ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കം

Posted on: July 19, 2017 11:44 am | Last updated: July 19, 2017 at 5:05 pm

കൊച്ചി: സംസ്ഥാനത്തെ 18 തദ്ദേശ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. പത്ത് സീറ്റുകളില്‍ എല്‍ഡിഎഫും ഏഴ് സീറ്റുകളില്‍ യുഡിഎഫും വിജയിച്ചപ്പോള്‍ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു.

മലപ്പുറത്ത് രണ്ട് യുഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തലക്കാട് കാരയില്‍ പഞ്ചായത്ത് വാര്‍ഡ്, എടക്കര പഞ്ചായത്ത് പള്ളിപ്പടി വാര്‍ഡ് എന്നിവയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തലക്കാട് കാരയില്‍ വാര്‍ഡില്‍ എല്‍ഡിഎഫ് അംഗം കെ നൂര്‍ജഹാനാണ് വിജയിച്ചത്. മുസ്‌ലിം ലീഗിലെ കെ ഹസീന രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ഫാത്വിമ സുഹറ, ലീഗ് വിമത സുമയ്യ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.

മലപ്പുറം എടക്കര പഞ്ചായത്തിലെ പള്ളിപ്പടി വാര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം കെ ചന്ദ്രന്‍ ആറ് വോട്ടുകള്‍ക്ക് വിജയിച്ചു. നിലവിലെ കോണ്‍ഗ്രസ് അംഗം എ മനുവിന് സര്‍ക്കാര്‍ ജോലി കിട്ടയതിനെതുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എം കെ ധനജ്ഞയന്‍(യുഡിഎഫ്),എന്‍ ആര്‍ സുകുമാരന്‍(ബിജെപി), എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.

കോഴിക്കോട് ഫറോക്ക് കോട്ടപ്പാടം ഏഴാം ഡിവിഷനില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ഇ കെ താഹിറ (മുസ്ലിം ലീഗ്) 156 വോട്ടിന് വിജയിച്ചു. നിലവിലെ അംഗമായിരുന്ന പി കെ സബീനയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്് വേണ്ടിവന്നത്. ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ 76.71 ശതമാനം പോളിംഗ് രേഖപെടുത്തിയിരുന്നു.