Connect with us

International

ഇസ്‌റാഈല്‍ കടന്നുകയറ്റത്തിനെതിരെ ഫലസ്തീന്‍ പ്രക്ഷോഭം ശക്തമാക്കുന്നു

Published

|

Last Updated

ഗാസ: വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കും വിധം മസ്ജിദുല്‍അഖ്‌സ പള്ളി കോമ്പൗണ്ടില്‍ ഇസ്‌റാഈല്‍ സൈന്യം നടപ്പാക്കിയ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സമര പരിപാടികള്‍ ശക്തമാകാനുള്ള സാധ്യത വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ജറൂസലമിലും വെസ്റ്റ് ബാങ്കിലും ഇതിനെ ചൊല്ലി ഫലസ്തീനികളും ഇസ്‌റാഈല്‍ സൈന്യവും കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സമര പരിപാടികളും പ്രതിഷേധ സമരങ്ങളും ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഫലസ്തീന്‍ പോരാളികള്‍. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടിനുള്ളില്‍ മെറ്റല്‍ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. സംഭവത്തില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന മൂന്ന് ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യവും വെടിവെച്ചു കൊന്നിരുന്നു.

സംഘര്‍ഷവും പ്രതിഷേധ പരിപാടികളും ശക്തമായ സാഹചര്യത്തില്‍, ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ഹംഗറിയില്‍ നിന്ന് ഇസ്‌റാഈല്‍ സുരക്ഷാ മേധാവിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഒഴിവാക്കണമെന്നാണ് സുരക്ഷാ സൈനിക മേധാവിയുടെ നിര്‍ദേശം. എന്നാല്‍ കോമ്പൗണ്ടിനുള്ളിലെ ബാരിക്കേഡുകള്‍ ഒഴിവാക്കരുതെന്നാണ് ജറൂസലം പോലീസിന്റെ ആവശ്യം. പോലീസിന്റെ തീരുമാനത്തില്‍ ഫലസ്തീന്‍ അധികൃതര്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ മസ്ജിദുല്‍ അഖ്‌സയില്‍ ആരാധന നടത്താനുള്ള കീഴ്‌വഴക്കങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. നിലവിലെ കീഴ്‌വഴക്കം അനുസരിച്ച് മസ്ജിദുല്‍അഖ്‌സ കൊമ്പൗണ്ടിന്റെ നിയന്ത്രണം മുസ്‌ലിംകള്‍ക്കാണ്. എന്നാല്‍ ജൂതര്‍ക്ക് ഇവിടെ സന്ദര്‍ശനം നടത്താന്‍ അവകാശമുണ്ട്. അതേസമയം, പ്രാര്‍ഥന നിര്‍വഹിക്കാന്‍ അനുമതിയില്ല. എന്നാല്‍ ഇസ്‌റാഈല്‍ മുസ് ലിംകളുടെ അവകാശത്തെ ഹനിക്കുകയാണെന്നും ഇത് കൂടുതല്‍ വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഫലസ്തീനികള്‍ ഭയക്കുന്നു.

സാഹചര്യം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ചൈനാ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഫലസ്തീനിലേക്ക് തിരിച്ചിരിക്കുകയാണ്.