രാംനാഥ് കോവിന്ദ്

Posted on: July 22, 2017 9:59 am | Last updated: July 22, 2017 at 10:00 am

രാംനാഥ് കോവിന്ദിന്റെ വിജയം അപ്രതീക്ഷിതമല്ല. ബി ജെ പി ദളിതനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കുക വഴി പ്രതിപക്ഷത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ കോവിന്ദിന്റെ വിജയം പ്രവചിച്ചതാണ്. എതിര്‍ ചേരിയില്‍ നിന്നുള്ള വോട്ടുകള്‍ നേടി മൂന്നില്‍ രണ്ട് ഭൂരപക്ഷത്തിനടുത്തെത്താനായതോടെ അദ്ദേഹത്തിന്റെ വിജയത്തിന് തിളക്കമേറുകയും ചെയ്തു. രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ദളിത് വിഭാഗത്തില്‍ നിന്ന് കെ ആര്‍ നാരായണന് ശേഷം മറ്റൊരാള്‍ കൂടി രാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്നുവെന്നത് രാജ്യത്തിന് അഭിമാനിക്കാവുന്ന ഒന്നാണ്. അതേസമയം, ആര്‍ എസ് എസ് ക്യാമ്പില്‍ നിന്നാണ് അദ്ദേഹം വന്നതെന്നത് ആശങ്കയുമുണര്‍ത്തുന്നു. ആര്‍ എസ് എസ് പോഷകസംഘടനയായ അഖില ഭാരതീയ കോലി സമാജിന്റെയും ദളിത് മോര്‍ച്ചയുടെയും അധ്യക്ഷനായും ബിജെ പിയുടെ ദേശീയ വക്താവായും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാംനാഥ് കോവിന്ദ്.
കുലീന വ്യക്തിത്വത്തിന്റെ ഉടമ, നിഷ്പക്ഷത, എല്ലാ വിഭാഗത്തിനും സ്വീകാര്യന്‍, മത, ജാതി ചിന്തകള്‍ക്കതീതമായി എല്ലാവരെയും തുല്യരായി കാണാനുള്ള കഴിവ്, നിയമപരവും ഭരണഘടനാപരവുമായി ആഴത്തിലുള്ള വിജ്ഞാനം എന്നിവയൊക്കെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് പരിഗണിക്കപ്പെടേണ്ട യോഗ്യതകളെങ്കിലും മോദിയും അമിത്ഷായും അതിലെല്ലാമുപരി കോവിന്ദിനെ പരിഗണിച്ചതിന് പിന്നില്‍ അദ്ദേഹത്തിന്റെ സംഘ്പരിവാര്‍ ബന്ധം തന്നെയാണ്. തങ്ങളുടെ രാഷ്ട്രീയ, ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കാന്‍ സഹകരിക്കുന്ന ഒരു വ്യക്തിയെയാണ് രാഷ്ട്രപതി ഭവനില്‍ അവര്‍ക്കാവശ്യം.

ഭരണഘടനയുടെ പ്രത്യേക പരിരക്ഷയുള്ള വ്യക്തിയാണ് രാഷ്ട്രപതി. അതേസമയം സര്‍ക്കാര്‍ തീരുമാനങ്ങളുടെ ഭരണഘടനാപരമായ സാധുതയും അംഗീകാരവും സൂക്ഷ്മമായി വിലയിരുത്താനും രാജ്യത്തിന്റെ മതേതര താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബാധ്യസ്ഥനുമാണ്. ഭരണകൂടത്തിന്റെ തലവനെന്ന നിലയില്‍ ലോകത്തിന് മുമ്പില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തുകയും മതേതരത്വത്തിനെതിരെ വരുന്ന ഭീഷണികളെ തുറന്നു കാട്ടുകയും വേണം. ഒരു തരത്തില്‍ ആലങ്കാരിക പദവിയാണ് രാഷ്ട്രപതി സ്ഥാനമെങ്കിലും സര്‍ക്കാറിന്റെ ചട്ടുകമെന്ന ദുഷ്‌പേരിനിടയാക്കാതെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവവും അനിവാര്യമാണ്.

രാഷ്ട്രപതി പ്രതിനിധാനം ചെയ്യുന്ന ദളിത് വിഭാഗം ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടമാണിത്. ഗോരക്ഷയുടെ പേരില്‍ രാജ്യത്തുടനീളം അവരും മുസ്‌ലിംകളും അക്രമിക്കപ്പെടുകയാണ്. ഗുജറാത്തിലെ ഉനയിലും വടക്കേന്ത്യയിലും പശുഗുണ്ടകള്‍ അഴിച്ചുവിട്ട ആക്രമണങ്ങളുടെ ഇരകള്‍ കൂടുതലും ദളിതരായിരുന്നു. ഉന്നത കലാലയങ്ങളിലാകട്ടെ കടുത്ത അവഗണനയും പീഡനവും. നിസ്സാര കാരണങ്ങള്‍ക്ക് പോലും ജാതിമേലാളന്മാര്‍ ദളിത് ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്നു. ഇത്തരം പൈശാചികതള്‍ക്കെതിരെ പ്രതികരിക്കാനും തന്റെ സമുദായത്തിന്റെ അസ്തിത്വത്തിന് വേണ്ടി ശബ്ദമുയര്‍ത്താനും കോവിന്ദിനാകുമോ? മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമുള്ള സംവരണം എടുത്തുകളയണമെന്നും ഈ മതങ്ങള്‍ ഇന്ത്യക്കന്യമാണെന്നും പ്രസ്താവിച്ച അദ്ദേഹത്തില്‍ നിന്ന് രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് നീതി പ്രതീക്ഷിക്കാമോ? ഇന്ത്യയുടെ രാഷ്ട്രപതിയായി അദ്ദേഹം തിളങ്ങുമോ, അതോ ഹിന്ദുത്വത്തിന്റെ റബര്‍ സ്റ്റാമ്പായി തരം താഴുമോ?
മതേതര,ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയോട് കടുത്ത വിയോജിപ്പുള്ളവരും ഭരണഘടന പൊളിച്ചെഴുതണമെന്ന വാദക്കാരുമാണ് ആര്‍ എസ് എസും സംഘ് പരിവാര്‍ സംഘനടകളും. ആ ക്യാമ്പില്‍ നിന്നൊരു രാഷ്ട്രപതി വരുമ്പോള്‍ അത് രാജ്യത്തെ മതേതര സ്വഭാവത്തെ മാറ്റിമറിക്കുമോ എന്ന ആശങ്ക സ്വഭാവികമാണ്. ഹിന്ദുത്വ റബര്‍ സ്റ്റാമ്പ് ആയിരിക്കണം അടുത്ത രാഷ്ട്രപതിയെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നുവെന്നതും ഇതോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. രാമക്ഷേത്ര നിര്‍മാണം, ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ അനുകൂലമായ തീരുമാനമെടുക്കാനും ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനും കഴിയുന്നയാളുമായിരിക്കണമെന്ന് സാമ്‌ന മുഖപ്രസംഗത്തിലൂടെയാണ് അവര്‍ ആവശ്യപ്പെട്ടത്.
വ്യക്തമായ ഹിന്ദുത്വ അജന്‍ഡയോടെയാണ് മോദി- അഷിത്ഷാ കൂട്ടുകെട്ടിന്റെ നീക്കങ്ങളോരോന്നും. നിര്‍ണായക സ്ഥാനങ്ങളില്‍ പരമാവധി ആര്‍ എസ് എസ് പശ്ചാത്തലമുള്ളവരെ നിയമിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രാജ്യെത്ത 29 ഗവര്‍ണര്‍മാരില്‍ 14 പേരും കേന്ദ്ര ഭരണ പ്രദേശത്തെ രണ്ട് ലഫ്.ഗവര്‍ണര്‍മാരും ആര്‍ എസ് എസുമായും ബി ജെ പിയുമായും അടുത്ത ബന്ധമുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗം പേരും ആര്‍ എസ് എസ് സ്വയം സേവകരോ പ്രചാരകുമാരോ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ളവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. സേനാ മേധാവി സ്ഥാനത്ത് രണ്ട് സീനിയോറിറ്റി മറികടന്നുള്ള മോദിയുടെ നിയമനവും ഹിന്ദുത്വ താത്പര്യത്തോടെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണകക്ഷിക്ക് നാഗ്പൂരിലെ ആര്‍ എസ് എസ് ഹെഡ് ഓഫീസ് മുന്നോട്ട് വെക്കുന്ന അജന്‍ഡക്കനുസൃതമായി നിയമനിര്‍മാണം നടത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന രാജ്യസഭ 2018ലെ ആദ്യമാസങ്ങളില്‍ ബി ജെ പിക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിക്കപ്പടുന്നു. രാഷ്ട്രപതിയും സ്വന്തം ആളാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. റേസ് കോഴ്‌സ് റോഡില്‍ പ്രധാനമന്ത്രിെയയും യും സഹമന്ത്രിമാരെയും കേന്ദ്രീകരിച്ചു നടന്നിരുന്ന ആര്‍ എസ് എസിന്റെ കരുനീക്കങ്ങള്‍ റെയ്‌സിന ഹില്ലിലേക്കും നീളാനാണ് കോവിന്ദിന്റെ വരവോടെ സാധ്യത.