നജീബ് തിരോധാനത്തിന് ഒമ്പത് മാസം: ഉത്തരമില്ലാതെ സി ബി ഐ

Posted on: July 16, 2017 11:40 pm | Last updated: July 16, 2017 at 11:35 pm

ന്യൂഡല്‍ഹി: എ ബി വി പി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് പിന്നാലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹ്മദിനെ കുറിച്ച് ഒമ്പത് മാസം പിന്നിടുമ്പോള്‍ സി ബി ഐയും ഇരുട്ടില്‍ തപ്പുന്നു. രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ജെ എന്‍ യുവിലെ ഗവേഷക വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അന്വേഷണം സി ബി ഐക്ക് കൈമാറിയിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ഡല്‍ഹി ഹൈക്കോടതിയാണ് കേസ് സി ബി ഐക്ക് കൈമാറിയത്.

നജീബിനെ കണ്ടെത്തുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയല്ലാതെ സി ബി ഐയും വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ പതിനാലിനാണ് ജെ എന്‍ യുവിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് എ ബി വി പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് പിന്നാലെ നജീബിനെ കണാതാകുന്നത്.

ഹോസ്റ്റല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് എ ബി വി പി പ്രവര്‍ത്തകര്‍ നജീബിനെ ആക്രമിച്ചത്. ഇടതുപക്ഷ സംഘടനയായ ഐസയുടെ പ്രവര്‍ത്തകനാണ് നജീബ്. നേരത്തെ നജീബ് വിഷയത്തില്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു.
ഭരണകക്ഷിയിലെ വിദ്യാര്‍ഥി സംഘടന ഉള്‍പ്പെട്ട കേസായതിനാലാണ് ഡല്‍ഹി പോലീസും സി ബി ഐയും വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്താത്തതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.