സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് വിലക്ക്: ട്രംപിനെതിരെ യു എസില്‍ വ്യാപക പ്രതിഷേധം

Posted on: July 28, 2017 12:27 am | Last updated: July 27, 2017 at 11:28 pm

വാഷിംഗ്ടണ്‍: യു എസ് സൈന്യത്തില്‍ നിന്ന് ഭിന്നലിംഗക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം. ഭിന്നലിംഗക്കാര്‍ക്ക് സൈന്യത്തില്‍ പ്രവേശനമില്ലെന്ന ഇനിമുതല്‍ യുഎസ് സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് ജനറലുകള്‍ക്കും സൈനിക വിദഗ്ധര്‍ക്കുമൊപ്പം നടന്ന യോഗത്തില്‍ തീരുമാനിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ട്രംപിന്റെ വിവാദ തീരുമാനത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. എല്‍ ജി ബി ടി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനം കാറ്റില്‍പറത്തിയാണ് ട്രംപിന്റെ പുതിയ നയമെന്ന് ആരോപണം ഉയര്‍ന്നു. യു എസ് സൈന്യത്തില്‍ നിലവില്‍ ആയിരക്കണക്കിന് ഭിന്നലിംഗക്കാര്‍ ജോലി ചെയ്യുമെന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ, ട്രാന്‍ഡ് ജെന്‍ഡര്‍മാരെ വിലക്കികൊണ്ടുള്ള ട്രംപിന്റെ ട്വീറ്റിലെ പ്രയോഗങ്ങളും വിവാദമായിരിക്കുകയാണ്. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ നടപടി ലജ്ജാകരമാണെന്ന് എല്‍ ജി ബി ടി നെറ്റ്‌വര്‍ക്ക് പ്രതികരിച്ചു.