Connect with us

Kerala

ഹയര്‍ സെക്കന്‍ഡറിയില്‍ പത്ത് ശതമാനം സീറ്റ് വര്‍ധന

Published

|

Last Updated

തിരുവനന്തപുരം: ഒമ്പത് ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലാണ് സീറ്റ് വര്‍ധന. അടിസ്ഥാന സൗകര്യമുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പത്ത് ശതമാനം സീറ്റ് വര്‍ധന അനുവദിക്കും.

ഈ ജില്ലകളില്‍ ഒഴിവുള്ള സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകരുണ്ടെന്ന് കണ്ട സാഹചര്യത്തിലാണ് സീറ്റ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് മൂന്ന് പുതിയ ഐ ടി ഐകള്‍ തുടങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂര്‍ ധര്‍മടം, പാലക്കാട് പെരുമാട്ടി, തിരുവനന്തപുരം വാമനപുരം എന്നിവിടങ്ങളിലാണ് പുതിയ ഐ ടി ഐ. ധര്‍മടത്ത് മൂന്ന് ട്രേഡുകള്‍ ഉണ്ടാകും. ഇതിനുവേണ്ടി പത്ത് തസ്തികകള്‍ സൃഷ്ടിക്കും. പെരുമാട്ടിയിലും വാമനപുരത്തും രണ്ട് ട്രേഡുകളാണ് ഉണ്ടാകുക.

പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ ശിപാര്‍ശ പ്രകാരം കുഴല്‍മന്ദം, കുളത്തൂപുഴ എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ ആരംഭിക്കും. സൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് വടക്കാഞ്ചേരി, അട്ടപ്പാടി എന്നിവിടങ്ങളിലും ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ അനുവദിക്കും.