ബോഫോഴ്‌സ് തോക്ക് നിര്‍മാണത്തിന് വ്യാജ ചൈനീസ് പാര്‍ട്‌സുകള്‍; സിബിഐ അന്വേഷണം തുടങ്ങി

Posted on: July 21, 2017 10:44 pm | Last updated: July 22, 2017 at 10:01 am

ന്യൂഡല്‍ഹി: ബോഫോഴ്‌സ് തോക്ക് നിര്‍മാണത്തിന് ചൈനയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. ജര്‍മനിയില്‍ നിര്‍മിച്ചത് എന്ന് ലേബല്‍ ചെയ്താണ് വ്യാജ ചൈനീസ് ഉത്പന്നങ്ങള്‍ തോക്ക് നിര്‍മാണത്തിനായി എത്തിച്ചത്. 155 എംഎം ധനുഷ് തോക്കുകളുടെ നിര്‍മാണത്തിലാണ് അപാകത കണ്ടെത്തിയത്.

ഡല്‍ഹിയില സിദ്ധ് സെയില്‍സ് സിന്‍ഡിക്കേറ്റ്, ജബല്‍പൂരിലെ ഗണ്‍സ് കാര്യേജ് ഫാക്ടറിയിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഗണ്‍സ് കാര്യേജ് ഫാക്ടറിയിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ചാണ് സിദ്ധ് സെയില്‍സ് വ്യാജ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്തതെന്ന് സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയില്‍ നിര്‍മിച്ച ‘വയര്‍ റൈസ് റോളര്‍ ബെയറിംഗ്’ മേഡ് ഇന്‍ ജര്‍മനി എന്ന് ലേബല്‍ ചെയ്ത് തോക്ക് നിര്‍മാണ കമ്പനിക്ക് നല്‍കുകയായിരുന്നു. ബോഫോഴ്‌സ് തോക്കിന്റെ തന്ത്രപ്രധാന ഭാഗമാണ് വയര്‍ റൈസ് റോളര്‍ ബെയറിംഗ്.

ബോഫോഴ്സ് തോക്കിന്റെ ഇന്ത്യൻ നിർമിത രൂപമാണ് ധനുഷ് േതാക്കുകൾ. യഥാർഥ ബോഫോഴ്സ് തോക്കിന് 27 കിലോമീറ്റർ ദൂരപരിധിയുള്ളപ്പോൾ ധനുഷ് തോക്കിന് 38 കിലോമീറ്ററാണ് ദൂരപരിധി. 1999ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാന് മേൽ അധീശത്വം സ്ഥാപിക്കാൻ ഇന്ത്യയെ സഹായിച്ചത് ബോഫോഴ്സ് തോക്കുകളാണ്.

414 ബോഫോഴ്സ് തോക്കുകൾ സ്വന്തമാക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ നിർമിച്ച തോക്കുകളിലാണ് ചെെനയിൽ നിന്നുള്ള ബെയറിംഗ് ഉപയോഗിച്ചതായി കണ്ടെത്തിയത്.