ജി എസ് ടി സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്തു: പ്രധാനമന്ത്രി

Posted on: July 30, 2017 1:18 pm | Last updated: July 30, 2017 at 9:19 pm

ന്യൂഡല്‍ഹി: ജിഎസ്ടി രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് ഏറെ ഗുണം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരമ്പരയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി നടപ്പാക്കിയത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് താന്‍ അഭിപ്രായം തേടിയിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. സംയുക്ത പ്രവര്‍ത്തനങ്ങളും സഹകരണവും ഗുണപരമാണെന്നതിന് തെളിവാണ് ജിഎസ്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് രാജ്യം നല്‍കിയ പിന്തുണയെ പ്രധാനമന്ത്രി പ്രശംസിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ശേഷവും ടീമംഗങ്ങള്‍ക്ക് രാജ്യം നല്‍കിയ സ്‌നേഹം അഭിമാനാര്‍ഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തിനിടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ അനുസ്മരിച്ച പ്രധാനമന്ത്രി ദാരിദ്ര്യത്തില്‍ നിന്നും അഴിമതിയില്‍ നിന്നും രാജ്യം ഇനിയും മുക്തമായിട്ടില്ലെന്ന് കൂട്ടിച്ചേര്‍ത്തു.