ലുലു എക്‌സ്‌ചേഞ്ച് അല്‍ ഫലാ എക്‌സ്‌ചേഞ്ച് കമ്പനിയെ ഏറ്റെടുത്തു

Posted on: July 27, 2017 6:20 pm | Last updated: July 27, 2017 at 7:44 pm

അബുദാബി: ഗള്‍ഫിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് യു എ ഇയില്‍ നിരവധി ശാഖകളുള്ള അല്‍ ഫലാ എക്‌സ്‌ചേഞ്ച് കമ്പനിയെ പൂര്‍ണമായും ഏറ്റെടുത്തു. 30 ശാഖകളുള്ള അല്‍ഫലാ എക്‌സ്‌ചേഞ്ച് കമ്പനിയെ ഏറ്റെടുക്കുന്നതോടെ ലുലു എക്‌സ്‌ചേഞ്ചിന്റെ യു എ ഇയിലെ ശാഖകള്‍ 73 ആയി വര്‍ധിക്കും.

കൂടാതെ ആഗോളതലത്തില്‍ ലുലുവിന്റെ പ്രവര്‍ത്തനം 170 ശാഖകളായി ഉയരും. അല്‍ ഫലാ എക്‌സ്‌ചേഞ്ചിന്റെ ശാഖകള്‍ ഏറ്റെടുക്കുന്നതോടെ ലുലു എക്‌സ്‌ചേഞ്ച് ശൃംഖലയുടെ വ്യാപ്തി വര്‍ധിക്കുകയും വന്‍തോതിലുള്ള ഇടപാടുകള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുമെന്ന് ലുലു എക്‌സ്‌ചേഞ്ച് എം ഡി അദീബ് അഹ്മദ് അഭിപ്രായപ്പെട്ടു. യു എ ഇയിലെ റെഗുലേറ്റഴ്‌സിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വളരെ നല്ല സഹകരണത്തിന് നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എട്ട് വര്‍ഷം മുമ്പ് യു എ ഇയില്‍ ആരംഭിച്ച ലുലു എക്‌സ്‌ചേഞ്ചിന് ഒമാന്‍, കുവൈത്ത്, ഖത്വര്‍, ബഹ്‌റൈന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, സീഷെല്‍സ് എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തനങ്ങളുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന ലുലു എക്‌സ്‌ചേഞ്ചിന് പ്രാദേശിക തലത്തില്‍ മാത്രമല്ല, ആഗോള തലത്തിലും വലിയ സാന്നിധ്യമാവാന്‍ കഴിയും.

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സാമ്പത്തിക സേവന വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റമാണ് ലുലു എക്‌സ്‌ചേഞ്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 2020 ഓടെ ധനവിനിമയ രംഗത്ത് മുപ്പത് ശതമാനം ഇടപാടുകളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ സാധ്യമാക്കുകയാണ് ലുലു എക്‌സ്‌ചേഞ്ചിന്റെ ലക്ഷ്യമെന്ന് അദീബ് അഹ്മദ് വിശദീകരിച്ചു.