Connect with us

Gulf

ഖത്വര്‍ പൊതുജനാരോഗ്യ കര്‍മപദ്ധതിയില്‍ മാനസികാരോഗ്യത്തിന് മുന്‍ഗണന

Published

|

Last Updated

ദോഹ: ഖത്വര്‍ പൊതുജനാരോഗ്യ കര്‍മപദ്ധതി (2017- 22)യില്‍ മാനസികാരോഗ്യവും ക്ഷേമവും പ്രധാന ഉള്ളടക്കങ്ങളാകും. മാനസികാരോഗ്യത്തെ സംബന്ധിച്ച് തുറന്നുപറയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതും അങ്ങനെ എത്രയും വേഗം സഹായം ലഭ്യമാക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
2013ല്‍ ആരംഭിച്ച ദേശീയ മാനസികാരോഗ്യ കര്‍മപദ്ധതിയില്‍ മാനസികാരോഗ്യത്തിന്റെ ലക്ഷ്യങ്ങളും മറ്റും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ശരിയായ സമയം ശരിയായ സ്ഥലത്ത് വെച്ച് ശരിയായ പരിചരണം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളായിരുന്നു ഇതിന്റെ ലക്ഷ്യം. നാമെങ്ങനെ അനുഭവിക്കുന്നു, എന്ത് ചിന്തിക്കുന്നു, മറ്റുള്ളവരുമായുള്ള പെരുമാറ്റം, ദൈനംദിന ജീവിതത്തിന്റെ സമ്മര്‍ദങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നു തുടങ്ങിയവയില്‍ മാനസികാവസ്ഥ എങ്ങനെയാണെന്ന് നോക്കിയാണ് മാനസികാരോഗ്യം അളക്കുന്നത്. ശാരീരികമായ രോഗം, സമ്മര്‍ദം, അനാരോഗ്യ ജീവിതശൈലി, ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ സംഭവങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഒരാളെ കുറഞ്ഞ കാലത്തേക്ക് ദുര്‍ബലമായ മാനസികാരോഗ്യത്തിന് ഇടയാക്കിയേക്കാം.

ബോധവത്കരണത്തിന്റെ അഭാവം കാരണം മാനസിക രോഗം പലപ്പോഴും തെറ്റിദ്ധാരണക്ക് ഇടയാക്കിയിട്ടുണ്ട്. നിഷേധ മനോഭാവം പലപ്പോവും വ്യക്തിയെ ചുറ്റിപ്പറ്റുന്നു. ഇത് മുദ്രകുത്തലിലേക്ക് കടന്ന് വ്യക്തികളെയും കുടുംബത്തെയും നിശബ്ദരാക്കുന്നു. ഇതിലൂടെ അവര്‍ക്ക് സഹായം ലഭിക്കാതിരിക്കുന്നു. കുടുംബബന്ധവും സാമൂഹിക ജീവിതവും വലിയ ആഘാതങ്ങള്‍ക്ക് ഇടയാക്കുന്നു. അതിനാലാണ് മാനസിക ആരോഗ്യത്തെ സംബന്ധിച്ച് തുറന്നുപറയാന്‍ വേദിയൊരുക്കുന്നതെന്ന് ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൂസന്‍ ക്ലില്ലന്‍ഡ് പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ കുടുംബ ഡോക്ടറുടെ പരിശോധനയാണ് ആദ്യ പടിയെന്നും പിന്നീട് പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

ആഴ്ചയില്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന ഹയ്യാക് 107ല്‍ വിളിച്ച് അപ്പോയിന്റ്‌മെന്റ് നേടാവുന്നതാണ്. പൊതുജനാരോഗ്യ കര്‍മപദ്ധതിയിലെ മുന്‍ഗണനകളെ നിശ്ചയിക്കാനുള്ള സര്‍വേ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.

 

Latest