ജുനൈദിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും: മുഖ്യമന്ത്രി

Posted on: July 26, 2017 6:02 pm | Last updated: July 26, 2017 at 6:14 pm
SHARE

ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുനൈദിന്റെ കുടുംബത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള കേന്ദ്രം സ്ഥാപിക്കാന്‍ സഹായംനല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഡിവൈഎഫ്‌ഐ നേതാക്കള്‍ ജുനൈദിന്റെ സഹോദരനെയും മാതാപിതാക്കളെയും ഹരിയാനയിലെ ബല്ല്ഗഡിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസും ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജിയും സംഘത്തിലുണ്ടായിരുന്നു.

ജുനൈദിന്റെ മാതാപിതാക്കളായ ഷാഹിറ, ജലാലുദ്ദീന്‍, സഹോദരങ്ങളായ ഹാഷിം, ഷാഖിര്‍ എന്നിവരും മറ്റു ബന്ധുക്കളുമാണ് വന്നത്.

കഴിഞ്ഞ മാസം 25 നാണ് ഹരിയാന സ്വദേശിയായ ജുനൈദും സഹോദരങ്ങളും ട്രെയിനില്‍ ആക്രമിക്കപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നും പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്. ട്രെയിന്‍ ഒഖല സ്‌റ്റേഷനിലെത്തിയപ്പോള്‍ മറ്റു ചിലര്‍ ട്രെയിനില്‍ കയറുകയും യുവാക്കളുമായി സംഘം വാക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഒടുവില്‍ അസാവതി സ്‌റ്റേഷനിലെത്തിയപ്പോള്‍ യുവാക്കളെ ട്രെയിനില്‍ നിന്നും പുറത്താക്കുകയുമായിരുന്നു. സഹോദരന്‍ ഹാസിബിന്റെ മടിയില്‍ കിടന്ന് ജുനൈദ് മരിക്കുകയും ചെയ്തു.

ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here