സച്ചിനെ ബാറ്റിംഗ് ഉപദേശകനായി നിയമിക്കണമെന്ന് രവി ശാസ്ത്രി

Posted on: July 19, 2017 3:07 pm | Last updated: July 19, 2017 at 3:09 pm

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ഉപദേശകനായി നിയമിക്കണമെന്ന് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. ചൊവ്വാഴ്ച നടന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തില്‍ ശാസ്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതായി ബിസിസിഐയിലെ ഒരു അംഗം പറഞ്ഞു. എന്നാല്‍, ബിസിസിഐ ശാസ്ത്രിയുടെ ആവശ്യം
നിരാകരിക്കുകയായിരുന്നു.

ശാസ്ത്രിയെ പരിശീലകനായി തിരഞ്ഞെടുത്ത ക്രിക്കറ്റ് ഉപദേശക സമിതിയിലെ അംഗമാണ് സച്ചിന്‍. കഴിഞ്ഞ ദിവസം ശാസ്ത്രിയുടെ വിശ്വസ്തരായ ഭരത് അരുണിനെ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായും സഞ്ജയ് ബംഗാറിനെ സഹ പരിശീലകനായും ആര്‍ ശ്രീധറിനെ ഫീല്‍ഡിംഗ് പരിശീലകനായും നിയമിച്ചിരുന്നു. ശാസ്ത്രിയുടെ കടുംപിടുത്തത്തെ തുടര്‍ന്ന്, സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉപദേശക സമിതിയുടെ താത്പര്യത്തിന് വിരുദ്ധമായാണ് ഇവരെ നിയമിച്ചത്.

ബൗളിംഗ് പരിശീലകനായി സഹീര്‍ ഖാനെയും വിദേശ പര്യടനങ്ങളിലെ ബാറ്റിംഗ് പരിശീലകനായി രാഹുല്‍ ദ്രാവിഡിനെയുമായിരുുന്നു ഉപദേശക സമിതി തിരഞ്ഞെടുത്തത്. എന്നാല്‍, ഇവരെ ഉപദേഷ്ടാക്കളാക്കി നിയോഗിക്കാമെന്നായിരുന്നു ശാസ്ത്രിയുടെ നിലപാട്.