നിതീഷ് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി; 131 എംഎല്‍എമാരുടെ പിന്തുണ

Posted on: July 28, 2017 1:27 pm | Last updated: July 28, 2017 at 4:34 pm

ന്യൂഡല്‍ഹി: ബിജെപി പിന്തുണയില്‍ ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. മൊത്തം 243 അംഗ നിയമസഭയില്‍ 131 പേര്‍ സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തു. 108 പേര്‍ എതിര്‍ത്തു. 122 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടിയിരുന്നത്.

ആര്‍ ജെ ഡിക്ക് 71 ഉം ബിജെപിക്ക് 53 ഉം കോണ്‍ഗ്രസിന്‌ 27യും എല്‍ എസ് പി , ആര്‍ എല്‍ സി പി എന്നിവര്‍ക്ക് രണ്ട് സീറ്റ് വീതവും എച്ച് എ എമ്മിന് ഒരു സീറ്റുമാണുള്ളത്.

വിശ്വാസ വോട്ട് തേടുന്നതിനിടെ സഭയില്‍ പ്രതിപക്ഷം ബഹളംവെച്ചു. ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ്വസി യാദവ് സഭയില്‍ നിതിഷിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. നിതീഷ് കുമാറിനോട് താങ്കള്‍ക്ക് നാണമില്ലേ എന്ന് ചോദിച്ച തേജസ്വി യാദവ് നിതീഷ് കുമാര്‍ ബിജെപിയുമായി കൂട്ടുചേര്‍ന്നത് അവസര വാദമാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു.

ബീഹാറില്‍ ആര്‍ ജെ ഡി- ജെ ഡി യു ബന്ധം വഷളായതിനെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് ബിജെപി പിന്തുണയില്‍ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.