കോഴി വളര്‍ത്താന്‍ സര്‍ക്കാര്‍ കുടുംബശ്രീയെ രംഗത്തിറക്കുന്നു

Posted on: July 15, 2017 9:03 am | Last updated: July 14, 2017 at 11:07 pm
SHARE

പാലക്കാട്: ഇറച്ചിക്കോഴി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീകള്‍ വഴി കോഴി വളര്‍ത്തലും വില്‍പനയും ആരംഭിക്കുന്നു. നിലവില്‍ ഈ രംഗത്തെ കുത്തകക്കാരായ തമിഴ്‌നാട്ടിലെ വ്യാപാരികളുടെ ആധിപത്യം തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം.
രാജ്യത്തെ വന്‍കിട ബ്രോയിലര്‍ ഏജന്‍സിയില്‍ നിന്ന് മുട്ടകള്‍ വാങ്ങി വെറ്ററിനറി സര്‍വകലാശാലയിലേതുള്‍പ്പെടെയുള്ള 20 ഹാച്ചറികളില്‍ വിരിയിച്ചു കുടുംബശ്രീക്കു കൈമാറാനാണ് പരിപാടി. ഓണത്തിന് സംസ്ഥാനത്ത് വളര്‍ത്തിയ കോഴികള്‍ വിപണിയില്‍ എത്തിക്കാനാണു ശ്രമം. മന്ത്രിമാരായ ടി എം തോമസ് ഐസക്, കെ രാജു എന്നിവരുടെ സാന്നിധ്യത്തില്‍ കെപ്‌കോ, കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ് മേധാവികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പദ്ധതിക്ക് അന്തിമ രൂപമാകും.

ഒരു കുടുംബശ്രീ യൂനിറ്റിന് 1,000 കോഴിക്കുഞ്ഞുങ്ങള്‍ എന്ന നിലയില്‍ 5,000 യൂനിറ്റുകള്‍ വഴി രണ്ട് മാസത്തിനുള്ളില്‍ 50 ലക്ഷം കോഴികളെ വളര്‍ത്തിയെടുക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 1,000 കുഞ്ഞുങ്ങളെ വീതം 500 യൂനിറ്റുകള്‍ക്ക് നല്‍കും. മുട്ട 21 ദിവസത്തിനകം വിരിയും. 40 ദിവസം വളര്‍ച്ചയായ കോഴികളെ വിപണിയില്‍ എത്തിക്കാം. മുട്ട വാങ്ങാന്‍ ആദ്യ ഘട്ടത്തില്‍ അഞ്ച് കോടി രൂപ അനുവദിക്കും. കെപ്‌കോ, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, വയനാട്ടിലെ ബ്രഹ്മഗിരി ഡെയറി ഫാം എന്നിവ മുഖേന ഘട്ടം ഘട്ടമായി വില്‍പന കേന്ദ്രങ്ങള്‍ ആരംഭിക്കും. കോഴിത്തീറ്റ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നു നല്‍കും. വെറ്ററിനറി സര്‍വകലാശാല മുഖേന കൂടുതല്‍ തീറ്റ ഉത്പാദിപ്പിക്കാനുമാണ് പദ്ധതി.

 

LEAVE A REPLY

Please enter your comment!
Please enter your name here