പ്രണാബ് മുഖര്‍ജിയെ കാത്തിരിക്കുന്നത് കലാം താമസിച്ച വീട്

Posted on: July 24, 2017 8:59 am | Last updated: July 24, 2017 at 9:58 am

ന്യൂഡല്‍ഹി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ കാത്തിരിക്കുന്നത് മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാം താമസിച്ച ഔദ്യോഗിക വസതി. 10 രാജാജി റോഡിലെ ഈ എട്ട് മുറികളുള്ള വില്ലയിലാകും 81കാരനായ പ്രണാബ് മുഖര്‍ജി ഇനി ശിഷ്ടകാലം ചെലവഴിക്കുക.

11,776 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഈ വീട് പെയിന്റടിച്ച് പുതുമോടി വരുത്തിക്കഴിഞ്ഞു. ഫര്‍ണിച്ചറുകളെല്ലാം മാറ്റിസ്ഥാപിച്ചിട്ടുണ്ട്. രണ്ട് പ്രവേശന കവാടങ്ങളിലും പ്രണാബ് മുഖര്‍ജിയുടെ പേരിലുള്ള നെയിംബോര്‍ഡും തൂക്കിക്കഴിഞ്ഞു. മറ്റന്നാള്‍ പ്രണാബ് മുഖര്‍ജി ഇവിടേക്ക് താമസം മാറ്റും.

പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാഷ്ട്രപതി ഭവനിലേക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കിയ ശേഷമാകും പ്രണാബ് മുഖര്‍ജി രാഷ്ട്രപതി ഭവന്‍ വിടുക. വരവേല്‍പ്പിന് ശേഷം പുതിയ രാഷ്ട്രപതി പഴയ രാഷ്ട്രപതിയെ അദ്ദേഹത്തിന്റെ വസതിയിലേക്കും അനുഗമിക്കും.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്. 75,000 രൂപ പ്രതിമാസം പെന്‍ഷനായി ലഭിക്കും. രണ്ട് ടെലിഫോണുകള്‍, ഒരു മൊബൈല്‍ ഫോണ്‍, കാര്‍ എന്നിവയും സൗജന്യമാണ്. ഇതിന് പുറമെ എല്ലാ മെഡിക്കല്‍ ചെലവുകളും യാത്രാ ചെലവുകകളും പൂര്‍ണമായും സൗജന്യമാണ്. ഇന്ത്യയില്‍ എവിടെയും സൗജന്യമായി താമസിക്കുകയും ചെയ്യാം. എല്ലാ യാത്രോപാധികളിലും ഉയര്‍ന്ന ക്ലാസില്‍ സഞ്ചരിക്കാന്‍ അവകാശമുണ്ട്. വെള്ളം, വൈദ്യുതി തുടങ്ങിയവയും സൗജന്യമായി ലഭിക്കും. പ്രതിമാസം 60,000 രൂപ വരെ ചായ ഇനത്തിലും ചെലവഴിക്കാം. സെക്രട്ടേറിയല്‍ സ്റ്റാഫിനെ വെക്കാനും അനുമതിയുണ്ട്.

വിരമിച്ച ശേഷം രാഷ്ട്രപതി ഭവനിലെ തന്റെ അഞ്ച് വര്‍ഷക്കാലത്തെ ജീവിതാനുഭവങ്ങള്‍ പുസ്തമാക്കാന്‍ പ്രണാബ് മുഖര്‍ജി ഒരുങ്ങുന്നതായി ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. നല്ല വായനക്കാരന്‍ കൂടിയാണ് മുഖര്‍ജി. അദ്ദേഹത്തിന്റെ സ്വകാര്യ പുസ്തക ശേഖരവും രാഷ്ട്രപതി ഭവനില്‍ നിന്ന് പുതിയ വസതിയിലേക്ക് മാറ്റും.
ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ നിര്യാണ ശേഷം സാംസ്‌കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മയാണ് 10 രാജാജി റോഡിലെ ഔദ്യോഗിക വസതി ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന് അക്ബര്‍ റോഡില്‍ പുതിയ ബംഗ്ലാവ് അനുവദിച്ച് നല്‍കിയിട്ടുണ്ട്.