Connect with us

Articles

ഇന്ത്യ- ചൈന യുദ്ധം ആസന്നമാണോ?

Published

|

Last Updated

ഇന്ത്യ, ഭൂട്ടാന്‍, ചൈന എന്നിവയുമായി ചേര്‍ന്ന് നില്‍ക്കുന്ന മൂന്നും കൂടിയ മുക്കാണ് ദോക്‌ലാം. ഭൂട്ടാന്‍കാര്‍ വിളിക്കുന്ന പേരാണ് ദോക്‌ലാം. ചൈനക്കാര്‍ക്ക് അത് ദോംഗ്‌ലാംഗ് ആണ്. ടിബറ്റിന്റെ ഭാഗമായുള്ള ചുംബി താഴ്‌വരയിലാണ് ഈ പീഠഭൂമി. ഈ പ്രദേശത്തിന് മേല്‍ ഭൂട്ടാനും ചൈനയും ഒരു പോലെ അവകാശവാദമുന്നയിക്കുന്നു. ഇന്ത്യയുമായി നേരിട്ട് ബന്ധമൊന്നുമില്ല. എന്നാല്‍ ഭൂട്ടാനുമായി ഇന്ത്യ ഒപ്പുവെച്ച കരാര്‍ പ്രകാരം മേഖലയില്‍ ആര് ഇടപെട്ടാലും സഹായിക്കാനുള്ള ബാധ്യത ഇന്ത്യക്കുണ്ട്. ഈ ബന്ധുത്വം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യാ- ചൈനീസ് സൈന്യങ്ങള്‍ മുഖാമുഖം നില്‍ക്കുന്നത്. ഏത് സമയത്തും സംഭവിക്കാവുന്ന ഏറ്റുമുട്ടലിനായി ജാഗ്രതയോടെയുള്ള നില്‍പ്പാണിത്. തങ്ങളുടെ അധീനതയിലുള്ള യദോംഗില്‍ നിന്ന് ദോക്‌ലാമിലേക്ക് റോഡ് നിര്‍മിക്കാന്‍ ചൈന ആരംഭിച്ചതാണ് ഈ നില്‍പ്പിന്റെ പെട്ടെന്നുള്ള കാരണം. ഭൂട്ടാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണ് ഈ റോഡ് നിര്‍മാണം വഴി ചൈന. ആത്യന്തികമായി അത് ഇന്ത്യയെ തന്നെയാണ് ലക്ഷ്യം വെക്കുന്നത്. ഇടക്കിടക്ക് അതിര്‍ത്തി ലംഘിച്ച് ചൈനീസ് വിമാനങ്ങള്‍ ഇന്ത്യന്‍ ഭാഗത്ത് പറന്നും നാഥുലാ ചുരം അടച്ച് ഇന്ത്യന്‍ തീര്‍ഥാടകരുടെ മാന്‍സരോവര്‍ യാത്രക്ക് തടസ്സം സൃഷ്ടിച്ചും ചൈന പ്രകോപനം തുടരുകയാണ്. ഈ തുടര്‍ തര്‍ക്കം പരസ്പരമുള്ള തുറന്ന പോര്‍വിളിയിലേക്ക് നീങ്ങിയിരിക്കുന്നു. ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കാന്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ സേനാവിന്യാസം കടുപ്പിച്ചിരിക്കുകയാണ്. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളുടെയും സൈന്യം “സൗഹൃദപരമല്ലാതെ” ദീര്‍ഘനാള്‍ മുഖാമുഖം നിലയുറപ്പിക്കുന്നത് ഇതാദ്യമാണ്.
2012ല്‍ ദോക്‌ലാമിലെ ലാല്‍ട്ടനില്‍ ഇന്ത്യ നിര്‍മിച്ച ബങ്കറുകള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞ മാസം ഒന്നിന് ചൈനീസ് സൈന്യം ആവശ്യപ്പെട്ടു. ഇന്ത്യ കൂട്ടാക്കിയില്ല. അതിനിടെ കഴിഞ്ഞ മാസം ആറിന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (ചൈനീസ് സൈന്യം- പി എല്‍ എ)യുടെ ബുള്‍ഡോസറുകള്‍ രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കാനൊരുങ്ങി. തങ്ങളുടെ പ്രദേശത്തെ ബങ്കറുകള്‍ തകര്‍ക്കാന്‍ ആരുടെയും സമ്മതം വേണ്ടെന്നായിരുന്നു ചൈനയുടെ അവകാശവാദം. എന്നാല്‍, ബങ്കറുകള്‍ക്ക് കൂടുതല്‍ കേടുപാടുകളോ കൂടുതല്‍ അതിക്രമങ്ങളോ ഉണ്ടാകുന്നതിന് മുമ്പ് തന്നെ പി എല്‍ എയുടെ നീക്കം തടഞ്ഞതായി സൈനിക വൃത്തങ്ങള്‍ പറയുന്നു.
ദോക്‌ലാം ഒരു പ്രതീകം മാത്രമാണ്. ഇന്ത്യക്കും ചൈനക്കുമിടയില്‍ രൂപപ്പെട്ട പല അടരുകളുള്ള ഭിന്നതകളുടെ പ്രത്യക്ഷ സ്വരൂപം. യഥാര്‍ഥത്തില്‍ യുദ്ധ സമാനമായ ഒരു അന്തരീക്ഷത്തിലേക്ക് ഇരു രാജ്യങ്ങളും നേരത്തേ തന്നെ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കുമ്പോള്‍ ഇന്ത്യ 1962 ഓര്‍ക്കുന്നത് നന്നെന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന, ചിരപുരാതനമായി യുദ്ധങ്ങള്‍ക്ക് മുമ്പേ നടക്കാറുള്ള പോര്‍വിളിക്ക് സമാനമായിരുന്നു. ഇന്ത്യന്‍ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ മറുപടിയും അത്തരത്തിലായിരുന്നു: ഇന്നത്തേത് 1962ലെ ഇന്ത്യയല്ല! ജെയ്റ്റ്‌ലിയും സുഷമയും ചേര്‍ന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുകയും ദോക്‌ലാമിലെ സ്ഥിതിവിശേഷം വിശദീകരിക്കുകയും ചെയ്തതോടെ പ്രത്യക്ഷ യുദ്ധം തുടങ്ങാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടായിരിക്കുകയാണ്.
ഇന്ത്യയുടെ മുന്‍കൈയിലല്ല 1962ലെ യുദ്ധം നടന്നത്. പാക്കിസ്ഥാന്‍ ആക്രമിച്ചാലും ചൈനയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം ഉണ്ടാകില്ലെന്ന് ജവാഹര്‍ ലാല്‍ നെഹ്‌റു ഉറച്ച് വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തെ കൂടിയാണ് അന്ന് ചൈന ആക്രമിച്ചത്. പിന്നെ, നയതന്ത്ര ചര്‍ച്ചകള്‍ക്കിടെ ഭായി- ഭായി എന്നൊക്കെ പറയുമെങ്കിലും ഇന്ത്യയും ചൈനയും ഒരിക്കലും വിശ്വസിച്ചിട്ടില്ല. അവിശ്വാസത്തിന്റെ ആയുധം ആവനാഴിയില്‍ ഒളിപ്പിച്ചു വെച്ച് തന്നെയാണ് ഇരു രാജ്യങ്ങളും സംസാരിക്കുന്നത്. ഏറ്റവും ഒടുവില്‍ സംഭവിച്ചത് നോക്കൂ. സൈന്യം അവിടെ മുഖാമുഖം മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ജി 20 ഉച്ചകോടിയുടെ ഇടനാഴിയില്‍ മോദിയും സി ജിന്‍പിംഗും കണ്ടു മുട്ടിയത്. അവര്‍ ചിരിച്ചു, ഹസ്തദാനം ചെയ്തു. സംസാരിച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധം ആസന്നമായിരിക്കുന്നുവെന്ന് പറയുന്നവര്‍ക്കുള്ള മറുപടി നേതാക്കള്‍ ചിരിച്ചു നില്‍ക്കുന്ന ആ ഒറ്റചിത്രത്തിലുണ്ടെന്ന് നമ്മുടെ വിദേശകാര്യ സെക്രട്ടറി വീമ്പു പറഞ്ഞു. തൊട്ടടുത്ത നിമിഷം ചൈനീസ് വിദേശകാര്യ മന്ത്രാലയം തിരുത്തി: മോദി- ജിന്‍പിംഗ് കൂടിക്കാഴ്ച നടന്നിട്ടില്ല. ഇത്തരത്തില്‍ എല്ലാ നയതന്ത്ര നീക്കങ്ങള്‍ക്കും പിറകേ ബന്ധവിച്ഛേദനത്തിന്റെ സ്വരം ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു.
ചൈന വളരെ തന്ത്രപൂര്‍വമാണ് കരുക്കള്‍ നീക്കുന്നത്. ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം തുടങ്ങിയിട്ട് നാളെറെയായി. ആ യുദ്ധത്തില്‍ അവര്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നു. ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യയെ ചൈന തടയിടുന്നു. എന്‍ എസ് ജിയില്‍ നിലവിലുള്ള എല്ലാ അംഗരാജ്യങ്ങളും പിന്തുണച്ചാല്‍ മാത്രമേ പുതിയൊരു അംഗത്തിന് കയറാനാകൂ. അപ്പോള്‍ ചൈന മാത്രം ഇടഞ്ഞ് നിന്നാല്‍ ഇന്ത്യ ആണവ ക്ലബ്ബില്‍ അംഗമാകില്ല. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത രാജ്യത്തിന് എന്‍ എസ് ജി അംഗത്വം നല്‍കരുതെന്ന് ചൈന വാദിക്കുന്നു. എന്നാല്‍ യു എസുമായുള്ള 123 കരാര്‍ വഴി ഈ അംഗവൈകല്യം ഇന്ത്യ മറികടന്നിരിക്കുന്നുവെന്നാണ് മറ്റു അംഗ രാജ്യങ്ങള്‍ പറയുന്നത്. അപ്പോള്‍ ചൈന അടുത്ത നിബന്ധന വെക്കുന്നു. ഇന്ത്യക്ക് അംഗത്വം നല്‍കിയാല്‍ പാക്കിസ്ഥാനും നല്‍കണം. അതിന് പക്ഷേ മറ്റു രാജ്യങ്ങള്‍ സന്നദ്ധമല്ല. സാകിയുര്‍റഹ്മാന്‍ ലഖ്‌വിയെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് ഇന്ത്യ യു എന്നില്‍ പ്രമേയം കൊണ്ടു വന്നാല്‍ ചൈന എതിര്‍ക്കും. ശ്രീലങ്കയില്‍ ഇന്ത്യ ഏതെങ്കിലും പ്രോജക്ട് പ്രഖ്യാപിച്ചാല്‍ അതിനേക്കാള്‍ വലുത് കൊണ്ട് വന്ന് ചൈന പിടിമുറുക്കും. മ്യാന്‍മറിലും മാലെ ദ്വീപിലുമെല്ലാം ഇത് തന്നെയാണ് സ്ഥിതി. ഇന്ത്യയുടെ സൈനിക ബലത്തില്‍ സ്ഥാപിതമായ ബംഗ്ലാദേശില്‍ പോലും ചൈനക്കാണ് സ്വാധീനം. ദക്ഷിണ ചൈനാ കടലില്‍ നടത്തുന്ന പടയൊരുക്കവും ഇന്ത്യയെ വളഞ്ഞ് നില്‍ക്കും വിധം അയല്‍ രാജ്യങ്ങള്‍ക്ക് ചൈന നല്‍കുന്ന സൈനിക സഹായവും യുദ്ധത്തിന് ചൈന ഒരുങ്ങിയെന്നതിന് തെളിവാണ്. അപ്പോള്‍ ദോക്‌ലാമില്‍ മുഖാമുഖം നില്‍ക്കുന്ന സൈനികര്‍ യുദ്ധാസന്നതയുടെ തുമ്പ് മാത്രമാണ്. പരോക്ഷ പടയൊരുക്കമാണ് പ്രധാനം. അതാണ് അപകടകരവും.
പാക്കിസ്ഥാനെ ചൈന തന്ത്രപര പങ്കാളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി പാക്കധീന കശ്മീര്‍ വരെ നീളുന്ന ബഹുരാഷ്ട്ര പദ്ധതിയാണ്. ചൈന ആഗ്രഹിച്ചത് പോലെ, ഇതു സംബന്ധിച്ച ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കുകയായിരുന്നു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ്യം വഹിക്കാമെന്ന ചൈനയുടെ പ്രസ്താവനയും പാക് വക്കാലത്ത് ഏറ്റെടുത്തു കൊണ്ടാണ്. ആഗോള തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമാണ് പാക്കിസ്ഥാനെന്ന് മോദി- ട്രംപ് സംയുക്ത പ്രസ്താവന പ്രഖ്യാപിച്ചിരുന്നു. ഇതാദ്യമായിരുന്നു പാക്കിസ്ഥാന് നേരെ അമേരിക്ക ഇത്ര കടുത്ത പ്രത്യക്ഷ ആക്രമണം നടത്തിയത്. തൊട്ടു പിറ്റേ ദിവസം ചൈന രംഗത്തെത്തി. പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ ഇരയാണെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ആ രാജ്യം മുന്‍ നിരയില്‍ ഉണ്ടെന്നുമായിരുന്നു ചൈനയുടെ പ്രസ്താവന.
ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന് ആഫ്രിക്കന്‍ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന ജിബൂട്ടിയില്‍ ചൈന സൈനിക താവളം സ്ഥാപിച്ചതും അത്യന്തം അപകടകരമായ നീക്കമാണ്. മേഖലയില്‍ ചൈന ഇറങ്ങിക്കളിക്കാന്‍ പോകുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്. തന്ത്രപരമായ സ്ഥാനമാണ് ജിബൂട്ടിക്ക് ഉള്ളത്. സമാധാന പൂര്‍ണമായ ഈ കൊച്ചു ആഫ്രിക്കന്‍ രാജ്യത്ത് മിക്ക വന്‍ ശക്തികള്‍ക്കും താവളങ്ങള്‍ ഉണ്ട്. ബാബ് അല്‍ മന്ദിബ് സ്‌ട്രെറ്റില്‍, ലോകത്തെ ഏറ്റവും തിരക്കേറിയ വ്യാപാര പാതയായ സൂയസ് കനാലിനോട് ചേര്‍ന്ന് കിടക്കുന്ന ഈ രാജ്യം ഇന്ത്യന്‍ മഹാസമുദ്രം വഴി ആക്രമണമുനകള്‍ സൃഷ്ടിക്കാനുള്ള സുരക്ഷിത കേന്ദ്രമാണ്. മിഡില്‍ ഈസ്റ്റിലേക്ക് തുറക്കുന്ന വാതിലാണ് ഈ ഭൂവിഭാഗം. യമനുണ്ട് അടുത്ത്. ആഫ്രിക്കന്‍ ഭാഗത്ത് എത്യോപ്യയും സൊമാലിയയും. ഒരു രാജ്യം എങ്ങനെയാണ് മറ്റുള്ളവരുടെ താത്പര്യങ്ങളുടെ കേന്ദ്രമാകുന്നതെന്നും സൈനിക താവളങ്ങളാല്‍ “സമ്പന്നമാ”കുന്നതെന്നും അറിയണമെങ്കില്‍ ജിബൂട്ടിയെക്കുറിച്ച് പഠിക്കണം. അമേരിക്കയുടെ കുപ്രസിദ്ധമായ ക്യാമ്പ് ലമോണിയര്‍ താവളം ഇവിടെയാണ്. ഫ്രാന്‍സിനും ഇറ്റലിക്കും ജപ്പാനും സഊദിക്കുമെല്ലാം ഇവിടെ താവളങ്ങളുണ്ട്. ഇതിനിടയിലേക്ക് വന്‍ സന്നാഹങ്ങളോടെയാണ് ചൈന വന്നിരിക്കുന്നത്. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും നിലനില്‍ക്കുന്ന ജിബൂട്ടിയിലേക്ക് വെറും കൈയോടെയല്ല ചൈനയുടെ വരവ്. കൂറ്റന്‍ റെയില്‍വേ പദ്ധതി ചൈന തുടങ്ങി കഴിഞ്ഞു. 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഗള്‍ഫ് ഓഫ് ഏദനിലെ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തടയാനാണ് സൈനിക താവളം പണിയുന്നതെന്നും ആഗോള സമാധാന ദൗത്യങ്ങളില്‍ പങ്കു ചേരുകയാണ് ലക്ഷ്യമെന്നുമൊക്കെ ചൈന അവകാശപ്പെടുമ്പോഴും യഥാര്‍ഥ ലക്ഷ്യം അമേരിക്കയെ വെല്ലുവിളിക്കുക തന്നെയാണ്. അതുവഴി ഇന്ത്യയെയും ജപ്പാനെയും കമ്യൂണിസ്റ്റ് രാഷ്ട്രം വിറപ്പിക്കാന്‍ നോക്കുന്നു.
എന്നാല്‍ ഒരു കാര്യം കാണാതെ പോകരുത്. ഈ പടയൊരുക്കങ്ങളൊന്നും ഏകപക്ഷീയമല്ല. ട്രംപ് അധികാരത്തില്‍ വന്ന ശേഷം സമാനതയിലൂന്നിയ ശക്തമായ കൂട്ടുകെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. മോദിയുടെ ഇക്കഴിഞ്ഞ യു എസ് സന്ദര്‍ശനത്തിലെ ഓരോ അണുവിലും ഈ ബാന്ധവത്തിന്റെ ഇടിമുഴക്കമുണ്ടായിരുന്നു. ഇസ്‌റാഈല്‍ സന്ദര്‍ശനം കൂടിയായപ്പോള്‍ അത് പാരമ്യത്തിലെത്തി. സ്വാഭാവികമായും ഇത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. സന്തുലിതമായ വിദേശ നയത്തില്‍ നിന്ന് പക്ഷം പ്രഖ്യാപിക്കുന്ന നിലയിലേക്ക് ചുവട് മാറിയതോടെ അമേരിക്കയുടെ ശത്രുക്കളെല്ലാം ഇന്ത്യയുടെ ശത്രുക്കളാകുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ഉത്തര കൊറിയ ഏറ്റവും നല്ല ഉദാഹരണം. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ അമേരിക്ക നടത്തുന്ന പടയൊരുക്കം ഇന്ത്യക്ക് വേണ്ടിയാണെന്ന് ചൈന പരാവര്‍ത്തനം ചെയ്യുന്നു. മേഖലയിലെ സര്‍വരാജ്യങ്ങളെയും വരുതിയിലാക്കി ഇതിനെ നേരിടുകയെന്ന കുതന്ത്രത്തിലേക്ക് ചൈന എത്തിച്ചേരുന്നത് അങ്ങനെയാണ്. നേരത്തേ സൂചിപ്പിച്ചത് പോലെ, ഇതൊന്നുമില്ലെങ്കിലും ശത്രുത തുടരുമായിരിക്കാം. പക്ഷേ, ശത്രുതയെ സങ്കീര്‍ണമായ നിലയിലേക്ക് വളര്‍ത്താന്‍ മോദി ഭരണകൂടത്തിന്റെ നയതന്ത്ര എടുത്തു ചാട്ടങ്ങള്‍ വഴി വെച്ചുവെന്ന വസ്തുത അംഗീകരിച്ചേ തീരൂ.
അപ്പോഴും ഒരു കാര്യം തീര്‍ത്ത് പറയാനാകും. ഉടനടി ഒരു പ്രത്യക്ഷ യുദ്ധം ഉണ്ടാകില്ല. അതിന് കാരണം സൈനികമല്ല; സാമ്പത്തികമാണ്. വേലിയോട് ചേര്‍ന്ന ഇത്തിരി സ്ഥലത്തിനായി ജീവിതകാലം മുഴുവന്‍ വ്യവഹാരം നടത്തി, കത്തിക്കുത്തുണ്ടാക്കി, ജീവിതം തുലക്കുന്ന കാരണവന്‍മാരുടെ കാലം കഴിഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും ഈ മാറ്റം സംഭവിച്ചിരിക്കുന്നു. ആരും ജയിക്കാത്ത, എല്ലാവരും തോല്‍ക്കുന്ന യുദ്ധങ്ങളാണ് വരാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. യുദ്ധത്തിന് പോയാല്‍ ലോകത്തെ ഒന്നാം നമ്പറിലേക്കുള്ള ചൈനയുടെ സാമ്പത്തിക കുതിപ്പ് അസ്തമിക്കും. ഇന്ത്യയിലും ഏഷ്യയിലാകെയും വലിയ പ്രതിസന്ധിയുണ്ടാകും. ആഗോള സാമ്പത്തിക മാന്ദ്യം തന്നെയുണ്ടായേക്കാം. അത്‌കൊണ്ട്. അമേരിക്ക തന്നെ ഇടപെടും. ആഗോള സാഹചര്യത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ശാക്തിക വടം വലിയുടെ വലിയ കാഴ്ചയില്‍ വെച്ച് കൊണ്ട് മാത്രമേ ഇന്ത്യയും ചൈനയും തമ്മില്‍ രൂപപ്പെട്ട സംഘര്‍ഷത്തെ കാണാനാകൂവെന്ന് ചുരുക്കം.
ഒടുവില്‍ കിട്ടിയത്: ദോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ “പിന്‍വലിക്കുന്ന പ്രശ്‌നമില്ല” എന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നുവെച്ചാല്‍ പിന്‍വലിക്കുമെന്ന് തന്നെ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്