Connect with us

National

ബഹിരാകാശ ശാസ്ത്രജ്ഞന്‍ യുആര്‍ റാവു അന്തരിച്ചു

Published

|

Last Updated

ബെംഗളൂരു: രാജ്യാന്തരതലത്തില്‍ പ്രശസ്തനായ ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായ യുആര്‍ റാവു (85) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1984 മുതല്‍ 94 വരെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്നു. ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ചെയര്‍മാന്‍, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്‍സ് ചാന്‍സലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട, ചന്ദ്രയാന്‍-1, മംഗള്‍യാന്‍, ചൊവ്വ ദൗത്യം അടക്കമുള്ള ഇന്ത്യയുടെ നിരവധി ബഹിരാകാശ പദ്ധതികളിലും റാവു നിര്‍ണായക പങ്ക് വഹിച്ചു.

പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നിരവധി ദേശീയ പുരസ്‌കാരങ്ങളും റാവുവിനെ തേടിയെത്തി. ഉഡുപ്പി ജില്ലയിലെ അദംപൂര്‍ ഗ്രാമത്തില്‍ ജനിച്ച ഉഡുപ്പി രാമചന്ദ്ര റാവു, സതീഷ് ധവാന്‍, വിക്രം സാരാഭായ്, എംജികെ മേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.