നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി

Posted on: July 15, 2017 10:56 am | Last updated: July 15, 2017 at 6:30 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. കേസില്‍ അപ്പുണ്ണി പ്രതിയാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാളെ അറസ്റ്റു ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസിലെ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. അപ്പുണ്ണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് പോലീസ് അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ കൈവശമുള്ള അഞ്ച് നമ്ബറുകളിലും ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതായാണ് സൂചന. കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ നാളെ വീണ്ടും ചോദ്യം ചെയ്‌തേക്കും.അപ്പുണ്ണി പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ചകള്‍ നടത്തിയതിനും ഫോണില്‍ ബന്ധപ്പെട്ടതിനുമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതാണ് അപ്പുണ്ണിയേയും പ്രതിയാക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. ദിലീപ് പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇയാളെ ദിലീപിനൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് പദ്ധതിയിടുന്നത്‌