Connect with us

Kerala

കേരളത്തിലെ ക്രമസമാധാന നില തകര്‍ക്കാന്‍ ബിജെപി-ആര്‍എസ്എസ് ഗൂഢശ്രമം: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് സിപിഎം ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ വ്യാപക ആക്രമം അഴിച്ചുവിടുന്നത്. സിപിഎം നേതാക്കളുടെ വീടുകള്‍ തങ്ങള്‍ ആക്രമിക്കുമെന്ന് ചില ബിജെപി നേതാക്കള്‍ വെല്ലുവിളിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട് പോലും ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് ആര്‍എസ് എസും ബിജെപിയും നല്‍കുന്ന സന്ദേശം. നേതാക്കളുടെ അറിവോടെയാണ് ആക്രമണങ്ങള്‍ നടന്നതെന്നും കോടിയേരി ആരോപിച്ചു.

മെഡിക്കല്‍ കോഴ പുറത്തുവന്നതിന്റെ ക്ഷീണം മറികടക്കാനാണ് ബിജെപിയുടെ നേതൃത്വത്തില്‍ അക്രമം നടത്തുന്നത്. കോഴ വിവാദം പുറത്തുവന്നതോടെ നേതാക്കന്മാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്തെല്ലാം പ്രകോപനമുണ്ടായാലും പാര്‍ട്ടി ഓഫീസുകളോ വീടുകളോ ആക്രമിക്കാന്‍ പാടില്ലെന്നതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം. ഇത് നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത് അപലപനീയമാണ്. ഇതൊരിക്കലും സിപിഎമ്മിന്റെ നയമല്ല. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്ന പാരമ്പര്യം ബിജെപിയുടേതാണ്. സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. എന്തെല്ലാം പ്രകോപനമുണ്ടായാലും സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് പോകരുതെന്ന് കോടിയേരി ആവശ്യപ്പെട്ടു.

Latest