേരാതെ ജീവിക്കാന്‍ കഴിയില്ലെന്ന മൗലിക വാദത്തിന് താലിബാനിസത്തിന്റെ രീതികളോട് വലിയ ചായ്‌വുണ്ട്. ഇസ്‌ലാം മതത്തിന്റെ പേരിലാണ് ഈ ശക്തികള്‍ മനുഷ്യനെ വേട്ടയാടുന്നതെങ്കില്‍, ഇന്ത്യയില്‍ സംഘികള്‍ ഹിന്ദു മതത്തിന്റെ പേരിലാണെന്ന വ്യത്യാസമേയുള്ളൂ. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തിലേറിയ വര്‍ഷം, ആദ്യം ചെയ്തത് എല്ലാ പ്രതിപക്ഷത്തെയും അടിച്ചമര്‍ത്തുകയായിരുന്നു. ഭരണകൂടം നേരിട്ടും, പരോക്ഷമായും പ്രതിസ്വരങ്ങളെ ഇല്ലാതാക്കാന്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്. അതിന് ഭരണകൂടത്തിന്റെ സഹായികളായിട്ടാണ് ഹിന്ദുത്വ ശക്തികള്‍ ഇടപെടുകയും ചെയ്യുന്നത്. ആ ഇടപെടലുകളെ പ്രതിരോധിക്കുകയാണ് ഇന്ത്യയിലെ ജനാധിപത്യവാദികള്‍ മറ്റെല്ലാം മാറ്റിവെച്ച് ചെയ്യേണ്ട പ്രഥമ കൃത്യം. അല്ലാത്തപക്ഷം നമ്മുടെ പൂര്‍വികര്‍ സ്വപ്‌നം കണ്ട മഹത്തായ ജനാധിപത്യ സങ്കല്‍പവും, ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സനാതന മൂല്യങ്ങളും ഇല്ലാതായി പോകും.

Latest