നഴ്‌സുമാര്‍ക്ക് മുമ്പില്‍ പൊട്ടന്‍ കളിക്കുന്നവര്‍

ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടനകള്‍ രംഗത്തുവന്നു. ഇങ്ങനെയൊരു ആവശ്യം ശ്രദ്ധയില്‍പ്പെട്ടുവെന്ന് പോലും നടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നപ്പോള്‍ സമരവും തുടങ്ങി. സംഘടനകള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുതിയ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അതു കഴിഞ്ഞ് മാസങ്ങളായിട്ടും നടപടികളൊന്നുമുണ്ടാകാതിരിക്കെയാണ് ഇപ്പോള്‍ വീണ്ടും നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത്. സര്‍ക്കാറിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താന്‍ മുന്നിട്ടിറങ്ങുന്ന പാര്‍ട്ടിയെന്ന പ്രതിച്ഛായയുണ്ട് സി പി ഐക്കും അതിന്റെ സെക്രട്ടറി കാനം രാജേന്ദ്രനും. സമരം ഈ അളവിലേക്ക് വളര്‍ന്നതിന് ശേഷവും ഒരു പ്രയാസവുമുണ്ടാകുന്നില്ല ആ പാര്‍ട്ടിക്കും അതിന്റെ സെക്രട്ടറിക്കും. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശവുമായി പ്രതിപക്ഷം രംഗത്തുണ്ട്. തങ്ങള്‍ അധികാരത്തിലിരിക്കുമ്പോഴാണ് ബലരാമന്‍ കമ്മിറ്റിയുടെ വേതന ശിപാര്‍ശയില്‍ വെള്ളം ചേര്‍ത്തത് എന്നത് അവരുടെ ഓര്‍മയിലേ ഇല്ല.
Posted on: July 17, 2017 6:15 am | Last updated: July 16, 2017 at 11:55 pm

രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ഡസന്‍ നിയമങ്ങളെങ്കിലുമുണ്ട്. അധിനിവേശകാലത്ത് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ പോലുമുണ്ട് ഇക്കൂട്ടത്തില്‍. ഉദാരവത്കരണനയങ്ങള്‍ നടപ്പാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഈ നിയമങ്ങളില്‍ ചിലതിനെ അസാധുവാക്കുകയോ ചില നിയമവ്യവസ്ഥകളെ മറികടക്കാന്‍ മാനേജുമെന്റുകള്‍ക്ക് അവസരം നല്‍കുകയോ ചെയ്യുന്നുണ്ട്. ഇതൊക്കെ ഫലപ്രദമായി ഉപയോഗിച്ചാലും ഉണ്ടാകാത്ത വിധത്തിലുള്ള ചൂഷണം രാജ്യത്തെ നഴ്‌സുമാര്‍ നേരിടുന്നുണ്ട്. വിവിധ കാലങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലെ നഴ്‌സുമാര്‍ നടത്തിയ സമരങ്ങളും നിയമ നടപടികളും അതിന് തെളിവാണ്. സമരങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമൊടുവില്‍ സര്‍ക്കാറോ കോടതികളോ നിയോഗിക്കുന്ന കമ്മിറ്റികളുണ്ടാകും. അവര്‍ വിശദമായ പഠനം നടത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുമുണ്ടാകും. പക്ഷേ, മാന്യമായ സേവന – വേതന വ്യവസ്ഥകള്‍ നടപ്പാക്കപ്പെടുന്ന അവസ്ഥയുണ്ടാകാറില്ല. റിപ്പോര്‍ട്ടുകളൊക്കെ, സര്‍ക്കാര്‍ അലമാരകളിലെ അലങ്കാര വസ്തുവായി തുടരുന്നതാണ് പതിവ്.

ആരോഗ്യരംഗത്ത് ‘മാതൃക’ സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സ്വകാര്യ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരുടെ സ്ഥിതി കുറേക്കൂടി ദയനീയമാണ്. ആതുരസേവനം ലാക്കാക്കി ക്രിസ്തീയസഭകളാണ് സ്വകാര്യ ആശുപത്രികള്‍ ആരംഭിക്കുന്നതിന് മുന്‍കൈ എടുത്തത്. പിന്നീട് മറ്റ് സംഘടനകളും വ്യക്തികളുമൊക്കെ ഈ രംഗത്തേക്കുവന്നു. ആതുര സേവനമെന്നത് ആതുരസേവന വ്യവസായമായി മാറുന്നതിന് അധികം കാലം വേണ്ടിവന്നില്ല. കേരളത്തില്‍ ഏറ്റവും ലാഭകരമായി നടത്താവുന്ന വ്യവസായങ്ങളിലൊന്ന് ആശുപത്രിയാണെന്ന് നിസ്സംശയം പറയാം. ചെറുത് മുതല്‍ സപ്തനക്ഷത്ര സൗകര്യമുള്ളവ വരെ പ്രത്യേകിച്ച് പ്രതിസന്ധിയൊന്നും കൂടാതെ നടന്നുപോകുന്നു. പുതിയ വ്യാധികളുണ്ടാകുന്നു, അവയില്‍ ചിലത് പടര്‍ന്ന് പിടിക്കുന്നു, രോഗികളുടെ എണ്ണം കൂടുന്നു – ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തികച്ചും അപര്യാപ്തമായിരിക്കെ സ്വകാര്യ ആശുപത്രികളുടെ പങ്ക് പ്രധാനമാകുന്നു, അതിനൊപ്പം അവരുടെ വ്യവസായ സാധ്യതകളും.
ഇത്തരമൊരു അവസ്ഥയെ പരിഗണിച്ച് വേണം ന്യായമായ വേതനവും മെച്ചപ്പെട്ട സേവന സാഹചര്യങ്ങളുമെന്ന നഴ്‌സുമാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തെ കാണാന്‍. നഴ്‌സിംഗ് മേഖലയില്‍ വലിയൊരളവ് സ്ത്രീകളാണ്. അതുകൊണ്ടാകണം ഈ രംഗത്ത് കൂട്ടായ്മയിലൂടെ സമ്മര്‍ദം ചെലുത്തി അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം ഏറെ വൈകി. തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ഒരവസരവും പാഴാക്കാത്ത ട്രേഡ് യൂണിയനുകളും അവരുടെ രക്ഷകര്‍ത്താക്കളായ രാഷ്ട്രീയ പാര്‍ട്ടികളും സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ ശ്രദ്ധിച്ചതേയില്ല. അനന്തമായി നീളുന്ന ട്രെയിനി സ്ഥാനം, നിശ്ചിതസമയം കഴിഞ്ഞും ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം, അതിന് പ്രതിഫലം ലഭിക്കാത്ത സ്ഥിതി, വേണ്ടത്ര ജീവനക്കാരെ നിയോഗിക്കാതെ ഉള്ളവരെക്കൊണ്ട് അധികം ജോലി ചെയ്യിക്കുന്ന അവസ്ഥ തുടങ്ങി ചൂഷണത്തിന്റെ എല്ലാ മുഖങ്ങളും ഇവിടെ അരങ്ങുതകര്‍ത്തു, ഇപ്പോഴും തുടരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് നഴ്‌സിംഗ് സ്‌കൂളുകളെ ആശ്രയിച്ച് ജനറല്‍ നഴ്‌സിംഗ് മേഖലയിലേക്ക് എത്തുക. ബി എസ് സി നഴ്‌സിംഗ് പൂര്‍ത്തിയാക്കി ഈ മേഖലയിലേക്ക് എത്തുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെയോ ഇടത്തരം കുടുംബങ്ങളിലെയോ കുട്ടികളാണ്. ഇവര്‍ക്ക് പഠനശേഷം എത്രയും വേഗം ജോലിയില്‍ പ്രവേശിക്കേണ്ട ആവശ്യമുണ്ടാകും. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുതല്‍ കുടുംബത്തിന്റെ ബാധ്യത വരെ അതിന് കാരണമാണ്. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികളുടെ ഏത് വ്യവസ്ഥയും അംഗീകരിച്ച് ജോലി ചെയ്യാന്‍ അവര്‍ തയ്യാറുമാകും. ഈ സാമൂഹിക അവസ്ഥയാണ് മാനേജുമെന്റുകള്‍ മനോഹരമായി ചൂഷണം ചെയ്യുന്നത്. കേരളത്തിലെ ആശുപത്രികളില്‍ ജോലി തുടങ്ങുന്ന നഴ്‌സുമാര്‍ക്ക്, യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെ വിദേശത്ത് തൊഴിവസരങ്ങളുണ്ട്. അതിന് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ആശുപത്രി മാനേജുമെന്റാണ്. മോശമല്ലാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ മാനേജുമെന്റിനെ പിണക്കാതെ നിര്‍ത്തേണ്ട ബാധ്യതയുമുണ്ട് ഇവര്‍ക്ക്. ജോലിക്ക് ചേരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയെടുക്കുന്ന ആശുപത്രി മാനേജുമെന്റുകള്‍ അത് തിരികെ നല്‍കാതെ, സമ്മര്‍ദത്തിലാക്കുന്നതും പതിവായിരുന്നു. 2012ല്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിന് ശേഷം ഈ പതിവിന് ഒട്ടൊരു ശമനമായിട്ടുണ്ടെന്നാണ് അറിവ്. ചിലയിടങ്ങളിലെങ്കിലും അത് തുടരുന്നുമുണ്ട്.
ഈ അവസ്ഥയിലൊരു മാറ്റമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തിലാണ് കേരളത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെയും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഇപ്പോള്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്. 2012ല്‍ ഇതുപോലൊരു സമരത്തിന്റെ തുടര്‍ച്ചയായാണ് എസ് ബലരാമന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ചത്. വിശദമായ പഠനത്തിന് ശേഷം നഴ്‌സിംഗ് മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ സഹായകമായ അമ്പതോളം നിര്‍ദേശങ്ങള്‍ കമ്മിറ്റി മുന്നോട്ടുവെച്ചു. സ്റ്റാഫ് നഴ്‌സിന് അടിസ്ഥാന ശമ്പളമായി 12,900 രൂപ നിര്‍ദേശിച്ച കമ്മിറ്റി സ്ഥാനക്കയറ്റമനുസരിച്ച് അടിസ്ഥാന ശമ്പളം 21,360 രൂപ വരെ വേണമെന്നും ശിപാര്‍ശ ചെയ്തു. ഇത് നടപ്പാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. നഴ്‌സുമാരുടെ സംഘടനകളും മാനേജുമെന്റുകളുമായും ചര്‍ച്ചനടത്തി സ്റ്റാഫ് നഴ്‌സിന്റെ അടിസ്ഥാന ശമ്പളം ഒമ്പതിനായിരത്തോളമായി നിശ്ചയിക്കുകയായിരുന്നു. അതിന് ആനുപാതികമായി ഉയര്‍ന്ന സ്ഥാനങ്ങളിലെ ശമ്പളവും നിശ്ചയിച്ചു. സേവന അന്തരീക്ഷം മെച്ചപ്പെടുത്താന്‍ കമ്മിറ്റി മുന്നോട്ടുവെച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചന പോലും ഉണ്ടായില്ല. വേതനത്തിന്റെ കാര്യത്തിലുണ്ടാക്കിയ കരാര്‍ മാനേജുമെന്റുകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും സര്‍ക്കാര്‍ മെനക്കെട്ടില്ല. പരിശീലനം സിദ്ധിച്ചവരാണ് ജോലിക്കെത്തുന്നത് എന്നതിനാല്‍ ട്രെയിനി നിയമനം പാടില്ലെന്ന നഴ്‌സിംഗ് കൗണ്‍സിലിന്റെ നിര്‍ദേശം നടപ്പാക്കാന്‍ ആദ്യം തീരുമാനിച്ച യു ഡി എഫ് സര്‍ക്കാര്‍, പിന്നീട് ആകെ നഴ്‌സുമാരുടെ 25 ശതമാനം ട്രെയിനി ആകാമെന്ന് ഉത്തരവിറക്കി.

2016ല്‍ ഇടത് ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വേതന വര്‍ധനയും സേവന സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തലും ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടനകള്‍ രംഗത്തുവന്നു. ഇങ്ങനെയൊരു ആവശ്യം ശ്രദ്ധയില്‍പ്പെട്ടുവെന്ന് പോലും നടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നപ്പോള്‍ സമരവും തുടങ്ങി. സംഘടനകള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുതിയ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അതു കഴിഞ്ഞ് മാസങ്ങളായിട്ടും നടപടികളൊന്നുമുണ്ടാകാതിരിക്കെയാണ് ഇപ്പോള്‍ വീണ്ടും നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത്. അവരോടാണ് നിങ്ങള്‍ സമരം ചെയ്യേണ്ട സമയം ഇതല്ലെന്ന് സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നത്. പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ സമരത്തിന് ഒരുങ്ങിയത് ശരിയായില്ലെന്നും പിന്മാറണമെന്നും ആവശ്യപ്പെടുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ എസ്മ പ്രയോഗിക്കില്ല എന്നത് അവസരമായി കാണേണ്ടതില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. നഴ്‌സുമാര്‍ ഇക്കാലമത്രയും നേരിട്ട ചൂഷണത്തെക്കുറിച്ച് യാതൊന്നും സി പി എം ഇതുവരെ അറിഞ്ഞിട്ടേയില്ലെന്ന് തോന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ കേട്ടാല്‍. ഒന്നൊന്നര വര്‍ഷമായി മുന്നിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാതെ, ഈ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെ എത്തിച്ചതില്‍ സര്‍ക്കാറിന്റെ അലംഭാവം ചൂണ്ടിക്കാട്ടുകയും പരിഹരിക്കുകയുമാണ് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ധാര്‍മിക, രാഷ്ട്രീയ ഉത്തരവാദിത്തം. അതിന് തയ്യാറാകാതിരിക്കുമ്പോള്‍ സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ പക്ഷത്താണോ സി പി എം എന്ന സംശയം ഉയരുക സ്വാഭാവികം.

ഈ സര്‍ക്കാറിനെ ഇടതുനയങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താനും തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനും മുന്നിട്ടിറങ്ങുന്ന പാര്‍ട്ടിയെന്ന പ്രതിച്ഛായയുണ്ട് സി പി ഐക്കും അതിന്റെ സെക്രട്ടറി കാനം രാജേന്ദ്രനും. നഴ്‌സുമാരുടെ സമരം ഈ അളവിലേക്ക് വളര്‍ന്നതിന് ശേഷവും ഒരു പ്രയാസവുമുണ്ടാകുന്നില്ല ആ പാര്‍ട്ടിക്കും അതിന്റെ സെക്രട്ടറിക്കും. നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശവുമായി പ്രതിപക്ഷം രംഗത്തുണ്ട്. ആവശ്യങ്ങള്‍ ന്യായമാണെന്നതില്‍ അവര്‍ക്കിപ്പോഴൊരു സംശയവുമില്ല. തങ്ങള്‍ അധികാരത്തിലിരിക്കുമ്പോഴാണ് ബലരാമന്‍ കമ്മിറ്റിയുടെ വേതന ശിപാര്‍ശയില്‍ വെള്ളം ചേര്‍ത്തത് എന്നതും സേവന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളെ അവഗണിച്ചത് എന്നും അവരുടെ ഓര്‍മയിലേ ഇല്ല. അതങ്ങനെയാണ്, പ്രത്യേകിച്ച് കേരളത്തില്‍. ഭരണത്തിലിരിക്കുമ്പോള്‍ ചെയ്തത് പ്രതിപക്ഷത്താകുമ്പോള്‍ ഓര്‍മയുണ്ടാകില്ല. പ്രതിപക്ഷത്തായിരിക്കെ പറഞ്ഞത്, ഭരണത്തില്‍ കയറുമ്പോള്‍ മറക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളോട് മത്സരിക്കാന്‍ തത്കാലം രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ഉള്ളൂ.

രണ്ട് മാസം മുമ്പാണ് വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിന് പ്രയാസപ്പെടുന്നവര്‍ക്കായി 900 കോടിയുടെ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. അതിന്റെ ഗുണം ഏറെക്കിട്ടുന്നത് സംസ്ഥാനത്തെ നഴ്‌സുമാര്‍ക്കും കുടുംബത്തിനുമാണ്. വായ്പ തിരിച്ചടക്കാന്‍ പ്രയാസപ്പെടുന്ന നിരവധി പേര്‍ ഈ രംഗത്തുണ്ടെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നുവെന്ന് കൂടിയാണ് ഈ തീരുമാനത്തില്‍ നിന്ന് വെളിവാകുന്നത്. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ പാകത്തിലുള്ള വരുമാനം നഴ്‌സുമാര്‍ക്ക് നേടിക്കൊടുക്കാന്‍ പരിശ്രമിക്കാതെ, കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടുമ്പോള്‍ പരോക്ഷമായി സ്വകാര്യ മാനേജുമെന്റുകളെ സഹായിക്കുകയാണ് സര്‍ക്കാര്‍. അത്തരം നടപടികള്‍ ഒഴിവാക്കുകയും മാന്യമായ ശമ്പളവും ഭേദപ്പെട്ട തൊഴില്‍ സാഹചര്യവും ഉറപ്പാക്കുകയുമാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നവരുടെ ഉത്തരവാദിത്തം. അത് മറന്നുപോകുന്നതു കൊണ്ടാണ് നഴ്‌സുമാരുടെ പ്രശ്‌നങ്ങളെ ഇത്രനാളും സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാതിരുന്നത്. ഗത്യന്തരമില്ലാതെ അവര്‍ സമരത്തിന് ഇറങ്ങുമ്പോള്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചത് വാങ്ങി, സന്തോഷിക്കാന്‍ അവരോട് ആവശ്യപ്പെടുന്നത്. ആശുപത്രി അവശ്യ സര്‍വീസാണെന്നും അവിടെയുള്ള നഴ്‌സുമാര്‍ സമരത്തിനിറങ്ങും മുമ്പ് പലകുറി ആലോചിക്കണമെന്ന് ഉപദേശിക്കുന്നത്. അവശ്യ സര്‍വീസാണെങ്കില്‍, അത് ചൂഷണമുക്തമാകണമെന്ന തോന്നലും അതിനനുസരിച്ചുള്ള നടപടികളുമാണ് ആദ്യം വേണ്ടത്. അതുണ്ടാകാതിരിക്കെ, ഭീഷണി, അകമ്പടിയായുള്ള ഈ ഉപദേശങ്ങള്‍ക്ക് വഞ്ചനയുടെ രുചി മാത്രമേ ഉണ്ടാകൂ.