കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

Posted on: July 16, 2017 6:51 pm | Last updated: July 16, 2017 at 9:26 pm

ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞിരുന്നെങ്കില്‍ തെളിവ് തേച്ച് മായ്ച്ച് കളഞ്ഞ് പ്രതികള്‍ രക്ഷപ്പെടുമായിരുന്നെന്ന സി പി എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ കേസ് വഴി തെറ്റുകയാണ് ചെയ്തത്.ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അനുസരിച്ച് അന്വേഷണം നടത്തി ഗൂഢാലോചനയില്ലെന്ന നിലയില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ച കേസാണിതെന്ന് അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലാണ് പിന്നീട് കേസിന്റെ പുനരന്വേഷണത്തിന് വഴിതെളിച്ചത്. ആഭ്യന്തര മന്ത്രി കേസന്വേഷണത്തിനിടയില്‍ ഒരിക്കലും ഇങ്ങനെ അഭിപ്രായപ്രകടനം നടത്താന്‍ പാടില്ലെന്ന് അഞ്ചു വര്‍ഷം ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിക്ക് അറിയില്ലെന്ന് വരുന്നത് അത്ഭുതമാണെന്ന് ചെന്നിത്തല പറഞ്ഞു.ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പുറത്ത് വന്നതിന്റെ ജാള്യത മറക്കാനാണ് കോടിയേരി ഇപ്പോള്‍ ശ്രമിക്കുന്നത്. വീണിടം വിദ്യയാക്കുകയാണ് കോടിയേരി ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.