ശഹബാസ് പ്രധാനമന്ത്രിയായേക്കും

Posted on: July 28, 2017 1:36 pm | Last updated: July 29, 2017 at 9:05 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു. പാനമ രേഖകളുമായി ബന്ധപ്പെട്ട് നവാസ് ശരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയതിനു പിന്നാലെയാണ് രാജി. കോടതി വിധിക്കു പിന്നാലെ പാക് സുപ്രീം കോടതിയിലെ അഞ്ചംഗ ബഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. സത്യസന്ധനായ പാര്‍ലിമെന്റ് അംഗമായി തുടരാന്‍ നവാസ് ശരീഫിന് യോഗ്യതയില്ലെന്ന് ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കോടതി വിധി മാനിച്ച് സ്ഥാനം ഒഴിയുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.
നവാസ് ശരീഫിന്റെ പാര്‍ലിമെന്റ് അംഗത്വം റദ്ദാക്കി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. ശരീഫിന്റെ വിശ്വസ്തനും ധനമന്ത്രിയുമായ ഇസ്ഹാഖ് ധര്‍, മരുമകനും നാഷണല്‍ അസംബ്ലി അംഗവുമായ സഫ്ദാര്‍ എന്നിവരെയും അയോഗ്യരാക്കിയിട്ടുണ്ട്. ശരീഫിന് പുറമെ മക്കളായ ഹുസൈന്‍, ഹസന്‍, മറിയം, ഭര്‍ത്താവ് സഫ്ദാര്‍, ധനമന്ത്രി ഇസ്ഹാഖ് ധര്‍ എന്നിവര്‍ക്കെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോവിനോട് നിര്‍ദേശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ വിധി വന്നത്.
നവാസ് ശരീഫിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ശഹബാസ് ശരീഫിനെ പ്രധാനമന്ത്രിയാക്കിയേക്കുമെന്നാണ് സൂചന. ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം ശഹബാസ് ശരീഫിനെ നാഷനല്‍ അസംബ്ലിയിലേക്ക് മത്സരിപ്പിക്കാനാണ് ഭരണകക്ഷിയായ പി എം എല്‍- എന്‍ ആലോചിക്കുന്നത്. പ്രതിരോധ മന്ത്രി ആസിഫ് ഖാജ, ആസൂത്രണ മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍, പെട്രോളിയം മന്ത്രി ശാഹിദ് അബ്ബാസി എന്നിവരിലൊരാള്‍ ഇടക്കാല പ്രധാനമന്ത്രിയായേക്കും. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ജൂണിലാണ് മന്ത്രിസഭയുടെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നത്.

തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ നവാസ് ശരീഫീന്റെ കുടുംബം സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന പാനമ രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ശരീഫിനെതിരെ അന്വേഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രേഖകള്‍ പുറത്തുവിട്ടത്. പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ നവാസ് ശരീഫിനും

കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ഈ മാസം പത്തിനാണ് സംയുക്ത അന്വേഷണ സംഘം (ജെ ഐ ടി) സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ആറംഗ അന്വേഷണ സംഘത്തെ നിയമിച്ചത്. നവാസ് ശരീഫിന് പുറമെ അദ്ദേഹത്തിന്റെ മക്കളായ ഹസന്‍ നവാസ്, ഹുസൈന്‍ നവാസ്, മറിയം നവാസ് എന്നിവര്‍ക്കെതിരെ തുടരന്വേഷണം നടത്താന്‍ പത്ത് വാള്യങ്ങളായുള്ള റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.

വിധി ചോദ്യം ചെയ്ത് പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കുമെന്ന് പി എം എല്‍- എന്‍ നേതാക്കള്‍ അറിയിച്ചു. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചത്. കോടതി വിധിക്ക് പിന്നാലെ ശരീഫിന് ശക്തമായ സ്വാധീനമുള്ള പഞ്ചാബ് പ്രവിശ്യയിലുള്‍പ്പെടെ പ്രതിഷേധം അരങ്ങേറി.
നവാസ് ശരീഫ് മൂന്ന് തവണയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായത്. പാക്കിസ്ഥാനില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും ഇതുവരെ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നവാസ് ശരീഫ്. കോടതിയലക്ഷ്യ കേസില്‍ യൂസുഫ് റാസാ ഗിലാനിയെ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു.