ആംനസ്റ്റി മുന്നോട്ട് വെക്കുന്ന കണക്കുകള്‍

Posted on: July 17, 2017 6:01 am | Last updated: July 16, 2017 at 11:59 pm

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ മെല്ലപ്പോക്കും നീതി നിഷേധത്തിന്റെ നിരവധി അടരുകള്‍ അതില്‍ അടങ്ങിയിരിക്കുന്നുവെന്നതും വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. വിചാരണാതടവുകാരുടെ ആധിക്യവും അവര്‍ അനന്തമായി അനുഭവിക്കുന്ന തടവും മനുഷ്യാവകാശ ലംഘനങ്ങളും ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ഖ്യാതിക്ക് മേല്‍ തീരാകളങ്കം ചാര്‍ത്തുകയാണ്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന മഹാവാക്യം ഉച്ചരിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് വിവിധ ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്ന മനുഷ്യരെക്കുറിച്ച് എന്ത് പറയാനുണ്ട്? വര്‍ഷങ്ങളുടെ ജയില്‍ വാസത്തിന് ശേഷം നിരപരാധിയെന്ന് വിധിക്കപ്പെട്ട് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് നഷ്ടപ്പെട്ട ജീവിതത്തിന് എന്ത് പ്രതിക്രിയയാണ് നല്‍കാനാകുക? വിചാരണ തടവുകാരുടെ എണ്ണത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറെ മുന്നിലാണെന്ന് ആംനസ്റ്റി ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വിചാരണാ തവുകാരുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ 18-ാം സ്ഥാനത്തും ഏഷ്യയില്‍ മൂന്നാം സ്ഥാനത്തുമാണെന്ന് ‘നീതി വിചാരണ ചെയ്യപ്പെടുന്നു’ എന്ന പേരില്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2015 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ജയിലിലെ 67 ശതമാനം തടവുകാരും വിചാരണ നേരിടുന്നവരാണ്. വര്‍ഷങ്ങളായി ഇവരുടെ കാര്യത്തില്‍ തീര്‍പ്പാകാതെ വിചാരണ നീളുകയാണ്. കുറ്റം വിധിക്കപ്പെട്ടവരുടെ ഇരട്ടിയാണ് വിചാരണാ തടവുകാര്‍.
വിചാരണാ തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ചട്ടങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുകയാണ്. സെക്ഷന്‍ 436 എ പ്രകാരം മോചിപ്പിക്കേണ്ട വിചാരണാ തടവുകാരെ കുറിച്ച് മിക്ക ജയില്‍ അധികൃതര്‍ക്കും ഒരു ധാരണയുമില്ല. കോടതികളില്‍ വാദം കേള്‍ക്കുമ്പോള്‍ വിചാരണാ തടവുകാരെ കൊണ്ടുപോകാത്തത് കേസ് നീണ്ടുപോകുന്നതിന് കാരണമാകുന്നു. എസ്‌കോര്‍ട്ട് പോകാന്‍ പോലീസില്ലാത്തതാണ് ഇതിന് കാരണമായി പറയുന്നത്.
വിവിധ ജയിലുകളില്‍ കഴിയുന്ന വിചാരണാ തടവുകാരില്‍ ഭൂരിഭാഗവും മുസ്‌ലിം, ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന ഗുരുതരമായ വസ്തുതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. വിചാരണാ തടവുകാരില്‍ 53 ശതമാനവും മുസ്‌ലിം, ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നാണെന്ന് ആംനസ്റ്റി വ്യക്തമാക്കുന്നു. ഔദ്യോഗിക സംവിധാനമായ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയും ഈ കണക്കുകള്‍ ശരിവെക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ബ്യാറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 55 ശതമാനം വിചാരണാ തടവുകാരും മുസ്‌ലിംകളും ദളിതരും ആദിവാസികളുമാണ്. രാജ്യത്തെ ജനസംഖ്യയുടെ 39 ശതമാനം മാത്രമാണ് ഈ വിഭാഗത്തിലുള്ളവരെന്നോര്‍ക്കണം. പക്ഷേ, ജയിലില്‍ അടക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഈ ജനവിഭാഗങ്ങളാണ് കൂടുതല്‍. അധസ്ഥിത- പിന്നോക്ക വിഭാഗങ്ങളിലെ ഭൂരിപക്ഷം പേരും കുറ്റം ചെയ്തതിനല്ല മറിച്ച് വിചാരണയുടെ പേരിലാണ് ജയിലില്‍ കിടക്കേണ്ടി വരുന്നത്. കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവാണെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. മുസ്‌ലിംകളില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്നവര്‍ 15.8 ശതമാനമാണെങ്കില്‍ വിചാരണതടവുകാര്‍ 20.9 ശതമാനമാണ്.
ശിക്ഷയോ രക്ഷയോ എന്നറിയാതെ ജയിലില്‍ കിടക്കുന്നവരുടെ ബാഹുല്യത്തില്‍ കേരളവും ഒട്ടും പിറകിലല്ല. തടവുകാരില്‍ 20 ശതമാനം പേര്‍ നിരപരാധികളാണെന്ന് 2013ല്‍ അന്ന് ജയില്‍ ഡി ജി പിയായിരുന്ന ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ പരാമര്‍ശം ഞെട്ടലോടെയാണ് കേരളം കേട്ടത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, കുട്ടികള്‍, സ്ത്രീകള്‍, കരുതല്‍ തടങ്കല്‍ അനുഭവിക്കുന്നവര്‍, യഥാര്‍ഥ പ്രതിക്ക് പകരമായി ശിക്ഷ അനുഭവിക്കുന്നവര്‍ എന്നിങ്ങനെ പല നിലകളില്‍ നിരപരാധികള്‍ ജയിലില്‍ കഴിയുന്നുണ്ട്.
കേസ് നടത്താന്‍ പണമില്ലാത്തത് കൊണ്ടാണ് പലരും വിചാരണ നീണ്ട് ജയിലില്‍ കഴിയുന്നത്. ജാതി വിവേചനത്തിന്റെ ഭാഗമായി കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കപ്പെട്ട ദളിതരെ പുറത്തിറങ്ങാന്‍ അനുവദിക്കാത്ത വിധത്തില്‍ പണവും സ്വാധീനവും ഉപയോഗിക്കുകയാണ് എതിരാളികള്‍. മുസ്‌ലിം ചെറുപ്പക്കാരുടെ കാര്യത്തില്‍ തീവ്രവാദ ആരോപണമാണ് ഉപയോഗിക്കുന്നത് എന്നതിന് ജീവിക്കുന്ന നിരവധി തെളിവുകള്‍ നമുക്ക് മുന്നിലുണ്ടല്ലോ. ഇത്തരം പ്രവണതകള്‍ നീതിന്യായ വ്യവസ്ഥയിലുള്ള പൗരന്‍മാരുടെ വിശ്വാസം തന്നെ കളഞ്ഞ് കുളിക്കും. അത് നമ്മുടെ സാമൂഹിക, രാഷ്ട്രീയ ഘടനക്ക് ഏല്‍പ്പിക്കുന്ന പരുക്ക് വലുതായിരിക്കും.