Connect with us

Kerala

ശ്രീലങ്ക- ചൈന തുറമുഖ കരാര്‍ ഇന്ത്യക്ക് സുരക്ഷാ വെല്ലുവിളി

Published

|

Last Updated

കൊളംബോ: ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ക്കും ആഭ്യന്തര പ്രതിഷേധങ്ങള്‍ക്കുമിടെ ചൈനയുമായി ശ്രീലങ്ക ദശലക്ഷം യു എസ് ഡോളറിന്റെ തുറമുഖ കരാറില്‍ ഒപ്പുവെച്ചു. ശ്രീലങ്കയുടെ തെക്കുകിഴക്കന്‍ ഭാഗത്ത് നിര്‍മാണം ലക്ഷ്യമിടുന്ന ഹംബാന്‍തോട്ട തുറമുഖത്തിന്റെ മേല്‍നോട്ടം ചൈനയുടെ ഔദ്യോഗിക കമ്പനിയെ ഏല്‍പ്പിക്കുന്നതാണ് കരാര്‍. ഇത് പ്രകാരം തുറമുഖത്തിന്റെ 70 ശതമാനം ഓഹരിയും ചൈന മെര്‍ച്ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിംഗ്‌സിനായിരിക്കും. നിര്‍മാണം പൂര്‍ത്തിയാക്കി 99 വര്‍ഷം ഈ കമ്പനിയായിരിക്കും ഹംബാന്‍തോട്ട തുറമുഖം പ്രവര്‍ത്തിപ്പിക്കുക. ആറ് വര്‍ഷം മുമ്പ് തന്നെ തുറമുഖ കരാര്‍ സംബന്ധിച്ച കരട് തയ്യാറായിരുന്നെങ്കിലും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതിന് ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ഇന്നലെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തു.
തുറമുഖത്തിനെതിരെ രാജ്യത്തിനകത്ത് ഉയര്‍ന്നു വന്ന ശക്തമായ പ്രതിഷേധങ്ങളാണ് കരാര്‍ നടപടികള്‍ വൈകിപ്പിച്ചത്. തുറമുഖം ചൈനീസ് സൈന്യം ഉപയോഗിക്കുമെന്ന ആശങ്കയും ഭൂമി നഷ്ടപ്പെടുമെന്ന സ്ഥിതിയുമാണ് ആഭ്യന്തര എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിട്ടുള്ളത്. പ്രതിഷേധങ്ങളുടെ ഭാഗമായി ഏതാനും ദിവസം മുമ്പ് രാജ്യത്തെ ട്രേഡ് യൂനിയനുകള്‍ ഇന്ധന വിതരണം തടസ്സപ്പെടുത്തുന്നതടക്കമുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. യൂറോപ്പിനും ഏഷ്യക്കുമിടയിലെ അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് നിര്‍ദിഷ്ട തുറമുഖം എന്നതിനാല്‍, ചൈന വലിയ തോതിലുള്ള ഇന്ധന വ്യാപാരത്തിന് ഇത് വഴി ശ്രമിക്കുമെന്നാണ് ട്രേഡ് യൂനിയനുകള്‍ ആരോപിക്കുന്നത്.
കഴിഞ്ഞ മെയില്‍ ചൈനീസ് പ്രസിഡന്റ് പ്രഖ്യാപിച്ച “ഒറ്റ മേഖല, ഒറ്റ പാത” പദ്ധതിയുടെ ഭാഗം കൂടിയാണ് ഇപ്പോള്‍ ശ്രീലങ്കയുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍. ഒറ്റ മേഖല, ഒറ്റ പാത പദ്ധതിയില്‍പ്പെടുത്തി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 60 രാജ്യങ്ങളില്‍ തുറമുഖ- റോഡ് നിര്‍മാണം, ഊര്‍ജ വിതരണം തുടങ്ങിയവയാണ് ലക്ഷ്യം വെക്കുന്നത്.
അതേസമയം, സുരക്ഷാ വിഷയം ഉയര്‍ത്തിക്കാട്ടി ഹംബാന്‍തോട്ട തുറമുഖ പദ്ധതിയില്‍ ഇന്ത്യയുടെ ആശങ്ക നേരത്തെ തന്നെ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമുദ്രത്തിലെ നിര്‍ദിഷ്ട തുറമുഖം ചൈന അവരുടെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്നതാണ് ഇന്ത്യയുടെ ആശങ്ക.
എന്നാല്‍, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് ശ്രീലങ്കയുടെ ഉറപ്പ്. വാണിജ്യാവശ്യത്തിന് മാത്രമേ തുറമുഖം ഉപയോഗിക്കുകയുള്ളൂവെന്ന് ശ്രീലങ്ക ഉറപ്പ് നല്‍കുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചൈനയുടെതടക്കമുള്ള ഒരു സൈനിക കപ്പലും തുറമുഖത്ത് പ്രവേശിപ്പിക്കില്ലെന്നും ശ്രീലങ്കന്‍ തുറമുഖ മന്ത്രി മഹീന്ദ്ര സമര സിംഗെ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest