Connect with us

Eranakulam

ഇന്ത്യന്‍ വിപണി കീഴടക്കി വ്യാജ ചൈനീസ് മരുന്നുകള്‍

Published

|

Last Updated

പാലക്കാട്: നിയമങ്ങളെ നോക്കുകുത്തിയാക്കി ചൈനയില്‍ നിന്നുള്ള വ്യാജ മരുന്നുകള്‍ വിപണി കീഴടക്കുന്നു. പനിയില്‍ തുടങ്ങി കൊളസ്‌ട്രോളിനും പ്രമേഹത്തിനും അര്‍ബുദത്തിനുമെല്ലാം ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജന്മാര്‍ വിപണിയില്‍ ലഭ്യമാണ്. ഇന്ത്യന്‍ നിര്‍മിതമെന്ന വ്യാജ ലേബലില്‍ ഇവ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയിലെ മരുന്ന് വ്യാപാരത്തിന്റെ ഇരുപത് മുതല്‍ മുപ്പത് വരെ ശതമാനം കീഴടക്കുന്നത് വ്യാജന്മാരാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യാജ ഉത്പന്നങ്ങളുടെ വില്‍പ്പന കര്‍ശനമായി തടയുന്ന നിയമങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള ചൈനീസ് മരുന്നുകളുടെ കടന്നുകയറ്റം.
യഥാര്‍ഥ വിപണി വിലയേക്കാള്‍ 25 ശതമാനം കുറവിനാണ് ഇവ വിറ്റഴിച്ചിരുന്നത്. പ്രമുഖ മരുന്ന് ബ്രാന്‍ഡുകളുടെയെല്ലാം പേരില്‍ വ്യാജന്മാര്‍ വിപണിയില്‍ ലഭ്യമാണെന്നാണ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്.

കേരളത്തിനകത്ത് നടന്ന പല പരിശോധനകളിലും ഇത് കണ്ടെത്തിയിട്ടുള്ളതാണ്. എന്നാല്‍, പിന്നീട് അന്വേഷണം എങ്ങുമെത്താതെ പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ലഭ്യമാകുന്ന മരുന്നിന്റെ 25 ശതമാനവും വ്യാജനാണെന്ന് ഒരു പ്രമുഖ ഡോക്ടര്‍ വെളിപ്പെടുത്തുന്നു. പക്ഷേ, ഇത് കണ്ടെത്താന്‍ മാര്‍ഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വ്യാജ മരുന്നുകളെ ആദ്യ പരിശോധനയിലോ രണ്ടാമത്തെ പരിശോധനയിലോ പോലും വേര്‍തിരിച്ചറിയാന്‍ കഴിയാറില്ല. ചിലപ്പോള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നിന്റെ കോഴ്‌സ് പൂര്‍ത്തിയായാലും രോഗം ഭേദമായെന്ന് വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരുന്ന് മാറ്റിയെഴുതുകയാണ് പതിവ്. ആദ്യം കഴിച്ച മരുന്നിനെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന നിലക്കൊന്നും അന്വേഷണം നടക്കാറില്ല.

ഇന്ത്യന്‍ മരുന്നുകള്‍ക്ക് വിപണിയുള്ള സ്ഥലങ്ങളിലെല്ലാം വ്യാജ ചൈനീസ് മരുന്നുകള്‍ ഇന്ത്യന്‍ നിര്‍മിതം എന്ന ലേബലില്‍ ഒഴുകിയെത്തുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് കയറ്റുമതി കൂടുതല്‍. ഘാന, ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ്, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇത്തരത്തിലുള്ള ചൈനീസ് നിര്‍മിത വ്യാജ മരുന്നുകള്‍ പിടികൂടിയിട്ടുണ്ട്.

നാഷനല്‍ ഏജന്‍സി ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് നൈജീരിയ (നാഫ്ഡാക്) ഇതു സംബന്ധിച്ച് മുമ്പ് പഠനം നടത്തിയിരുന്നു. വ്യാജ മരുന്നുകള്‍ പിടികൂടുന്നത് ക്രമാതീതമായി വര്‍ധിച്ചപ്പോഴാണ് നാഫ്ഡാക് കൂടുതല്‍ അന്വേഷണവുമായി മുന്നിട്ടിറങ്ങിയത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അവര്‍ ഇന്ത്യക്കും കൈമാറിയിരുന്നു. തെളിവ്‌സഹിതം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

പക്ഷേ, മരുന്നു കടത്ത് ഇപ്പോഴും തുടരുകയാണ്. ലോകാരോഗ്യ സംഘടന തന്നെ ഈ വിഷയത്തില്‍ പലവട്ടം രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങള്‍ ഈ വിപത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും ഇന്ത്യ ഇക്കാര്യത്തില്‍ വേണ്ട നടപടി എടുക്കാത്തതാണ് ചൈനീസ് മരുന്നുകള്‍ വിപണി കീഴടക്കാന്‍ കാരണമാക്കിയതെന്ന് മെഡിക്കല്‍ വിദഗ്ധന്മാര്‍ അഭിപ്രായപ്പെടുന്നു.

---- facebook comment plugin here -----