സഊദിയില്‍ പൊതുമാപ്പ് നാളെ അവസാനിക്കും

Posted on: July 22, 2017 12:16 pm | Last updated: July 22, 2017 at 12:16 pm

റിയാദ്: സഊദി അറേബ്യയില്‍ കഴിയുന്ന മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഏറെ ഗുണകരമായ പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കും. കഴിഞ്ഞമാസം അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് കാലാവധി പ്രത്യേക നിര്‍ദേശപ്രകാരം ഒരു മാസത്തേക്ക് നീട്ടുകയായിരുന്നു. അനധികൃതമായി കഴിയുന്നവര്‍ക്കായി മാര്‍ച്ച് 29ന് ആരംഭിച്ച പൊതുമാപ്പില്‍ ഇതുവരെ 5.7 ലക്ഷം വിദേശികള്‍ സ്വദേശത്തെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. യാതൊരു നിയമ നടപടികളുമില്ലാതെയും വിസ നിരോധനമില്ലാതെയും കുടിയേറ്റ, തൊഴില്‍ നിയമം ലംഘിച്ച മുഴുവനാളുകള്‍ക്കും രാജ്യം വിടാനുള്ള സൗകര്യമായിരുന്നു സഊദി അറേബ്യന്‍ അധികൃതര്‍ ഒരുക്കിയിരുന്നത്.

നിയമലംഘകരില്ലാത്ത രാജ്യം എന്ന സ്വപ്‌നം നാളെത്തോട് കൂടെ പൂവണിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിനായി തിങ്കളാഴ്ച മുതല്‍ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ ഔട്ട് പാസിന് അപേക്ഷിക്കാത്ത മുഴുവന്‍ നിയമലംഘകരായ വിദേശികളും അവരവരുടെ എംബസി വഴി ഇതിന് ശ്രമിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ പിടിക്കപ്പെടുന്ന നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നാണ് ജവാസാത്ത് വിഭാഗം വ്യക്തമാക്കിയത്. നിയമലംഘകരെ പരിപാലിക്കുന്ന കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിയമലംഘകരില്ലെന്ന് ഉറപ്പുവരുത്തേണ്ടത് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ചുമതലയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.