അഹ്മദ് പട്ടേലിന്റെ രാജ്യസഭാ പ്രതീക്ഷകള്‍ മങ്ങുന്നു

Posted on: July 29, 2017 8:56 am | Last updated: July 29, 2017 at 11:50 am

ന്യൂഡല്‍ഹി: ഗുജറാത്ത് കോണ്‍ഗ്രസിലെ ആറ് എം എല്‍ എമാര്‍ രാജിവെച്ചതോടെ സംസ്ഥാനത്ത് നിന്ന് നാലാമൂഴം രാജ്യസഭയിലെത്താനുള്ള പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹ്മദ് പട്ടേലിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് ശങ്കര്‍ സിംഗ് വഗേല ക്യാമ്പില്‍ പെട്ടവരാണ് രാജിവെച്ച എം എല്‍ എ മാര്‍. ഇനിയും രാജിയുണ്ടാകുമെന്നാണ് വഗേല ക്യാമ്പ് പറഞ്ഞു പരത്തുന്നത്.

അടുത്ത വര്‍ഷം ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനെ പരമാവധി ക്ഷീണിപ്പിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി കൂടുമാറാന്‍ തയ്യാറാകുന്ന എം എല്‍ എമാര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും വന്‍ ഓഫറുമായി ബി ജെ പി കളത്തില്‍ സജീവമായുണ്ട്. അഹ്മദ് പട്ടേലിന്റെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മനോവീര്യം കെടുത്തുമെന്നതിനാല്‍ വഗേല ക്യാമ്പിനെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ബി ജെ പി.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നാണ് വഗേലയും അദ്ദേഹത്തെ പിന്തുണക്കുന്ന പതിനൊന്ന് എം എല്‍ എമാരും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വോട്ട് ചെയ്തത്. തന്റെ നേതൃത്വത്തിന് അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് വഗേല പാര്‍ട്ടി നേതൃത്വവുമായി കലഹിച്ചത്.

1996ലാണ് ബി ജെ പി ക്യാമ്പിനെ ഞെട്ടിച്ച് വഗേല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വഗേലയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിട്ടപ്പോഴൊക്കെ കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. ബി ജെ പിയിലേക്ക് മടക്കമില്ലെന്ന് ആണയിടുമ്പോഴും വഗേലയുടെ ഓരോ നടപടികളും ബി ജെ പി നേതൃത്വത്തെ സഹായിക്കുന്നതാണ്. മാത്രമല്ല അദ്ദേഹത്തെ അനുകൂലിക്കുന്ന എം എല്‍ എമാര്‍ ബി ജെ പിയലേക്കാണ് കൂടുമാറുന്നതും.
ആഗസ്റ്റ് എട്ടിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞടുപ്പില്‍ രാജിവെച്ച എം എല്‍ എമാര്‍ക്ക് വോട്ട് ചെയ്യാനാകില്ലെങ്കിലും ഇവരുടെ രാജി അഹ്മദ് പട്ടേലിന്റെ സാധ്യതകള്‍ക്ക് ക്ഷീണമുണ്ടാക്കുന്നതാണ്.
ഗുജറാത്തിലെ ഇപ്പോഴത്തെ കക്ഷി നിലയനുസരിച്ച് മൂന്ന് പേര്‍ക്ക് സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലെത്താനാകും. സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗത്വം തേടുന്ന ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും സുഗമമായി ജയിച്ചു കയറാനാകും. മൂന്നാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ ആറ് പേര്‍ രാജിവെച്ച സാഹചര്യത്തിലും 44 അംഗങ്ങളുടെ പിന്തുണ മതി. കോണ്‍ഗ്രസിന് 51 അംഗങ്ങളുണ്ട്. എന്നാല്‍ ഇനിയും എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍ വഗേല ക്യാമ്പും ബി ജെ പിയും സജീവമായി രംഗത്തുണ്ട്. എം എല്‍മാര്‍ക്ക് പണം കോരി നല്‍കുന്നുവെന്നും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള ആരോപണം ഉന്നയിച്ച് പ്രതിപക്ഷം പാര്‍ലിമെന്റില്‍ ആഞ്ഞടിച്ചിരുന്നു.
കോണ്‍ഗ്രസ് വോട്ടുകള്‍ തട്ടിയെടുക്കാനും അഹ്മദ് പട്ടേലിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനും വഗേലയുടെ ബന്ധുവായ ബല്‍വന്ത് സിംഗ് രജ്പുതിനെയാണ് ബി ജെ പിയുടെ കൂടി പിന്തുണയോടെ സ്ഥാനാര്‍ഥിയാക്കിയത്.
എന്തുവില കൊടുത്തും അഹ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസും മറുതന്ത്രങ്ങളുമായി ഉണര്‍ന്നു കഴിഞ്ഞു.