ദസറ : ഒരുക്കങ്ങളാരംഭിച്ചു; സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ തുറന്ന ബസും കാറുകളും

Posted on: July 22, 2017 10:16 am | Last updated: July 22, 2017 at 10:16 am

മൈസൂരു: ദസറ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ദസറ ആഘോഷിക്കാനായെത്തുന്നവരെ വരവേല്‍ക്കാന്‍ വ്യത്യസ്തമായ പരിപാടികളാണ് മൈസൂരു ജില്ലാ ഭരണകൂടവും സംസ്ഥാന വിനോദ സഞ്ചാരവകുപ്പും ഒരുക്കുന്നത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായുള്ള ഉന്നത തല യോഗം തിങ്കളാഴ്ച തലസ്ഥാനത്ത് ചേരും. മുഖ്യമന്ത്രി സിദ്ധരാമയ്യയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബജറ്റ്, ലോഗോ, ഉദ്ഘാടനച്ചടങ്ങ്, ആഘോഷ പരിപാടികള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ പ്രസ്തുത യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതെ സമയം, തികച്ചും വ്യത്യസ്തമായ രീതിയില്‍ തന്നെ ഇത്തവണത്തെ ദസറ ആഘോഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് തുറന്ന കാറും ഇരുനില ബസും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശം സജീവ പരിഗണനയിലുണ്ട്. മൈസൂരുവിലെ ചരിത്ര സ്മാരകങ്ങളും പ്രദേശങ്ങളും തുറന്ന കാറിലും ബസിലുമിരന്ന് സന്ദര്‍ശകര്‍ക്ക് വീക്ഷിക്കാനുപകരിക്കുന്നതായിരിക്കും പുതിയ സംവിധാനം. നേരത്തെ ബെംഗളൂരുവില്‍ തുറന്ന ബസില്‍ വിനോദ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ഈ ആശയത്തിന്റെ പിന്‍ബലത്തിലാണ് ദസറ ആഘോഷത്തിന്റെ ഭാഗമായി തുറന്ന കാറും ബസും ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ വാടകക്കെടുക്കുന്ന കാറുകളില്‍ ഏര്‍പ്പെടുത്തുന്ന സംവിധാനം ദിവസം രണ്ടു തവണയായിരിക്കും. രാവിലെ ഒമ്പത് മുതല്‍ 11 വരെയും വൈകീട്ട് ആറു മുതല്‍ രാത്രി എട്ടുവരെയും.

രാവിലെ ഒമ്പത് മുതലുള്ള യാത്ര മൈസൂരു കൊട്ടാരം, കെ ആര്‍ സര്‍ക്കിള്‍, സര്‍ക്കാര്‍ ആയുര്‍വേദകോളജ് തുടങ്ങിയ കേന്ദ്രങ്ങളിലൂടെയും വൈകുന്നേരത്തെ യാത്ര ചാമുണ്‌ഡേശ്വരി ക്ഷേത്രം വഴിയുമാകാനാണ് സാധ്യത.