Connect with us

Articles

ഭൂരിപക്ഷവാദത്തിന്റെ കേരള മോഡല്‍

Published

|

Last Updated

മുഖ്യധാര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും മുന്‍ ഡി ജി പി സെന്‍കുമാറാണ് ഇപ്പോള്‍ “താരം”. എന്തെങ്കിലും വലിയ കേസ് തെളിയിച്ചതിന്റെ പേരിലല്ല; ഏറ്റവും പ്രമാദമായ സിനിമാ നടിക്കേസ് പോലും തെളിഞ്ഞുകിട്ടിയത് അദ്ദേഹം പടിയിറങ്ങിയതിന് ശേഷമാണല്ലോ. സെന്‍കുമാറിനെ ഇപ്പോള്‍ “വൈറലാക്കി”യിരിക്കുന്നത് അദ്ദേഹം നടത്തിയ മുസ്‌ലിം വിമര്‍ശനങ്ങളാണ്. കേരളത്തിലെ മുസ്‌ലിംകളുടെ ജനസഖ്യാ വര്‍ധനവിലും മുസ്‌ലിംകളില്‍ ചിലരുടെ ഐ എസ് ബന്ധത്തിലും സര്‍വോപരി ഇസ്‌ലാമിന്റെ ജിഹാദ് സങ്കല്‍പ്പത്തിലുമാണ് അദ്ദേഹം ഇപ്പോള്‍ കൈ വെച്ചിരിക്കുന്നത്. ഈ മൂന്ന് കാര്യങ്ങളിലും മുസ്‌ലിം സമുദായത്തിനുള്ളില്‍ തന്നെ ചില ഉത്കണ്ഠകളുണ്ടായിവന്നിട്ടുണ്ട് എന്നത് വസ്തുതയാണ്.

ജനസംഖ്യാ വര്‍ധനവിന്റെ കാര്യത്തില്‍ ആരോഗ്യകരമായ പ്രവണത നിലനിര്‍ത്താന്‍ മുസ്‌ലിംകള്‍ക്ക് ഇപ്പോഴും സാധിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസം, തൊഴില്‍, സര്‍ക്കാറുദ്യോഗങ്ങള്‍, അധികാര – ഭരണ നിര്‍വഹണ രംഗങ്ങളിലെ പങ്കാളിത്തം എന്നീ കാര്യങ്ങളില്‍ ആനുപാതികമായ ഒരു വര്‍ധനവ് കാണാനില്ല. ഐ എസിലേക്ക് കേരളത്തില്‍ നിന്ന് മുസ്‌ലിം റിക്രൂട്ടുകള്‍ കയറ്റുമതി ചെയ്യപ്പെടുന്നുവെന്ന് പോലീസിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും, അതിന്റെ നിജസ്ഥിതി കൃത്യമായി സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അവര്‍ക്കിനിയും സാധിച്ചിട്ടില്ല. പിന്നെ ജിഹാദിന്റെ കാര്യം. ഇസ്‌ലാമിന്റെ പേരില്‍ സി ഐ എയും മൊസാദും സംയുക്തമായി നടത്തുന്ന ജിഹാദിനെ മുസ്‌ലിംകളുടെ തലയില്‍ കെട്ടിവെക്കുന്നതിനുള്ള ശ്രമങ്ങള്‍ കേരളത്തിലെ മുസ്‌ലിംകളിലും അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇവിടെയൊരു “ഘര്‍വാപസി”യൊന്നും പ്രതീക്ഷിക്കേണ്ടെങ്കിലും. സാമ്പത്തിക ശാസ്ത്രജ്ഞനായ സെന്‍കുമാറിന്റെ യുക്തിബോധവും അന്വേഷണ ബുദ്ധിയും ഒട്ടും തന്നെ നിലവാരം പുലര്‍ത്തിയില്ല എന്നു മാത്രമല്ല, അത് സംഘ്പരിവാര്‍ പരമ്പരാഗതമായി നടത്തിപ്പോരുന്ന മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളുടെ സൈദ്ധാന്തിക ചട്ടക്കൂടിലേക്ക് ചുരുങ്ങുകയും ചെയ്തിട്ടുണ്ട്.

മുസ്‌ലിംകളെ വിമര്‍ശിക്കുന്നതിലല്ല പ്രശ്‌നം. എവിടെ നിന്നുകൊണ്ടാണ് വിമര്‍ശിക്കുന്നത് എന്നതിനും വര്‍ത്തമാന കാല സാഹചര്യത്തില്‍ പ്രാധാന്യം കൂടുതലുണ്ട്. വസ്തുനിഷ്ഠമായ കാര്യങ്ങളാണോ ഉന്നയിക്കപ്പെടുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. സെന്‍കുമാറിന്റെ നിലപാട് തറയാണ് വാസ്തവത്തില്‍ പ്രശ്‌നകാരിയായി തീരുന്നത്.

സെന്‍കുമാറിന്റെ സമകാലിക മലയാളം അഭിമുഖം വായിച്ചാല്‍ മുസ്‌ലിംകള്‍ പെറ്റുപെരുകി കേരളം മാപ്പിളസ്ഥാനായി മാറുമെന്ന ഭീതി പരത്താന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് തോന്നിപ്പോകും. യൂറോപ്പിലിങ്ങനെയൊരു കൂട്ടരുണ്ട്. ആഗോളവത്കരണ കാലത്ത് യൂറോപ്പിലേക്ക് കുടിയേറ്റം നടത്തിയ മുസ്‌ലിംകള്‍ പെറ്റുപെരുകി അമ്പത് കൊല്ലത്തിനുള്ളില്‍ യൂറോപ്പിനെ “യൂറേബിയ” ആക്കിമാറ്റുമെന്നാണ് അവരുടെ ഭയം. ഇപ്പോഴവര്‍ അഞ്ച് ശതമാനമാണ്. 50 കൊണ്ട് നൂറ് ശതമാനമായിത്തീരുമെന്നുള്ള അത്ഭുതകരമായ ജനസംഖ്യാ സിദ്ധാന്തമാണ് ഈ തീവ്രവലതുപക്ഷക്കാര്‍ അവതരിപ്പിക്കുന്നത്. മുസ്‌ലിംകളുടെ സ്ഥാനത്ത് ഇന്ത്യക്കാരായിരുന്നു യൂറോപ്പിലേക്ക് ഇപ്രകാരം കുടിയേറ്റം നടത്തിയിരുന്നത് എങ്കില്‍, അമ്പത് കൊല്ലം കൊണ്ട് യൂറോപ്പ് “യൂറേന്ത്യ”യാവുമെന്നായിരിക്കും അവരുടെ കണ്ടുപിടുത്തം. അമേരിക്കയില്‍ ഇന്ത്യക്കാരെ ഇടക്കിടക്ക് കൊലപ്പെടുത്തുന്ന വ്യക്തികളും സംഘങ്ങളും എല്ലാം വെച്ചുപുലര്‍ത്തുന്നത് ഈ ജനസംഖ്യാ സിദ്ധാന്തം തന്നെയാണ്. ഇത്തരം സിദ്ധാന്തങ്ങളില്‍ മതവും വംശവുമെല്ലാം സ്ഥലത്തിനും കാലത്തിനുമനുസരിച്ച് കടന്നുവരാറുണ്ട്. ജനാധിപത്യ രാഷ്ട്രീയാധികാരത്തില്‍ മേധാവിത്തം സ്ഥാപിക്കാനുള്ള വര്‍ഗീയശക്തികളുടെ കുതന്ത്രം ഭൂരിപക്ഷ വാദത്തിന്റെയും തീവ്ര ദേശീയതയുടെയും രൂപത്തില്‍ പുറത്ത് ചാടുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രവണതയല്ല. അതിന് ജനാധിപത്യത്തോളം തന്നെ പഴക്കമുണ്ട്. ഇതിന്റെ ഏറ്റവും വൃത്തികെട്ട രൂപമാണ് പശുവിന്റെ പേരില്‍ മുസ്‌ലിംകളെ കൊല്ലുന്ന സംഘ്പരിവാറിന്റെ പുതിയ കാര്യപരിപാടികളിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ വന്‍കിട മുസ്‌ലിം സംഘടനകളും ചെറുകിട മുസ്‌ലിം സംഘടനകളും ഏതായാലും ഡോ. സെന്‍കുമാറിനോട് നേരിട്ടേറ്റുമുട്ടാന്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാറിനോട് പരാതിപ്പെട്ടിട്ടുണ്ട്. 153 എ ചുമത്തി കേസെടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അക്കാര്യത്തിലിനി അധികം ചര്‍ച്ച വേണ്ടെന്ന് തോന്നുന്നു. പരസ്പരം പഴിചാരുന്ന മുസ്‌ലിം സംഘടനകളുടെ പതിവ് രീതി വിട്ട് എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിച്ചതേതായാലും നന്നായി. അതോടൊപ്പം സാന്ദര്‍ഭികമായി ഓര്‍ത്തിരിക്കേണ്ട ചില വസ്തുതകള്‍ ഇവിടെയുണ്ട്.

കേരളത്തിലെ മുസ്‌ലിംകളുടെ ജീവിതാവസ്ഥയെ ദുര്‍വ്യാഖ്യാനിക്കുകയും മുസ്‌ലിം പേടി വളര്‍ത്തുകയും ചെയ്യുന്ന പരിപാടി തുടങ്ങിയിട്ട് കാലം കുറേയായി. കേരള രാഷ്ട്രീയം ന്യൂനപക്ഷ സമ്മര്‍ദത്തിന്റെ പിടിയിലമര്‍ന്ന് കിടക്കുകയാണെന്നും അതിന്റെ പരിണിതഫലമായി കേരളത്തിലെ ഹൈന്ദവ സമൂഹം കഷ്ടതയനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള പ്രചാരണത്തിന് ഒളിഞ്ഞും തെളിഞ്ഞും ചുക്കാന്‍ പിടിച്ചത് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ തന്നെയാണ്. 2006ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ “കേരളം എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു” എന്ന സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഘട്ടത്തില്‍ “ടൈംസ് ഓഫ് ഇന്ത്യ”യില്‍ അനന്തകൃഷ്ണന്‍ എന്നൊരാള്‍ എഴുതിവെച്ചത് ഞാനോര്‍ക്കുന്നു. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി മുസ്‌ലിംകളുടെ അധഃസ്ഥിതാവസ്ഥയുക്കുറിച്ച് തിരക്കിട്ടു കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കേരളത്തില്‍ നടന്ന ജാതിതിരിച്ചുള്ള കണക്കുകള്‍ നേര്‍വിപരീതമായ വിവരങ്ങളാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് എന്നായിരുന്നു വാര്‍ത്തയുടെ വിശേഷണം. (കച ഗഋഞഅഘഅ ഒകചഉഡട ചഋഋഉ ഒഋഘജ ഠശാല െീള കിറശമ 2006 ഉലര 16 )

കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് സഹായമാവശ്യമാണ് എന്നായിരുന്നു തലക്കെട്ട്. ഇത് വലതുപക്ഷ തീവ്രവാദികള്‍ നടത്തിയ സര്‍വേ ഫലങ്ങളല്ല, മറിച്ച് മാര്‍ക്‌സിസ്റ്റ് ബന്ധമുള്ള ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ നടത്തിയതാണ് എന്ന യുക്തിയും കൂടെ ചേര്‍ത്തിട്ടുണ്ട് ആ വാര്‍ത്തയില്‍. അതില്‍ കാണിച്ച കണക്കുകള്‍ നോക്കിയാല്‍, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അപേക്ഷിച്ച് ഗള്‍ഫ് വരുമാനത്തിന്റെ കാര്യത്തില്‍ മുസ്‌ലിംകള്‍ ഏറെ മുന്നിലാണ്. 34. 5 ശതമാനം മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗള്‍ഫ് വരുമാനമുണ്ട്. ക്രിസ്ത്യാനികളില്‍ 11. 6 ശതമാനം കുടുംബങ്ങള്‍ക്കും ഹിന്ദുക്കളില്‍ 10. 4 ശതമാനം കുടുംബങ്ങള്‍ക്കും മാത്രമേ ഗള്‍ഫ് വരുമാനമുള്ളൂ. ഹിന്ദുക്കളില്‍ ജാതി തിരിച്ചുള്ള കണക്ക് ഈ കക്ഷി മൂടിവെക്കുകയും ചെയ്തിരിക്കുന്നു. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ക്ക് 21, 892 രൂപ, മുസ്‌ലിംകള്‍ക്ക് 17, 538 രൂപ, ഹിന്ദുക്കള്‍ക്ക് 17,762 രൂപ. അവിടെയും മുസ്‌ലികളെക്കാള്‍ 224 രുപക്ക് മുമ്പിലാണ് ഈ അനന്തകൃഷ്ണന്റെ “ഹിന്ദു സമൂഹം”.

അതേസമയം, മുസ്‌ലിം ദളിത് സമൂഹത്തിന്റെ നിജസ്ഥിതി പറയുന്ന ശാസ്ത്ര സാഹിത്യപരിഷത്ത് റിപ്പോര്‍ട്ടിലെ സ്ഥിതിവിവരക്കണക്കുകളെ കുറിച്ചൊന്നും കക്ഷി ഒരക്ഷരം മിണ്ടുന്നില്ല. മുസ്‌ലിംകളിവിടെ വന്‍ സാമൂഹിക പുരോഗതി കൈവരിച്ചവരാണെന്ന പൊങ്ങച്ചവും പോക്കറ്റിലിട്ട് നടക്കുന്ന രാഷ്ട്രീയ സംഘടനകള്‍ക്ക് ഇത്തരം റിപ്പോര്‍ട്ടുകളൊന്നും നോക്കാന്‍ നേരം കിട്ടാറുമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ 0. 10 ശതമാനം മാത്രമാണ് ഭരണനിര്‍വഹണ- എക്‌സിക്യൂട്ടീവ് വിഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്നത്. കേന്ദ്ര- സംസ്ഥാന മേഖലയിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 11. 4 ശതമാനം മാത്രമാണ് മുസ്‌ലിംകളുടെ പങ്കാളിത്തം. (22. 7 ശതമാനം ഈഴവര്‍, 21 ശതമാനം നായര്‍, 20.6 ശതമാനം ക്രിസ്ത്യന്‍) 15 വയസ്സിന് മുകളിലുള്ള തൊഴില്‍രഹിതരില്‍ ഒന്നാം സ്ഥാനം മുസ്‌ലിംകള്‍ക്കാണ്. സംഘടിത മേഖലയിലും സര്‍ക്കാര്‍ മേഖലയിലും മുസ്‌ലിംകളുടെ കമ്മിയാണ് ഇത് കാണിക്കുന്നത്. കൂടുതല്‍ പേരും സ്വയംതൊഴില്‍ ചെയ്യുന്നവരാണ്. ഉത്പാദന മേഖലയിലല്ല, സേവന മേഖലയില്‍ ഹോട്ടല്‍, കച്ചവടം, റസ്റ്റോറന്റ്, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ രംഗങ്ങളിലാണ് 81 ശതമാനവും മുസ്‌ലിം തൊഴിലാളികളുള്ളത്. സര്‍ക്കാറുദ്യോഗങ്ങളില്‍ പട്ടികജാതിക്കാരുടെ പകുതിയും മുന്നാക്ക ഹിന്ദുക്കളുടെ കാല്‍ഭാഗവും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരില്‍ മലബാറില്‍ ഒന്നാം സ്ഥാനവും… ഇങ്ങനെ സ്ഥിതിവിവരക്കണക്കുകളുടെ കൊട്ട കമിഴ്ത്തിയാല്‍ പുറത്ത് വീഴുന്ന മുസ്‌ലിം ജീവിതത്തിന്റെ ശോചനീയാവസ്ഥയെ തമസ്‌കരിച്ചുകൊണ്ടാണ് കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഈ കണക്കുകളിലൊക്കെ വ്യത്യാസം സംഭവിച്ചിട്ടുണ്ടാവാം. ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്ക് തുടങ്ങിയത് മുതല്‍ക്കുള്ള നാല് പതിറ്റാണ്ടിനുള്ളില്‍ മുസ്‌ലിംകള്‍ അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറിയിട്ടുണ്ട്. സമ്പന്നരുടെയും അഭ്യസ്തവിദ്യരുടെയും ഒരു ന്യൂനപക്ഷം മുസ്‌ലിംകള്‍ക്കിടയിലും ആവിര്‍ഭവിച്ചുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഈ പ്രവണതകള്‍ക്കൊന്നും രാഷ്ട്രീയമായ ഒരു ഡുംമൃറാീയശഹശ്യേ അഥവാ രാഷ്ട്രീയ രംഗത്ത് അതിന്റെ നേര്‍പ്രതിഫലനങ്ങളൊന്നും ഇതുവരെ ദൃശ്യമാക്കപ്പെട്ടിട്ടില്ല. പുറമെ കാണുന്ന തിളക്കമല്ലാതെ മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തികമായ അരക്ഷിതാവസ്ഥക്ക് കാര്യമാത്രപ്രസക്തമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ചുരുക്കും.

എന്താണ് മുസ്‌ലിംകളുടെ സാമൂഹിക- സാമ്പത്തികാവസ്ഥയുടെ നിജസ്ഥിതിയെന്നറിയാന്‍ മുസ്‌ലിം സംഘടനകളുടെ ഭാഗത്ത് നിന്ന് ഗൗരവപൂര്‍വകമായ ഗവേഷണ പഠനങ്ങള്‍ വല്ലതും നടത്തിയിട്ടുണ്ടോ? ഇതുവരെയൊന്നും പുറത്ത് വന്നതായി കേട്ടിട്ടില്ല. മുസ്‌ലിംകളുടെ ഈ നിരുത്തരവാദിത്വത്തില്‍ നിന്ന് മുതലെടുത്തുകൊണ്ടാണ് കേരളത്തില്‍ ഭൂരിപക്ഷ വാദം മുന്നേറാന്‍ ശ്രമിക്കുന്നത്. കേരളം പോലെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് ആഴത്തില്‍ വേരോട്ടമുള്ള ഒരു സംസ്ഥാനത്ത്, ബീഫിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടത്തി ഹൈന്ദവ സമൂഹത്തിനിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാവുമെന്ന് സംഘ്പരിവാര്‍ രാഷ്ട്രീയം വ്യാമോഹിക്കുമെന്ന് കരുതാനാകില്ല. മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനവിനെയും സാമ്പത്തിക കുതിപ്പിനെയും രാഷ്ട്രീയ സ്വാധീനത്തെയും പെരുപ്പിച്ചുകാട്ടിയും മതാദര്‍ശങ്ങളെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയും കേരള സമൂഹത്തിലും പൊതുബോധത്തിലും മുസ്‌ലിംകളെ “വെട്ടിപ്പിടുത്തക്കാരാ”യി വരച്ചുകാട്ടാനാണ് ശ്രമം. അതുവഴി ഹൈന്ദവ സമൂഹത്തെ ഭൂരിപക്ഷവാദത്തിനനുകൂലമായി ചിന്തിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ മതതത്വങ്ങളുടെ മഹത്വം പറഞ്ഞതുകൊണ്ട് മാത്രമാകില്ല. ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഗുണഭോക്താവ് മാത്രമല്ല, അതിന്റെ സംരക്ഷകര്‍ കൂടിയാണ് മുസ്‌ലിംകള്‍ എന്ന ബോധം സ്വയം ആര്‍ജിക്കുകയും ഇതര സമൂഹങ്ങളെ അത് അടിക്കടി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും വേണം.

Latest