Connect with us

Kerala

കേരള നിയമസഭ സമ്പൂര്‍ണ ഹരിത നിയമസഭയാകുന്നു

Published

|

Last Updated

തിരുവനന്തപുരം: കേരള നിയമസഭ സമ്പൂര്‍ണ ഹരിത നിയമസഭയാക്കുന്നതിന്റെ ഭാഗമായി സൗരോര്‍ജ വൈദ്യുതിയിലേക്കു മാറാന്‍ ധാരണയായി. ഹരിത പ്രോട്ടോകോളിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണു നിയമസഭയും നിയമസഭാ സെക്രട്ടേറിയറ്റും പൂര്‍ണമായും സൗരോര്‍ജത്തിലേക്കു മാറുന്നത്.

പദ്ധതി സംബന്ധിച്ചു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ് ഗോയലുമായി വിശദമായ ചര്‍ച്ച നടത്തി. സ്പീക്കറുടെ പ്രസ് സെക്രട്ടറി ഡോ. പി.ജെ. വിന്‍സന്റും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.

രണ്ടു നിര്‍ദേശങ്ങളാണു പദ്ധതിയുടെ നടത്തിപ്പിനു വിഭാവനംചെയ്തിരിക്കുന്നത്. പദ്ധതി തുകയുടെ 30 ശതമാനം കേന്ദ്ര വിഹിതത്തോടെ സംസ്ഥാന നിയമസഭ സ്വതന്ത്രമായി പ്രൊജക്ട് നടപ്പാക്കുകയെന്നതാണ് ആദ്യത്തേത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ(ഇഎസ്എല്‍) സമ്പൂര്‍ണ മുതല്‍മുടക്കോടെ പദ്ധതി നടപ്പാക്കുകയെന്നതാണ് രണ്ടാമത്തേത്. ഈ രണ്ടു സാധ്യതകളും പരിശോധിച്ച് വിശദമായ പദ്ധതിരേഖ തയാറാക്കി സെക്രട്ടറിതലത്തില്‍ ചര്‍ച്ചചെയ്ത് ധാരണാപത്രം ഉണ്ടാക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി.