കേന്ദ്രം ഫണ്ട് നല്‍കുന്നില്ല; ന്യൂനപക്ഷ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

Posted on: July 16, 2017 8:00 am | Last updated: July 15, 2017 at 11:47 pm

ന്യൂഡല്‍ഹി: ഫണ്ട് അനുവദിക്കുന്നത് കേന്ദ്രം വൈകിപ്പിക്കുന്നതിനാല്‍ ന്യൂനപക്ഷ പദവിയുള്ള കേന്ദ്ര സര്‍വകലാശാലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നിങ്ങുന്നു. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (യു ജി സി) നല്‍കേണ്ട ഫണ്ട് വൈകിപ്പിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. രാജ്യത്തെ പ്രധാന ന്യൂനപക്ഷ സര്‍വകലാശാലയായ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ ജൂണ്‍ മാസത്തിലെ ശമ്പളം നല്‍കുന്നതിനായി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്.

സര്‍വകലാശാലയുടെ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്ന് പണം പിന്‍വലിച്ചാണ് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കിയത്. സര്‍വകലാശാലക്ക് നല്‍കേണ്ട പണം യു ജി സി വൈകിപ്പിക്കുന്നതാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നയിച്ചതെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. യു ജി സി ഇതേ നിലപാട് ആവര്‍ത്തിക്കുകയാണെങ്കില്‍ ഭാവിയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഇന്‍ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസി വിഭാഗത്തിലെ ജോലിക്കാര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ശമ്പളം നല്‍കിയിട്ടില്ല. മറ്റു സര്‍വകലാശാലകളില്‍ നിന്ന് വ്യത്യസ്ഥമായി ജാമിഅ മില്ലിയക്ക് സ്വന്തം പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഇല്ലെന്നിരിക്കെയാണ് യു ജി സി പണം നല്‍കുന്നത് വൈകിപ്പിക്കുന്നത്. ഏകദേശം പന്ത്രണ്ട് കോടി രൂപ ഓരോ മാസവും ജാമിഅക്ക് ശമ്പളം ഇനത്തില്‍ മാത്രമായി വേണം. 715 അധ്യാപകരും 1,180 അനധ്യാപകരും ജാമിഅ മില്ലിയയില്‍ ജോലിചെയ്യുന്നുണ്ട്.

അലിഗഢ് മുസ്‌ലിം സര്‍വകലാശാലയടക്കമുള്ള മറ്റു ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെയും കേന്ദ്രം ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. ഫണ്ട് വെട്ടിച്ചുരുക്കുകയോ നടത്തിപ്പിനാവശ്യമായ പണം നല്‍കുന്നത് വൈകിപ്പിക്കുകയോ ചെയ്യുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. നേരത്തെ ജാമിഅ മില്ലിയ, അലിഗഢ് സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി എടുത്തുമാറ്റുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളില്‍ നിന്നും വിവിധ മുസ്‌ലിം സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

രാജ്യത്തെ മറ്റു പ്രമുഖ സര്‍വകലാശാലയോടും യു ജി സി ഇതേ നിലപാട് തന്നെയാണ് തുടരുന്നത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതാ പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) വര്‍ഷത്തില്‍ ഒരു തവണയാക്കുന്നതിനും തീരുമാനിച്ചിരുന്നു.