Connect with us

Ongoing News

ഐസിസി ലോകകപ്പ് ടീം: മിഥാലി നായിക

Published

|

Last Updated

ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഐ സി സി (രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍) പ്രഖ്യാപിച്ച ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഇന്ത്യയുടെ മിഥാലി രാജ്. മുപ്പത്തിനാലുകാരിയുടെ ഗംഭീരമായ നേതൃത്വ മികവിലാണ് ഇന്ത്യ ഫൈനലിലെത്തിയത്. മിഥാലിയെ കൂടാതെ ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരും ഐ സി സി ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ലോര്‍ഡ്‌സില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ഒമ്പത് റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്.
ടൂര്‍ണമെന്റില്‍ 409 റണ്‍സാണ് മിഥാലി നേടിയത്. ന്യൂസിലാന്‍ഡിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മിഥാലിയുടെ സെഞ്ച്വറി (109) പ്രകടനം ഇന്ത്യയെ സെമിയിലെത്തിച്ചു. 186 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ക്വാര്‍ട്ടറില്‍ ഇന്ത്യ നേടിയത്.
മിഥാലിയുടെ മറ്റ് ശ്രദ്ധേയ ഇന്നിംഗ്‌സുകള്‍ ഇംഗ്ലണ്ടിനെതിരെ (71)യും വെസ്റ്റിന്‍ഡീസിനെതിരെ (46)യും ശ്രീലങ്കക്കെതിരെ(53)യും ആസ്‌ത്രേലിയക്കെതിരെ(69)യും ആണ്.

ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് നിരയില്‍ നിന്ന് നാല് പേര്‍ ടീമിലുണ്ട്. ടൂര്‍ണമെന്റിന്റെ താരമായി മാറിയ തംസിന്‍ ബ്യുമൊന്റ്, ഫൈനലിലെ മികച്ച താരം അന്യ ഷ്രുബ്‌സോലെ, വിക്കറ്റ് കീപ്പര്‍ സാറ ടെയ്‌ലര്‍, ഇടങ്കൈയ്യന്‍ സ്പിന്നര്‍ അലക്‌സ് ഹാര്‍ട്‌ലി എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ നിന്ന് ഇടം പിടിച്ചത്.
ദക്ഷിണാഫ്രിക്കയുടെ ഓപണര്‍ ലൗറ വോള്‍വര്‍ഡ്, ബൗളര്‍മാരായ മരിസാനെ കാപ്, ഡാന്‍ വാന്‍ നികെര്‍ക്, ആസ്‌ത്രേലിയ ആള്‍ റൗണ്ടര്‍ എലിസെ പെറി. ഇംഗ്ലണ്ടിന്റെ നതാലി സീവര്‍ പന്ത്രണ്ടാം താരം. ടൂര്‍ണമെന്റില്‍ 369 റണ്‍സും ഏഴ് വിക്കറ്റുമാണ് നതാലിയുടെ പ്രകടനം.
മിഥാലി, സാറ ടെയ്‌ലര്‍, ഷ്രുബ്‌സോലെ എന്നിവര്‍ കരിയറില്‍ രണ്ടാം തവണയാണ് ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ ഇടം പിടിക്കുന്നത്. മിഥാലിയും ടെയ്‌ലറും 2009 ഐ സി സി ലോകകപ്പിലും ഷ്രുബ്‌സോലെ 2013 ഐ സി സി ലോകകപ്പിലും ടൂര്‍ണമെന്റ് ടീമില്‍ ഇടം പിടിച്ചു.

ടീം ഓഫ് ദ ഐ സി സി വനിതാ ലോകകപ്പ് 2017 (ബാറ്റിംഗ് ഓര്‍ഡറില്‍)

തംസിന്‍ ബ്യുമൊന്റ് (ഇംഗ്ലണ്ട്) – 410 റണ്‍സ്
ലൗറ വോള്‍വര്‍ഡ് (ദ.ആഫ്രിക്ക) – 324 റണ്‍സ്
മിഥാലി രാജ് (ക്യാപ്റ്റന്‍, ഇന്ത്യ) – 409 റണ്‍സ്
എലിസെ പെറി (ആസ്‌ത്രേലിയ) – 404 റണ്‍സ്, ഒമ്പത് വിക്കറ്റ്
സാറ ടെയ്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ഇംഗ്ലണ്ട്) – 396 റണ്‍സ്, നാല് ക്യാച്ചുകള്‍, രണ്ട് സ്റ്റംപിംഗ്‌സ്
ഹര്‍മന്‍പ്രീത് കൗര്‍ (ഇന്ത്യ) -359 റണ്‍സ്, അഞ്ച് വിക്കറ്റ്
ദീപ്തി ശര്‍മ (ഇന്ത്യ) – 216 റണ്‍സ്, 12 വിക്കറ്റ്
മരിസാനെ കാപ് (ദ.ആഫ്രിക്ക) – 13 വിക്കറ്റ്
ഡാന്‍ വാന്‍ നികെര്‍ക് (ദ.ആഫ്രിക്ക) -99 റണ്‍സ്, 15 വി്ക്കറ്റ്
അനിയ ഷ്രുബ്‌സോലെ (ഇംഗ്ലണ്ട്) -12 വിക്കറ്റ്
അലക്‌സ് ഹാര്‍ട്‌ലി (ഇംഗ്ലണ്ട്) – 10 വിക്കറ്റ്
നഥാലി സീവര്‍ (പന്ത്രണ്ടാം താരം, ഇംഗ്ലണ്ട്) – 369 റണ്‍സ്, ഏഴ് വിക്കറ്റ്.

Latest