ഡിജിറ്റല്‍ മുന്നേറ്റത്തില്‍ തിളങ്ങി യു എ ഇ

Posted on: July 16, 2017 6:14 am | Last updated: July 16, 2017 at 12:16 am

ദുബൈ: സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റവുമായി യു എ ഇ. ഈ വര്‍ഷത്തെ ആഗോള ഡിജിറ്റല്‍ സൂചികയില്‍ അന്താരാഷ്ട്രതലത്തില്‍ 22-ാം സ്ഥാനത്തും അറബ് മേഖലയില്‍ ഒന്നാമതും മധ്യ പൗരസ്ത്യ-വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ മുന്‍നിരയിലുമാണ് യു എ ഇ. റ്റഫ്റ്റ് യൂണിവേഴ്‌സിറ്റിയും മാസ്റ്റര്‍ കാര്‍ഡുമാണ് ഡിജിറ്റല്‍ രംഗത്തെ മുന്‍നിര രാജ്യക്കാരെ കണ്ടെത്താനുള്ള സര്‍വേ നടത്തിയത്.

നൂതന-ഡിജിറ്റല്‍ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി സര്‍വ മേഖലയിലും ആധുനികവത്കരണം നടത്തി മുന്നേറുന്ന യു എ ഇക്ക് അര്‍ഹതപ്പെട്ടത് തന്നെയാണ് മുന്‍നിര ഡിജിറ്റല്‍ ലോകരാജ്യങ്ങളോടൊപ്പമുള്ള സ്ഥാനം. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ് യു എ ഇയുടെ ഡിജിറ്റല്‍ നേട്ടങ്ങള്‍. നോര്‍വേ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, ഹോങ്കോംഗ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ 10 സ്ഥാനങ്ങളില്‍.

ജപ്പാന്‍ 15-ാം സ്ഥാനത്തും ജര്‍മനി 17-ാം സ്ഥാനത്തുമാണ്. അതേ സമയം ചൈന 36ലേക്ക് പിന്തള്ളപ്പെട്ടു. ഡിജിറ്റല്‍ വത്കരണത്തിലൂടെ കരുത്തുറ്റ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയും മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യുകയും ചെയ്ത രാജ്യങ്ങളാണ് മുന്‍പന്തിയിലെത്തിയതെന്ന് അജയ് ഭല്ല പറഞ്ഞു.