മൂന്നാറിലെ നാല് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റവന്യൂ മന്ത്രി മരവിപ്പിച്ചു

Posted on: July 14, 2017 1:40 pm | Last updated: July 14, 2017 at 4:40 pm

തിരുവനന്തപുരം: കൈയേറ്റമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ക്വാഡിലെ നാല് പേരെ സ്ഥലം മാറ്റിയ നടപടി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മരവിപ്പിച്ചു. ഇത് സംബന്ധിച്ച് മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് മുമ്പില്‍നിന്ന ഹെഡ് ക്ലാര്‍ക്ക് ജി ബാലചന്ദ്രപിള്ള, ക്ലാര്‍ക്കുമാരായ പികെ സോമന്‍, പികെ സിജു, സര്‍വേയര്‍ എ ആര്‍ ഷിജു എന്നിവരെയാണ് സ്ഥലം മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സ്‌ക്വാഡിലെ മറ്റു നാല് പേര്‍ക്കെതിരെ നടപടിയെടുത്തത്.

കൈയേറ്റമൊഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ ഒരാഴ്ച മുമ്പ് തൊടുപുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു.