Connect with us

National

ഗുജറാത്തില്‍ മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

Published

|

Last Updated

കോണ്‍ഗ്രസിന്റെ നിയമസഭാ ചീഫ് വിപ്പ് ബല്‍വാന്റ് സിന്‍ഹ് രജ്പുത്(വലത്ത്)

അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബല്‍വാന്റ് സിന്‍ഹ് രജ്പുത്, തേജ്ശ്രീബിന്‍ പാട്ടീല്‍, പി.ഐ പാട്ടീല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേര്‍ന്നത്. ഇതില്‍ ബല്‍വാന്റ് സിന്‍ഹ് രജ്പുത് കോണ്‍ഗ്രസിനെ നിയമസഭാ ചീഫ് വിപ്പാണ്.

ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ്‌വഗേല കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചിരുന്നു. വഗേലയുടെ അടുത്ത അനുയായികളാണ് രാജിവച്ച എംഎല്‍എമാര്‍. കഴിഞ്ഞ ദിവസം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതിനു പിന്നാലെയാണു പുതിയ നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

വ്യക്തിപരമായി തനിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലയാളുകള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആശങ്കയുണ്ടാക്കിയെന്ന് രാജിവച്ച രജ്പുത് പ്രതികരിച്ചു. കഴിഞ്ഞ 35 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്നു. സിദ്ധാപൂരിലെ ജനങ്ങള്‍ക്കറിയാം താന്‍ പാര്‍ട്ടിക്കും അവര്‍ക്കും വേണ്ടി എത്രമാത്രം ജോലിചെയ്തുവെന്നും രാജ്പുത് പറഞ്ഞു. വഗേലയുമായി കുടുംബത്തിനുള്ള തന്റെ അടുപ്പത്തെ കോണ്‍ഗ്രസിലെ പലരും ചോദ്യം ചെയ്യുന്നുവെന്നത് സങ്കടകരമാണെന്നും അതിനാലാണ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ ജയിക്കണമെന്ന് കോണ്‍ഗ്രസിന് അറിയില്ലെന്ന് തേജ്ശ്രീബിന്‍ പാട്ടീല്‍
പ്രതികരിച്ചു. അതിനായി ഒരുതരത്തിലുമുള്ള പ്രവര്‍ത്തനവും അവര്‍ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.