ബി ജെ പിയെ വിഭാഗീയതയില്‍ മുക്കി മെഡിക്കല്‍ കോളജ് കോഴ

Posted on: July 21, 2017 8:04 am | Last updated: July 21, 2017 at 12:07 am

കൊച്ചി: നേതാക്കള്‍ മെഡിക്കല്‍ കോളജിന് കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബി ജെ പി യില്‍ ഗ്രൂപ്പ് പോര് വീണ്ടും ശക്തമാകുന്നു. ശക്തമായ തെളിവുകളൊന്നുമില്ലാതെ റിപ്പോര്‍ട്ടില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പേരുള്‍പ്പെട്ടതാണ് പുതിയ ഗ്രൂപ്പ് പോരിന് തുടക്കമായിരിക്കുന്നത്.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് നിശബ്ദരായി കഴിഞ്ഞിരുന്ന ഇരു ഗ്രൂപ്പുകളും പുതിയ സാഹചര്യത്തില്‍ ഉണര്‍ന്ന് കഴിഞ്ഞു.
മുരളീധരന്‍ പക്ഷത്തോട് അടുപ്പമുള്ള കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവരാണ് മെഡിക്കല്‍ കോളജിന് അംഗീകാരം നേടികൊടുക്കാന്‍ കോഴവാങ്ങിയെന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കോഴവാങ്ങിയെന്ന് കമ്മീഷന്‍ മുമ്പാകെ സമ്മതിച്ച ആര്‍ എസ് വിനോദിനോട് നിലവിലുള്ള ഗ്രൂപ്പുകള്‍ക്ക് വലിയ താത്പര്യം ഇല്ല. എന്നാല്‍, പരാതിക്കാരനായ എസ് ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍ ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം ടി രമേശിന്റെ പേര് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വന്നത്.

പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നേടികൊടുക്കാന്‍ രമേശ് സഹായിച്ചുവെന്ന് താന്‍ മനസ്സിലാക്കി എന്നാണ് ഷാജിയുടെ മൊഴി. എന്നാല്‍, ഷാജിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് അന്വേഷിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ലന്ന് എം ടി രമേശ് അനുകൂല വിഭാഗം ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടത്താതെ രമേശിന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഗ്രൂപ്പ് ലക്ഷ്യങ്ങളുണ്ടെന്ന് ഇവര്‍ പറയുന്നു.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പോടെ ബി ജെ പി സംസ്ഥാന നേതൃനിരയില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് കരുതുന്നത്. അതിനാല്‍ സംസ്ഥാന നേതൃ പദവിയിലേക്ക് സാധ്യത കല്‍പ്പിക്കുന്ന എം ടി രമേശിനെ ഒതുക്കുന്നതിന് വേണ്ടിയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന് ഇവര്‍ കരുതുന്നു. അതീവ രഹസ്യമായിട്ട് നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ത്തികൊടുത്തതിന് പിന്നിലെ ലക്ഷ്യവും എം ടി രമേശ് തന്നെയാണ്.

നേതാക്കള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും മികച്ച പ്രതിച്ചായയുള്ള നേതാവണ് എം ടി രമേശ്. ഇതിന് പുറമേ സംഘപരിവാര്‍ നേതാക്കളുമായുള്ള നല്ല ബന്ധവും ഭാവിയില്‍ ഇദ്ദേഹം സംസ്ഥാന നേതൃപദവിയിലെത്തുമെന്ന സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നവയാണ്. അതിനാല്‍ എം ടി രമേശിനെതിരെ പാര്‍ട്ടി സംവിധാനത്തിന് പുറത്ത് അന്വേഷണം നടക്കണമെന്ന ഉദ്യേശത്തോടെയാണ് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയതെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, വര്‍ക്കലയിലെ മെഡിക്കല്‍കോളജുമായി ബന്ധപെട്ട വിഷയത്തിലാണ് അന്വേഷണമെന്നും അതിനാല്‍ പാലക്കാട്ടെ കോളജിനെക്കുറിച്ചുള്ള ആരോപണം അന്വേഷിക്കണ്ടതില്ലന്നുമുള്ള നിലപാടാണ് കമ്മീഷനുള്ളത്. പരാതിക്കാരന്റെ ആരോപണം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വന്നതില്‍ തെറ്റില്ലന്നാണ് മുരളീധരന്‍ പക്ഷം പറയുന്നത്. ഇതോടെ ഈ ആരോപണം മറ്റൊരു ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് മുരളീധരന്‍ ഗ്രൂപ്പിന്റെ ആവശ്യം.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വത്തിന് ഇതില്‍ നിലപാട് എടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.